കൊച്ചി: ആകാശ നീലിമയും കടന്ന് മൂന്നര ലക്ഷത്തിലേറെ കിലോമീറ്റര്‍ മുകളിലെത്തി ചന്ദ്രനെ തൊട്ട ഇന്ത്യ ഇനി കടലാഴങ്ങളിലേക്ക്. കടലിനടിയിലെ അമൂല്യ ധാതുശേഖരം കണ്ടെത്തുകയാണ് ലക്ഷ്യം.
മൂന്നു പേരുമായി അടുത്ത വര്‍ഷം ആദ്യം 'മത്സ്യ 6000' പേടകം ബംഗാള്‍ ഉള്‍ക്കടലില്‍ ഊളിയിടും. ചെന്നൈ പുറംകടലില്‍ നിന്നാണ് സാഹസിക യാത്ര.
സമുദ്രയാന്‍ എന്നാണ് ദൗത്യത്തിന്റെ പേര്. 6000 മീറ്റര്‍ ആഴമാണ് ലക്ഷ്യമെങ്കിലും ആദ്യയാത്ര 600 മീറ്റര്‍ വരെ മാത്രമാണ്. 2026 ല്‍ 6000 മീറ്റര്‍ അടിത്തട്ടില്‍ ഗവേഷകര്‍ എത്തും. ആളില്ലാ പേടകം 2021 ഒക്ടോബറില്‍ 600 മീറ്റര്‍ വരെ വിജയകരമായി സഞ്ചരിച്ചിരുന്നു.
2018 ലാണ് സമുദ്രയാന്‍ പദ്ധതി ആരംഭിക്കുന്നത്. ചെന്നൈ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ഓഷ്യന്‍ ടെക്‌നോളജിയാണ് അമരക്കാര്‍. ഐഎസ്ആര്‍ഒയാണ് സമുദ്രാന്തര്‍ ഭാഗത്ത് ജലത്തിന്റെ അതിസമ്മര്‍ദ്ദത്തെ അതിജീവിക്കുന്ന പേടകവും നിര്‍മ്മിച്ചത്.
രണ്ട് ഗവേഷകരും ഒരു ഓപ്പറേറ്ററുമാണ് ചെന്നൈയില്‍ നിന്ന് പുറപ്പെടുന്നത്. ഭൗമശാസ്ത്ര വകുപ്പ് മന്ത്രി കിരണ്‍ റിജിജു ഇന്നലെ പേടകത്തില്‍ കയറി ദൗത്യം വിലയിരുത്തി.
റഷ്യ, അമേരിക്ക, ഫ്രാന്‍സ്, ചൈന, ജപ്പാന്‍ എന്നീ രാജ്യങ്ങളാണ് സമുദ്രാടിത്തട്ടിലെ ഗവേഷണത്തിനായി മുമ്പ് മനുഷ്യരെ കയറ്റാവുന്ന പേടകങ്ങള്‍ നിര്‍മ്മിച്ചിട്ടുള്ളത്. 'മത്സ്യ'യുടെ നിര്‍മ്മാണം പൂര്‍ണമായും തദ്ദേശീയമാണ്.
സമുദ്രോഉപരിതലത്തേക്കാള്‍ 600 മടങ്ങ് മര്‍ദ്ദം 6000 മീറ്റര്‍ താഴെയുണ്ടാകും. ഇത് താങ്ങാന്‍ 80 എം.എം കനത്തില്‍ ടൈറ്റാനിയം ലോഹ സംയുക്തം കൊണ്ട് നിര്‍മ്മിച്ചതാണ് പേടകം. ജലമര്‍ദ്ദം തുലനം ചെയ്യാന്‍ ഗോളാകൃതിയാണ്. മൂന്നു പേര്‍ക്ക് ഇരിക്കാം.
പ്രത്യേകം രൂപകല്പന ചെയ്ത കപ്പലില്‍ നിന്നാണ് പേടകത്തെ നിയന്ത്രിക്കുന്നത്. ഇതില്‍ ഘടിപ്പിച്ചാണ് ആഴക്കടലിലേക്ക് ഇറക്കി വിടുന്നത്. ശബ്ദവീചികളിലൂടെയാകും ആശയ വിനിമയം.
പന്ത്രണ്ട് മുതല്‍ പതിനാറ് മണിക്കൂര്‍ വരെ കടലിനടിയില്‍ കഴിയാം. എന്നാല്‍ 96 മണിക്കൂറിലേക്കുള്ള ഓക്‌സിജന്‍ ശേഖരവുമുണ്ടാകും. അടിയന്തര സാഹചര്യമുണ്ടായാല്‍ യാത്രികരുടെ സുരക്ഷയ്ക്കാണ് ഇത്രയും ഓക്‌സിജന്‍ കരുതുന്നത്.
ഇലക്ട്രോണിക് സാമഗ്രികള്‍, സ്മാര്‍ട്ട് ഫോണ്‍, ബാറ്ററികള്‍, സോളാര്‍ പാനല്‍ തുടങ്ങിയവയ്ക്ക് ഉപയോഗിക്കുന്ന കൊബാള്‍ട്ട്, നിക്കല്‍, മാംഗനീസ്, കോപ്പര്‍, അയണ്‍ ഹൈഡ്രോക്‌സൈസ് തുടങ്ങിയ ധാതുക്കള്‍ കണ്ടെത്തി ഖനനം ചെയ്യുക എന്നതാണ് സമുദ്രയാന്‍ പദ്ധതികൊണ്ട് ഇന്ത്യ ലക്ഷമിടുന്നത്. അഞ്ച് വര്‍ഷത്തെ പര്യവേഷണത്തിന് 4077 കോടി രൂപയാണ് ചെലവ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.