സിറിയയിൽ അക്രമം രൂക്ഷം; ഇസ്ലാമിക സർക്കാരിന് തങ്ങളെയോ ഡ്രൂസിനെയോ സംരക്ഷിക്കാൻ കഴിയില്ലെന്ന് സിറിയയിലെ ക്രൈസ്തവ നേതാക്കൾ

സിറിയയിൽ അക്രമം രൂക്ഷം; ഇസ്ലാമിക സർക്കാരിന് തങ്ങളെയോ ഡ്രൂസിനെയോ സംരക്ഷിക്കാൻ കഴിയില്ലെന്ന് സിറിയയിലെ ക്രൈസ്തവ നേതാക്കൾ

ദമാസ്ക്കസ്: സിറിയയിൽ 14 വർഷത്തോളം നീണ്ട ആഭ്യന്തര യുദ്ധം പുതിയൊരു വഴിത്തിരിവിലേക്ക് കടക്കുമ്പോൾ ജീവനും നിലനിൽപ്പിനും ഭീഷണിയുണ്ടെന്ന് സിറിയയിലെ ക്രിസ്ത്യൻ നേതാക്കൾ. അഹമ്മദ് അൽ-ഷറയുടെ നേതൃത്വത്തിലുള്ള ഇസ്ലാമിക സർക്കാരിന് തങ്ങളെയോ സുവൈദ പ്രവിശ്യയിൽ സർക്കാർ സേനയ്ക്കെതിരെ പോരാടുന്ന ഡ്രൂസ് ഗോത്ര വിഭാഗത്തെയോ സംരക്ഷിക്കാൻ സാധിക്കില്ലെന്ന്ന്ന് സിറിയയിലെ ക്രിസ്ത്യൻ നേതാക്കൾ പറഞ്ഞു.

സ്വീഡയിൽ 1000ത്തിലധകം ആളുകൾക്ക് ജീവൻ നഷ്ടമായ കൂട്ടക്കൊലകളിലേക്ക് അന്താരാഷ്ട്ര ശ്രദ്ധ ആകർഷിക്കണമെന്ന് സ്വീഡയിലെ ഗ്രീക്ക് കത്തോലിക്കാ വൈദികൻ ഫാ. ടോണി ബുട്രോസ് വീഡിയോ സന്ദേശത്തിലൂടെ പറഞ്ഞു. "ഞങ്ങൾ ന്യൂനപക്ഷങ്ങളല്ല, ഞങ്ങൾ സിറിയയുടെ ഭാഗമാണ്, നൂറു കണക്കിന് വർഷങ്ങളായി ഇവിടെ താമസിക്കുന്നു. ഞങ്ങൾ ഈ നാട്ടിലെ ജനങ്ങളാണ്. ഞങ്ങളും ഞങ്ങളുടെ ഡ്രൂസ് സഹോദരന്മാരും ഇവിടെ ഒരുമിച്ച് താമസിക്കുന്നു- "ഫാദർ ബ്യൂട്രോസ് പറഞ്ഞു.

സ്വീഡയ്ക്കും ഈ പ്രദേശത്തിനും ഡ്രൂസ് സഹോദരന്മാർക്കും വേണ്ടി അന്താരാഷ്ട്ര സംരക്ഷണം നൽകണമെന്ന് ഞങ്ങൾ അമേരിക്കയോടും, യൂറോപ്പിനോടും വത്തിക്കാനോടും മുഴുവൻ ലോകത്തോടും അഭ്യർത്ഥിക്കുന്നെന്നും പുരോഹിതൻ കൂട്ടിച്ചേർത്തു.

നിരവധി നാശനഷ്ടങ്ങളാണ് ക്രൈസ്തവർക്ക് നേരെ സിറിയയിൽ അനുദിനം ഉണ്ടാകുന്നത്. അൽ-സുരയിലെ സെന്റ് മൈക്കിളിന്റെ ഗ്രീക്ക് മെൽക്കൈറ്റ് പള്ളി ഉൾപ്പെടെ നിരവധി ദേവാലയങ്ങൾക്ക് തീയിട്ടു. 38 ക്രിസ്ത്യൻ വീടുകൾ അഗ്നിക്കിരയായി. നിരവധി കുടുംബങ്ങൾ ഭവനരഹിതരായി.

വീടുകൾ കത്തിനശിച്ചവർ ഷോർബയിലെ മെൽക്കൈറ്റ് ഇടവകയിലും കപ്പൂച്ചിൻ ഫ്രാൻസിസ്കൻ പള്ളിയിലും അഭയം തേടി. സ്വീഡയിലെ ഗ്രീക്ക് ഓർത്തഡോക്സ് അതിരൂപതയിലും വെള്ളമോ, ഭക്ഷണമോ, വൈദ്യുതിയോ ഇല്ലാതെ നൂറുകണക്കിന് ക്രിസ്ത്യാനികൾ ഇപ്പോഴും കഴിയുന്നുണ്ട്.

ഇസ്ലാമിക തീവ്രവാദികൾ കുട്ടികൾ ഉൾപ്പെടെ കുടുംബത്തിലെ 12 പേരെ കൊലപ്പെടുത്തിയെന്നും വീട് തീയിട്ട് നശിപ്പിച്ചെന്നും ഡ്രൂസ് വംശജനും ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്തതുമായ പാസ്റ്റർ ഖാലിദ് മെഷർ പറഞ്ഞു.

ബഷർ അൽ-അസദിന്റെ ഭരണകൂടത്തെ അട്ടിമറിച്ചതിന് ശേഷം സിറിയയുടെ പുതിയ ഭരണാധികാരി ആയ അഹമ്മദ് അൽ ഷറ എല്ലാ സായുധ വിഭാഗങ്ങളെയും പിരിച്ചുവിട്ട് ദേശീയ സൈന്യത്തിൽ ലയിപ്പിക്കാൻ ആവശ്യപ്പെട്ടതോടെയാണ് സിറിയയിൽ സ്ഥിതിഗതികൾ വഷളായത്. ഇത് ഡ്രൂസ് വിഭാഗവും സർക്കാർ സേനയും തമ്മിൽ വലിയ സംഘർഷങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ഇസ്രയേൽ ഡ്രൂസ് വിഭാഗത്തിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു.


1 വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.