'തങ്ങളെക്കൊണ്ട് വായ തുറപ്പിക്കരുത്; രാഷ്ട്രീയ പോരാട്ടത്തില്‍ എന്തിനാണ് നിങ്ങളുടെ ഇടപെടല്‍'; ഇ.ഡിക്ക് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം

 'തങ്ങളെക്കൊണ്ട് വായ തുറപ്പിക്കരുത്; രാഷ്ട്രീയ പോരാട്ടത്തില്‍ എന്തിനാണ് നിങ്ങളുടെ ഇടപെടല്‍'; ഇ.ഡിക്ക് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം

ന്യൂഡല്‍ഹി: രാഷ്ട്രീയ പ്രാധാന്യമുള്ള കേസുകളില്‍ കേന്ദ്ര ഏജന്‍സിയായ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) സാന്നിധ്യത്തെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി.

മുഡാ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഭാര്യക്കെതിരായ കേസ് റദ്ദാക്കിയ കര്‍ണാടക ഹൈക്കോടതിയുടെ തീരുമാനം ശരിവച്ച സുപ്രീം കോടതി കടുത്ത വിമര്‍ശനമാണ് ഇ.ഡിക്കെതിരെ നടത്തിയത്.

രാഷ്ട്രീയമായി സെന്‍സിറ്റീവായ കേസുകളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ ആയുധമാക്കുന്നു എന്ന പരാമര്‍ശമാണ് ചീഫ് ജസ്റ്റിസ് ബി.ആര്‍ ഗവായി ഉള്‍പ്പെട്ട ബെഞ്ച് ഉയര്‍ത്തിയത്. രാഷ്ട്രീയ പോരാട്ടങ്ങള്‍ വോട്ടര്‍മാര്‍ക്ക് മുന്നില്‍ മതി. രാഷ്ട്രീയ യുദ്ധങ്ങള്‍ക്ക് എന്തിനാണ് ഇ.ഡിയെ ഉപയോഗിക്കുന്നത്.

ദയവായി തങ്ങളെക്കൊണ്ട് വായ തുറപ്പിക്കരുത്. ഈ വിഷയത്തില്‍ കൂടുതല്‍ കടുത്ത പരാമര്‍ശങ്ങള്‍ക്ക് തങ്ങളെ നിര്‍ബന്ധിക്കരുത് എന്നും സുപ്രീം കോടതി വ്യക്തമാക്കി. ഇ.ഡിക്ക് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ്.വി രാജുവിനോടായിരുന്നു സുപ്രീം കോടതി നിലപാട് അറിയിച്ചത്.

'എനിക്ക് മഹാരാഷ്ട്രയിലെ ചില സംഭവങ്ങളെ കുറിച്ചറിയാം. രാജ്യത്തുടനീളം ഇത്തരം നീക്കങ്ങള്‍ തുടരരുത്. രാഷ്ട്രീയമായ ചര്‍ച്ചകള്‍ നടക്കട്ടെ, അതില്‍ ഇ.ഡിയെ ആയുധമാക്കേണ്ടതില്ല'- കോടതി നടപടിക്രമങ്ങള്‍ക്കിടെ ചീഫ് ജസ്റ്റിസ് പറഞ്ഞു.

പിന്നാലെ കേസ് റദ്ദാക്കാനുള്ള കര്‍ണാടക ഹൈക്കോടതിയുടെ തീരുമാനം ശരിവച്ച് കോടതി ഇ.ഡിയുടെ അപ്പീല്‍ തള്ളുകയും ചെയ്തു. കഴിഞ്ഞ ദിവസം മദ്രാസ് ഹൈക്കോടതിയും ഇ.ഡിയുടെ നടപടികള്‍ക്ക് എതിരെ രംഗത്തെത്തിയിരുന്നു. ഇ ഡി സൂപ്പര്‍ പോലീസ് അല്ലെന്നും എല്ലാ വിഷയങ്ങളിലും കയറി ഇടപെടേണ്ടതില്ലെന്നുമായിരുന്നു മദ്രാസ് ഹൈക്കോടതിയുടെ നിര്‍ദേശം.

മുന്നിലുള്ള എല്ലാം അന്വേഷിക്കാന്‍ ഇ.ഡി സൂപ്പര്‍ പൊലീസല്ല. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമുള്ള ക്രിമിനല്‍ പ്രവര്‍ത്തനം, അതുമായി ബന്ധപ്പെട്ട് സ്വത്ത് സമ്പാദനം തുടങ്ങിയ വിഷയങ്ങള്‍ മാത്രമേ ഇ.ഡിയുടെ അധികാര പരിധിയില്‍ വരികയുള്ളു എന്നുമായിരുന്നു മദ്രാസ് ഹൈക്കോടതിയുടെ പരാമര്‍ശം.



1 വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.