ആലപ്പുഴ: വി.എസ് എന്ന വിപ്ലവ ചെന്താരകത്തിന് യാത്രാ മൊഴിയേകി രാഷ്ട്രീയ കേരളം. പുന്നപ്രയിലെ വേലിക്കകത്ത് വീട്ടിലെയും സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലെയും പൊതുദര്‍ശനത്തിന് ശേഷം മൃതദേഹം ബീച്ച് റിക്രീയേഷന്‍ ഗ്രൗണ്ടില്‍ പൊതുദര്‍ശനത്തിന് എത്തിച്ചു.
അനീതിയോട് ഒരിക്കലും സമരസപ്പെടാത്ത സമര സഖാവിനെ അവസാനമായി കാണാന്‍ ജനസാഗരം ഇരമ്പിയെത്തിയതോടെ മുന്‍കൂട്ടി നിശ്ചയിച്ചതിലും ഏറെ വൈകിയാണ് എല്ലായിടങ്ങളിലും പൊതുദര്‍ശനം പൂര്‍ത്തിയാക്കാനായത്.
പുന്നപ്രയിലെ വീട്ടില്‍ പ്രതീക്ഷിച്ചതിലും കൂടുതല്‍ സമയം മൃതദേഹം പൊതുദര്‍ശനത്തിന് വച്ചെങ്കിലും പലര്‍ക്കും തങ്ങളുടെ പ്രിയ നേതാവിനെ കാണാനായില്ല. പിന്നീട് അവരില്‍ നിരവധി പേര്‍ സിപിഎം ജില്ലാക്കമ്മിറ്റി ഒഫീസിലേക്ക് ഇരമ്പിയെത്തിയതോടെ തിക്കും തിരക്കുമായി. അതോടെ അവിടെയും പലര്‍ക്കും വി.എസിനെ കാണാന്‍ സാധിച്ചില്ല.
ഇപ്പോള്‍ ബീച്ച് റിക്രിയേഷന്‍ ഗ്രൗണ്ടിലും വലിയ ജനത്തിരക്കാണ് അനുഭവപ്പെടുന്നത്. പൊതുദര്‍ശനം പൂര്‍ത്തിയാക്കി വൈകുന്നേരം അറ് മണിയോടെ വലിയ ചുടുകാട്ടില്‍ സംസ്‌കാരം നടത്താനായിരുന്നു നേരത്തേ തീരുമാനം.
എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ സംസ്‌കാരം വൈകും. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ തിരുവനന്തപുരത്തു നിന്ന് ആരംഭിച്ച വിലാപയാത്ര 22 മണിക്കൂറെടുത്താണ് പുന്നപ്രയിലെ വീട്ടിലെത്തിയത്. വഴിയിലുടനീളം ആയിരങ്ങളാണ് വി.എസിന് അന്ത്യാഞ്ജലി അര്‍പ്പിക്കാനായി എത്തിയിരുന്നത്.
ബീച്ച് റിക്രീയേഷന്‍ ഗ്രൗണ്ടിലെ പൊതുദര്‍ശന വേദിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, സിപിഎം ജനറല്‍ സെക്രട്ടറി എം.എ. ബേബി, മന്ത്രിമാര്‍, എംഎല്‍എമാര്‍, വിവിധ രാഷ്ട്രീയ നേതാക്കള്‍ തുടങ്ങിയവരെത്തി ആദരാഞ്ജലി അര്‍പ്പിച്ചു.
1
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.