സോള്‍: ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന്റെ റഷ്യ സന്ദര്‍ശനം പോലെ തന്നെ വാര്‍ത്തകളില്‍ ഇടം നേടുകയാണ് അദേഹത്തിന്റെ ട്രെയിന്‍ യാത്രയും ട്രെയിനിലെ ആഡംബരവും.
ലോകത്തെ പ്രമുഖ നേതാക്കളുടെ യാത്രകളിലെ സുഖസൗകര്യങ്ങളെക്കുറിച്ച് പറയുമ്പോള്‍ ആദ്യം പരാമര്‍ശിക്കപ്പെടുന്നത് അമേരിക്കന്‍ പ്രസിഡന്റിന്റെ എയര്‍ ഫോഴ്‌സ് വണ്‍ വിമാനവും ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ആര്‍എഎഫ് ജെറ്റുമൊക്കെയാണ്. എന്നാല്‍ ലോക നേതാക്കളെല്ലാം ആകാശത്തുകൂടി പറക്കുമ്പോള്‍ കിം ഭൂമിയിലൂടെ മാത്രം സഞ്ചരിക്കുന്നു. അതിനായി അദേഹം തിരഞ്ഞെടുക്കുന്നത് ട്രെയിനുകളെയാണ്.
കിം ജോങ് ഉന്നിന്റെ പിതാവ് കിം ജോങ് ഇല്ലും യാത്രകള്‍ക്കായി ട്രെയിനുകളെയാണ് കൂടുതല്‍ ആശ്രയിച്ചത്. പരിശീലന പറക്കലിനിടെ ഒരു വിമാനം കണ്‍മുന്നില്‍ വച്ച് പൊട്ടിത്തെറിച്ചതോടെ അദേഹം വിമാന യാത്രകള്‍ ഭയന്നിരുന്നു. പിതാവിനെപ്പോലെ കിമ്മിനും വിമാന യാത്ര ഭയമാണോ എന്ന തരത്തിലുള്ള ചര്‍ച്ചകള്‍ ഉയര്‍ന്നിരുന്നു.
എന്നാല്‍ ഇതേ കുറിച്ച് അദേഹം എവിടെയും പ്രതികരിച്ചിട്ടില്ല. എന്നാല്‍ 2018 ല്‍ അന്നത്തെ അമേരിക്കന്‍ പ്രസിഡന്റായ ഡൊണാള്‍ഡ് ട്രംപുമായുള്ള കൂടിക്കാഴ്ചയ്ക്ക് സിംഗപ്പൂരിലേക്കും അതേ വര്‍ഷം ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങുമായുള്ള കൂടിക്കാഴ്ചയ്ക്ക് ചൈനയിലേക്കും കിം വിമാനത്തിലായിരുന്നു എത്തിയത്.
ദിവസങ്ങള്‍ നീളുന്ന യാത്രയാണെങ്കിലും കിം ട്രെയിനിനെയാണ് കൂടുതല്‍ ആശ്രയിക്കാറുള്ളത്. ഇപ്പോഴിതാ റഷ്യ സന്ദര്‍ശനത്തിനും അദ്ദേഹം ട്രെയിന്‍ തിരഞ്ഞെടുത്തതോടെ ട്രെയിനിന്റെ പ്രത്യേകളെ കുറിച്ചാണ് വിദേശ മാധ്യമങ്ങളില്‍ അടക്കം ചര്‍ച്ച ചെയ്യുന്നത്.
അതീവ സുരക്ഷാ സംവിധാനങ്ങളുള്ള ട്രെയിനില്‍ ആഡംബരത്തിന് ഒരു കുറവും വരുത്തിയിട്ടില്ല. ലോകത്തെ വമ്പന്‍ രാജ്യങ്ങളിലെ ബുള്ളറ്റ് ട്രെയിനുകള്‍ മണിക്കൂറില്‍ 200 മുതല്‍ 300 കിലോ മീറ്റര്‍ വരെ വേഗത കൈവരിക്കുമ്പോള്‍ കിമ്മിന്റെ ട്രെയിന്‍ വെറും 60 കിലോ മീറ്റര്‍ വേഗതയില്‍ മാത്രമാണ് സഞ്ചരിക്കുക.
പച്ച നിറത്തിലുള്ള ഈ ട്രെയിനില്‍ 100 ല്‍ കൂടുതല്‍ സുരക്ഷ ഉദ്യോഗസ്ഥരുടെ അകമ്പടിയിലാണ് കിം യാത്ര ചെയ്യുന്നത്. അത്യാവശ്യ ഘട്ടങ്ങളില്‍ സൈനിക വിമാനങ്ങളും ഹെലികോപ്ടറുകളും ആകാശത്ത് വട്ടമിട്ട് പറക്കും. ട്രെയിനില്‍ മുഴുവന്‍ ബുള്ളറ്റ് പ്രൂഫ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ലെതറില്‍ നിര്‍മ്മിച്ച സോഫ സെറ്റുകള്‍, കോണ്‍ഫറന്‍സ് ഹാളുകള്‍ അടക്കമുള്ള സംവിധാനങ്ങള്‍ ട്രെയിനിലുണ്ട്. യാത്രയിലെ മടുപ്പ് മാറ്റാന്‍ കിമ്മിനായി വിനോദ പരിപാടികളും സജ്ജീകരിച്ചിട്ടുണ്ട്. മടുപ്പ് തോന്നുന്ന സമയങ്ങള്‍ ആനന്ദകരമാക്കാന്‍ യുവതികള്‍ അടങ്ങുന്ന നര്‍ത്തക സംഘം ട്രെയിനിലുണ്ട്. ഇവരെ ലേഡി കണ്ടക്ടര്‍മാര്‍ എന്നാണ് വിളിക്കുന്നത്.
എന്തിനും തയ്യാറായി ഇവര്‍ എപ്പോഴും കിമ്മിന്റെ കൂടെയുണ്ടാകും. കൂടാതെ റഷ്യന്‍, ചൈനീസ്, ജാപ്പനീസ്, ഫ്രഞ്ച് ഭക്ഷണങ്ങള്‍ക്കായി പ്രത്യേക ഷെഫുമാരുടെ സംഘവും ട്രെയിനിലുണ്ട്.
കിമ്മിന്റെ ട്രെയിനിനെ കൂടാതെ സുരക്ഷയ്ക്കായി മറ്റ് രണ്ട് ട്രെയിനുകള്‍ കൂടിയുണ്ട്. ആദ്യത്തെ ട്രെയിന്‍ മുമ്പില്‍ സഞ്ചരിച്ച് ട്രാക്കുകളുടെ സുരക്ഷ അടക്കം പരിശോധിക്കും. ആവശ്യമുള്ള സുരക്ഷ ജീവനക്കാരെയും വഹിച്ച് രണ്ടാമത്തെ ട്രെയിന്‍ പിന്നാലെ വരും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.