മലയാളി യുവാവ് ഹൂസ്റ്റണില്‍ കാറപകടത്തില്‍ മരിച്ചു; പരിക്കുകളോടെ സഹോദരന്‍ ആശുപത്രിയില്‍

മലയാളി യുവാവ് ഹൂസ്റ്റണില്‍ കാറപകടത്തില്‍ മരിച്ചു; പരിക്കുകളോടെ സഹോദരന്‍ ആശുപത്രിയില്‍

ഹൂസ്റ്റണ്‍: ഹൂസ്റ്റണിലുണ്ടായ കാര്‍ അപകടത്തില്‍ മലയാളി യുവാവ് മരിച്ചു. തിരുവല്ല സ്വദേശികളായ ജോര്‍ജ് ഏബ്രഹാമിന്റെയും ശോശാമ്മ ജോര്‍ജിന്റെയും മകന്‍ സിസില്‍ ജോര്‍ജ് (43) ആണ് മരിച്ചത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് അമേരിക്കയിലെ ഹൂസ്റ്റണിലേക്ക് കുടിയേറിയതാണ് കുടുംബം.

ഞായറാഴ്ച രാവിലെ 6.30 ഓടെ സ്റ്റാഫോര്‍ഡ് സിറ്റിയിലെ മര്‍ഫി റോഡ് ഹൈവേ 90 യില്‍ വെച്ചായിരുന്നു അപകടം. സിസില്‍ ഓടിച്ചിരുന്ന കാറിന്റെ പിന്നില്‍ മറ്റൊരു കാര്‍ വന്ന് ഇടിക്കുകയായിരുന്നു. സിസില്‍ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. ഒപ്പമുണ്ടായിരുന്ന സഹോദരന്‍ സിറിള്‍ ജോര്‍ജിന് പരിക്കേറ്റു.

ബോധരഹിതനായ സിറിളിനെ പൊലീസ് എത്തിയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പ്രഭാത ഭക്ഷണം വാങ്ങാന്‍ വാട്ടര്‍ ബര്‍ഗറില്‍ പോയി വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. ഇടിച്ച വാഹനത്തിന്റെ ഡ്രൈവര്‍ തകര്‍ന്ന വാഹനം ഉപേക്ഷിച്ച് രക്ഷപ്പെട്ടു.

പിന്നീട് രജിസ്ട്രേഷന്‍ വിവരങ്ങള്‍ പ്രകാരം പൊലീസ് ഉടമയെ കണ്ടെത്തിയെങ്കിലും വാഹനം ആരോ മോഷ്ടിച്ചുകൊണ്ടു പോയി എന്നാണ് ഇയാള്‍ അറിയിച്ചത്. യാഥാര്‍ത്ഥ്യം കണ്ടെത്തുന്നതിനായി പൊലീസ് ഇയാളെ ചോദ്യം ചെയ്തു വരികയാണ്.

ഏബ്രഹാം ആന്റ് കമ്പനി എന്ന പേരില്‍ ടെക്സാസില്‍ വര്‍ഷങ്ങളായി റിയല്‍ എസ്റ്റേറ്റ് ബിസിനസ് നടത്തിവരികയാണ് ഏബ്രഹാമും മക്കളും. മരിച്ച സിസിലിന്റെ സംസ്‌കാരം വെള്ളിയാഴ്ച നടത്തുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.