നിപ: തമിഴ്നാടിന് പിന്നാലെ മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കി കര്‍ണാടകയും; അതിര്‍ത്തികളില്‍ പരിശോധന കര്‍ശനമാക്കി

നിപ: തമിഴ്നാടിന് പിന്നാലെ മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കി കര്‍ണാടകയും; അതിര്‍ത്തികളില്‍ പരിശോധന കര്‍ശനമാക്കി

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും നിപ വൈറസ് സ്ഥിരീകരിച്ചതോടെ പ്രത്യേക മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കി കര്‍ണാടക സര്‍ക്കാര്‍. അതിര്‍ത്തി ജില്ലകളില്‍ നിരീക്ഷണം ശക്തമാക്കി. കേരളവുമായി അതിര്‍ത്തി പങ്കിടുന്ന ചാമരാജനഗര്‍, മൈസൂരു, കുടക്, ദക്ഷിണ കന്നഡ ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കേരളത്തില്‍ നിന്ന് എത്തുന്ന യാത്രക്കാരുടെ താപനില പരിശോധിക്കും. രോഗ ലക്ഷണങ്ങളുണ്ടെങ്കില്‍ സാംപിളുകള്‍ പരിശോധനയ്ക്ക് അയയ്ക്കും. കര്‍ണാടകയിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകള്‍, ജില്ലാ, താലൂക്ക് ആശുപത്രികള്‍ എന്നിവിടങ്ങളില്‍ ഐസോലേഷന്‍ വാര്‍ഡുകള്‍ തുറന്നു.

നിപ്പ രോഗലക്ഷണങ്ങളുള്ളവര്‍ക്ക് 10 കിടക്കകളാണ് മാറ്റിവച്ചിരിക്കുന്നത്. ഓക്‌സിജന്‍ സിലിണ്ടറുകളുടെ കരുതല്‍ ശേഖരം ഉറപ്പ് വരുത്താനും ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി.കെ അനില്‍കുമാറിന്റെ ഉത്തരവില്‍ പറയുന്നു. നിയന്ത്രണങ്ങളുണ്ടെങ്കിലും ചരക്ക് ഗതാഗതം സുഗമമായി നടക്കുന്നുണ്ട്.

നിപ ബാധിത മേഖലയിലേയ്ക്കുള്ള യാത്രകള്‍ ഒഴിവാക്കണമെന്ന് നിര്‍ദേശമുണ്ട്. കേരളത്തില്‍ നിന്നുള്ള യാത്രകള്‍ക്ക് നിലവില്‍ വിലക്കില്ല. കര്‍ണാടക കുടുംബ-ആരോഗ്യ ക്ഷേമ ആയുഷ് സേവന കമ്മിഷണറേറ്റാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

അതേസമയം കഴിഞ്ഞ ദിവസം കേരളവുമായി അതിര്‍ത്തി പങ്കിടുന്ന എല്ലാ ജില്ലകളിലും ശക്തമായ നിരീക്ഷണം നടത്താന്‍ തമിഴ്നാട് ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ചിരുന്നു. ഏത് തരം പകര്‍ച്ച വ്യാധിയും ഉടനെ റിപ്പോര്‍ട്ട് ചെയ്യണമെന്ന് തമിഴ്നാട്ടിലെ ആരോഗ്യ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍, തദ്ദേശ സ്ഥാപന മേധാവികള്‍ എന്നിവരോട് സര്‍ക്കാര്‍ നിര്‍ദേശിച്ചു. സംസ്ഥാന അതിര്‍ത്തികളില്‍ കര്‍ശന പരിശോധന തുടരുകയാണ്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.