ബംഗളൂരു: ചന്ദ്രയാന്‍-3ന്റെ ലാന്‍ഡര്‍ ഇറങ്ങിയ ചന്ദ്രോപരിതലത്തിന്റെ ചിത്രം പകര്‍ത്തി ദക്ഷിണ കൊറിയയുടെ ചാന്ദ്രാ ദൗത്യ ഉപഗ്രഹമായ ഡനൂറി. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ ലാന്‍ഡര്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തിയ ശിവശക്തി പോയിന്റിന്റെ ചിത്രമാണ് ഓഗസ്റ്റ് 28 ന് ഡനൂറി പകര്‍ത്തിയത്. ദക്ഷിണ കൊറിയയിലെ ഇന്ത്യന്‍ എംബസിയാണ് സന്തോഷ വാര്‍ത്ത പുറത്തുവിട്ടത്.
2022 ഓഗസ്റ്റ് നാലിനാണ് സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കണ്‍-9 റോക്കറ്റില്‍ ദക്ഷിണ കൊറിയ ഡനൂറി (കൊറിയ പാഥ്ഫൈന്‍ഡര്‍ ലൂണാര്‍ ഓര്‍ബിറ്റര്‍-കെ.പി.എല്‍.ഒ) ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ചത്. 100 കിലോമീറ്റര്‍ അടുത്തും 300 കിലോമീറ്റര്‍ അകലെയുമുള്ള ചന്ദ്രന്റെ ഭ്രമണപഥത്തിലാണ് ഉപഗ്രഹം വലം വക്കുന്നത്.
ദക്ഷിണ കൊറിയ എയ്‌റോ സ്‌പേസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ (KARI) ആദ്യ ചാന്ദ്രാ ദൗത്യമാണിത്. നാസയുടെ ഷാഡോ ക്യാമറ അടക്കം ആറ് ഉപകരണങ്ങളാണ് ചന്ദ്രനില്‍ പരീക്ഷണം നടത്തുക. 2025 ഡിസംബര്‍ വരെ കൊറിയന്‍ ഉപഗ്രഹം പര്യവേക്ഷണം നടത്തുമെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം ചന്ദ്രോപരിതലത്തില്‍ ഓഗസ്റ്റ് 23 ന് ഇറങ്ങിയ ചന്ദ്രയാന്‍-3 പേടകത്തിലെ ലാന്‍ഡര്‍ ഭൂമിയിലെ 14 ദിവസങ്ങള്‍ക്ക് സമാനമായ ഒരു ചാന്ദ്ര ദിവസം പര്യവേക്ഷണം വിജയകരമായി പൂര്‍ത്തിയാക്കി. ചന്ദ്രനില്‍ രാത്രി ആരംഭിച്ചതോടെ ദക്ഷിണ ധ്രുവത്തില്‍ പര്യവേക്ഷണം നടത്തിയ ലാന്‍ഡറും റോവറും പ്രവര്‍ത്തനം അവസാനിപ്പിച്ച് നിദ്രയിലേക്ക് (സ്ലീപ്പിങ് മോഡ്) മാറി.
ലാന്‍ഡറിലെ അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയുടെ ലേസര്‍ റെട്രോറിഫ്‌ലക്ടര്‍ അറേ (എല്‍.ആര്‍.എ) എന്ന ഉപകരണം മാത്രമാണ് നിലവില്‍ പ്രവര്‍ത്തിക്കുന്നത്. ചാന്ദ്ര രാത്രികളില്‍ ലാന്‍ഡറിന്റെ സ്ഥാനം കണ്ടെത്താന്‍ എല്‍.ആര്‍.എ സഹായിക്കും. ചന്ദ്രനിലെ ഒരു രാത്രി (ഭൂമിയിലെ 14-15 ദിവസം) കഴിഞ്ഞ് സൂര്യ പ്രകാശം വീണ്ടും ചന്ദ്രനില്‍ പതിക്കുന്ന സെപ്റ്റംബര്‍ 22ന് ലാന്‍ഡറും റോവറും വീണ്ടും ഉണരുമെന്നാണ് പ്രതീക്ഷ. ഉണര്‍ന്നാല്‍ വീണ്ടും 14 ദിവസം കൂടി പര്യവേക്ഷണത്തിനായി സജ്ജമാകും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲
https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v