വനിതാ സംവരണ ബില്‍ അവതരിപ്പിച്ചു: 15 വര്‍ഷത്തേക്ക് 33 ശതമാനം സംവരണം; 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നടപ്പാകില്ല

വനിതാ സംവരണ ബില്‍ അവതരിപ്പിച്ചു: 15 വര്‍ഷത്തേക്ക് 33 ശതമാനം സംവരണം; 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നടപ്പാകില്ല

കേരള നിയമസഭയില്‍ 46 വനിതാ എം.എല്‍.എമാര്‍ ഉണ്ടാകും. ലോക്‌സഭയിലേക്ക് കേരളത്തില്‍ നിന്നുള്ള 20 എം.പിമാരില്‍ ആറ് പേര്‍ വനിതകള്‍ ആയിരിക്കും.

ന്യൂഡല്‍ഹി: പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ ആദ്യ ബില്ലായി വനിതാ സംവരണ ബില്‍ അവതരിപ്പിച്ചു. 128ാം ഭരണഘടനാ ഭേദഗതിയായാണ് കേന്ദ്ര നിയമ മന്ത്രി അര്‍ജുന്‍ രാം മേഘ്വാള്‍ ലോക്‌സഭയില്‍ ബില്‍ അവതരിപ്പിച്ചത്.

ബില്‍ നിയമമാകുന്നതോടെ ഇന്ത്യന്‍ ജനാധിപത്യത്തില്‍ സ്ത്രീകള്‍ക്ക് സുപ്രധാന പങ്കാളിത്വം ലഭിക്കും. എന്നാല്‍ 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വനിതാ സംവരണം നടപ്പിലാകില്ല.

മണ്ഡല പുനര്‍ നിര്‍ണയം പൂര്‍ത്തിയായതിനു ശേഷമേ വനിതാ സംവരണം പ്രാബല്യത്തില്‍ വരൂ. പതിനഞ്ചു വര്‍ഷത്തേക്ക് സംവരണം തുടരാനാണ് ബില്ലിലെ വ്യവസ്ഥ. ഓരോ മണ്ഡല പുനര്‍ നിര്‍ണയത്തിനു ശേഷവും വനിതാ സംവരണ സീറ്റുകള്‍ മാറും.

ലോക്സഭയിലും സംസ്ഥാന നിയമസഭകളിലും ഡല്‍ഹി അസംബ്ലിയിലും മൂന്നിലൊന്ന് സീറ്റ് വനിതകള്‍ക്ക് സംവരണം ചെയ്യാനാണ് ഭരണഘടന ഭേദഗതി ബില്‍ ലക്ഷ്യമിടുന്നത്.

കേരള നിയമസഭയില്‍ 46 വനിതാ എം.എല്‍.എമാര്‍ ഉണ്ടാകും. നിലവിലെ സഭയില്‍ 11 വനിതകളാണുള്ളത്. ലോക്‌സഭയിലേക്ക് കേരളത്തില്‍ നിന്നുള്ള 20 എം.പിമാരില്‍ ആറ് പേര്‍ വനിതകള്‍ ആയിരിക്കും.

ദേശീയ, സംസ്ഥാന തലങ്ങളിലെ നയ രൂപീകരണത്തില്‍ വനിതകള്‍ക്ക് കൂടുതല്‍ പങ്കാളിത്തം നല്‍കാനാണ് നിയമ നിര്‍മാണമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. 2047 ഓടെ ഇന്ത്യയെ വികസിത രാജ്യമാക്കുകയെന്ന ലക്ഷ്യം പൂര്‍ത്തീകരിക്കുന്നതില്‍ വനിതകളുടെ പങ്ക് നിര്‍ണായകമാണ്. വനിതകള്‍ പുതിയ കാഴ്ചപ്പാടുകള്‍ കൊണ്ടുവരുമെന്നും അത് നിയമ നിര്‍മാണ പ്രക്രിയയുടെ ഗുണമേന്മ വര്‍ധിപ്പിക്കുമെന്നും നിയമ മന്ത്രി അഭിപ്രായപ്പെട്ടു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.