കരുവന്നൂരിലെ കൊള്ളയിലും കള്ളപ്പണം വെളുപ്പിക്കലിലും സമഗ്ര അന്വേഷണം വേണം: വി.ഡി സതീശന്‍

കരുവന്നൂരിലെ കൊള്ളയിലും കള്ളപ്പണം  വെളുപ്പിക്കലിലും സമഗ്ര അന്വേഷണം വേണം: വി.ഡി സതീശന്‍

തിരുവനന്തപുരം: കരുവന്നൂരിലെ കൊള്ളയിലും കള്ളപ്പണം വെളുപ്പിക്കലിലും സമഗ്ര അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ നടന്ന ഏറ്റവും വലിയ കൊള്ളയാണ് കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നടന്നത്. കരുവന്നൂരിനെ കൂടാതെ തൃശൂര്‍ ജില്ലയിലെ നിരവധി സഹകരണ ബാങ്കുകളില്‍ 500 കോടിയോളം രൂപയുടെ കള്ളപ്പണ ഇടപാടുകള്‍ കൂടി നടന്നിട്ടുണ്ടെന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്.

സി.പി.എം പ്രദേശിക നേതൃത്വത്തിന് മാത്രമാണ് പങ്കുണ്ടായിരുന്നതെന്നത് മാറി ജില്ലാ- സംസ്ഥാന നേതൃത്വത്തിനും കള്ളപ്പണ ഇടപാടിലും കൊള്ളയിലും പങ്കുണ്ടെന്ന തരത്തിലുള്ള വാര്‍ത്തകളാണ് പുറത്ത് വരുന്നത്. കൊള്ള സംബന്ധിച്ച് 2011 ല്‍ പാര്‍ട്ടി ഏരിയാ കമ്മിറ്റി അംഗം പരാതി നല്‍കിയിരുന്നതാണ്.

ജില്ലാ, സംസ്ഥാന കമ്മിറ്റികള്‍ അന്വേഷണം നടത്തി കാര്യങ്ങള്‍ ബോധ്യമായിട്ടും കള്ളപ്പണക്കാരെയും അഴിമതിക്കാരെയും സംരക്ഷിക്കുന്ന നിലപാടാണ് സി.പി.എം സ്വീകരിച്ചത്. നിരപരാധികളെ കള്ളക്കേസില്‍ കുടുക്കി പ്രധാനപ്പെട്ട നേതാക്കള്‍ രക്ഷപ്പെടുന്ന കാഴ്ചയാണ് കരുവന്നൂരില്‍ കണ്ടതെന്നും അദേഹം ആരോപിച്ചു.

നോട്ട് പിന്‍വലിക്കല്‍ കാലത്ത് കോടികളുടെ കള്ളപ്പണ ഇടപാടാണ് കരുവന്നൂരിലും സമീപത്തെ ബാങ്കുകളിലും നടന്നത്. സഹകരണ ബാങ്കുകള്‍ക്ക് മേല്‍ അനാവശ്യ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനുള്ള അവസരമാണ് സി.പി.എം ഒരുക്കിക്കൊടുത്തിരിക്കുന്നത്. തിരുവനന്തപുരത്തെ കണ്ടല ബാങ്കില്‍ 100 കോടിയിലധികം രൂപയാണ് ഇടപാടുകാര്‍ക്ക് നല്‍കാനുള്ളത്.

250 കോടിയുടെ തട്ടിപ്പാണ് ബി.എസ്.എന്‍.എല്‍ സഹകരണ സംഘത്തില്‍ നടന്നത്. ജനങ്ങളുടെ കോടിക്കണക്കിന് രൂപയാണ് നഷ്ടമാകുന്നത്. കരുവന്നൂരിലെ തട്ടിപ്പ് 2011 ല്‍ സി.പി.എമ്മിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടും ഒതുക്കിത്തീര്‍ക്കുകയായിരുന്നു.

നിയമസഭയില്‍ കൃഷിമന്ത്രി പി.പ്രസാദ് അടിയന്തിര പ്രമേയത്തിന് നല്‍കിയ മറുപടിക്ക് വിരുദ്ധമായ കാര്യങ്ങളാണ് സംസ്ഥാനത്ത് നടക്കുന്നതെന്നതിന് തെളിവാണ് അമ്പലപ്പുഴയിലെ കര്‍ഷകന്റെ ആത്മഹത്യയെന്നും അദേഹം ആരോപിച്ചു. നിരവധി കര്‍ഷകര്‍ക്ക് ഇപ്പോഴും നെല്ല് സംഭരണത്തിന്റെ പണം ലഭിക്കാനുണ്ട്. നെല്ല് സംഭരിച്ച് ഒരാഴ്ചയ്ക്കകം പണം നല്‍കുമെന്ന് പുരപ്പുറത്ത് കയറി പ്രഖ്യാപിച്ച സര്‍ക്കാര്‍ നാല് മാസമായിട്ടും പണം നല്‍കിയില്ല.

കൃഷി ഇറക്കാന്‍ പോലും സാധിക്കാത്ത അവസ്ഥയിലാണ് കര്‍ഷകരെന്നും കൃഷി ചെയ്ത് കര്‍ഷകന്‍ ഔഡി കാര്‍ വാങ്ങിയെന്ന് നിയമസഭയില്‍ പറഞ്ഞ കൃഷിമന്ത്രിക്കുള്ള മറുപടി കൂടിയാണ് കര്‍ഷകന്റെ ആത്മഹത്യയെന്നും അദേഹം പറഞ്ഞു.

കര്‍ഷകന്റെ ആത്മഹത്യയ്ക്ക് ഉത്തരവാദി സര്‍ക്കാരും കൃഷി വകുപ്പും പൊതുവിതരണ വകുപ്പുമാണ്. മരിച്ച കര്‍ഷകന്റെ കുടുംബത്തിന്റെ മുഴുവന്‍ കടവും വീട്ടാന്‍ സര്‍ക്കാര്‍ തയാറാകണം. കര്‍ഷക ആത്മഹത്യ സംസ്ഥാനത്ത് ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടികളെടുക്കാനും തയാറാകണം. സര്‍ക്കാരിന്റെ മുന്‍ഗണനയില്‍ കര്‍ഷകരില്ലെന്നും അങ്ങനെ ഉണ്ടായിരുന്നെങ്കില്‍ സംഭരണത്തിനുള്ള പണം നല്‍കുമായിരുന്നെന്നും അദേഹം ആരോപിച്ചു.

കേരളത്തിലെ നികുതി ഭരണ സംവിധാനം പരിതാപകരമാക്കിയതിന്റെ ഒന്നാം പ്രതി മുന്‍ ധനമന്ത്രി തോമസ് ഐസക്കാണ്. പ്രതിപക്ഷ നേതാവിനെ ചാരി നിലവിലെ ധനമന്ത്രി ബാലഗോപാലിനെ കുറ്റപ്പെടുത്താനാണ് തോമസ് ഐസക് ശ്രമിക്കുന്നത്. രണ്ടര വര്‍ഷം ധനകാര്യ മന്ത്രിയായിരുന്നിട്ടും കെ.എന്‍ ബാലഗോപാലിനും ഒരു മാറ്റവും ഉണ്ടാക്കാന്‍ സാധിച്ചില്ല. ഇത്രയും വലിയ ധനപ്രതിസന്ധിയും ദുരന്തവും ഉണ്ടാക്കിവച്ചത് ഒന്നാം പിണറായി സര്‍ക്കാരാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.