ചെന്നൈ : രാജ്യത്ത് ഭീഷണി ഉയര്‍ത്തി ലോണ്‍ ആപ് തട്ടിപ്പ് കേസില്‍ രണ്ടു ചൈനീസ് സ്വദേശികള്‍ ഉള്‍പ്പെടെ നാലുപേരെ അറസ്റ്റ് ചെയ്തു . ചൈനീസ് പൗരന്മാരായ സിയ യാമോ, യുവാന്‍ ലുന്‍, കര്‍ണാടക സ്വദേശികളും മൊബൈല്‍ ആപ് കമ്പനികളുടെ ഡയറക്ടര്‍മാരുമായ ദൂപനഹല്ലി എസ് പ്രമോദ, സിക്കനഹല്ലി സിആര്‍ പവന് എന്നിവരെയാണ് അറസ്റ്റ് ചെയ്തത് . എന്നാല്‍ ഹോങ്, വാന്ഡിഷ് എന്നീ പ്രതികള്‍ സിംഗപ്പൂരിലേക്ക് രക്ഷപ്പെട്ടതായും പോലീസ് പറഞ്ഞു.
ബംഗളൂരുവിലെ രണ്ടു ബാങ്കുകളിലെ അക്കൗണ്ടുകളിലുള്ള രണ്ടരക്കോടിയോളം രൂപയുടെ നിക്ഷേപം മരവിപ്പിച്ചിട്ടുണ്ട്. ഡയറക്ടര്‍മാര്‍ക്ക് പ്രതിമാസം 20,000 രൂപയാണ് ശമ്പളമായി നല്‍കിയിരുന്നത്. ചെക്കുകള്‍, എ.ടി.എം കാര്‍ഡുകള്‍, ബാങ്ക് പാസ്ബുക്കുകള്‍, ഇന്റർനെറ്റ് ബാങ്കിങ് പാസ്വേഡുകള് ഉള്‍പ്പെടെ വാങ്ങിയാണ് വായ്പകള്‍ അനുവദിക്കുക. രാജ്യവ്യാപകമായി പ്രവര്‍ത്തിക്കുന്ന ശൃംഖലയില്‍ ഇനിയും നിരവധി പ്രതികളെ പിടികൂടാനുണ്ടെന്ന് തമിഴ്നാട് പൊലീസ് അറിയിച്ചു. 36 ശതമാനം വരെ പലിശ ഈടാക്കിയാണ് ഇവര്‍ കൊള്ളലാഭം കൊയ്തിരുന്നത്.
നിലവില്‍ രാജ്യത്ത് 12ലധികം അനധികൃത വായ്പ ആപ്പുകള്‍ പ്രവര്‍ത്തിക്കുന്നതായാണ് കണ്ടെത്തല്‍. 5000 രൂപ മുതല്‍ 50,000 രൂപ വരെ ഒരു ലക്ഷത്തോളം പേര്‍ക്ക് വായ്പ വിതരണം ചെയ്തതായും മൊത്തം വായ്പത്തുക 300 കോടിയിലധികമാണെന്നും കണക്കാക്കുന്നു. വായ്പ തിരിച്ചടക്കാനാവാതെ തെലങ്കാനയില്‍ നാലുപേരും ബംഗളൂരുവിലും ചെന്നൈയിലും ഓരോരുത്തരുമാണ് ആത്മഹത്യ ചെയ്തത്. ചൈനീസ് പൗരന്മാരുടെ വിസ കാലാവധി നേരത്തേ അവസാനിച്ചിരുന്നതായി ചെന്നൈ സിറ്റി പോലീസ് അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.