ന്യൂഡല്‍ഹി: ബിഹാര്‍ തിരഞ്ഞെടുപ്പില്‍ കണക്കില്‍ കൂടുതല്‍ വോട്ടര്‍മാര്‍ വോട്ട് ചെയ്തുവെന്ന ആരോപണം തള്ളി തിരഞ്ഞെടുപ്പ് കമ്മിഷന്‍.
തീവ്ര വോട്ടര്‍ പട്ടിക പുനപരിശോധനയ്ക്ക് (എസ്.ഐ.ആര്‍) ശേഷം പുറത്തിറക്കിയ അന്തിമ പട്ടികയില്‍ 7.42 കോടി വോട്ടര്‍മാരായിരുന്നു ഉണ്ടായിരുന്നത്. പിന്നീട് മൂന്ന് ലക്ഷം പേര്‍ കൂടി പേരു ചേര്‍ത്തുവെന്നും അതിനാലാണ് 7.45 കോടി വോട്ടര്‍മാര്‍ എന്ന് കമ്മിഷന്‍ പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ രേഖപ്പെടുത്തിയത് എന്നുമാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ പറയുന്നത്.
എസ്ഐആറിന് ശേഷം 7.42 കോടി ആളുകളായിരുന്നു ബിഹാറിലെ വോട്ടര്‍ പട്ടികയിലുണ്ടായിരുന്നത്. എന്നാല്‍ വോട്ടെടുപ്പിന് ശേഷം തിരഞ്ഞെടുപ്പ് കമ്മിഷന്‍ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറഞ്ഞിരുന്നത് 7,45,26,858 പേര്‍ വോട്ട് രേഖപ്പെടുത്തിയെന്നാണ്.
മൂന്ന് ലക്ഷത്തിലധികം വോട്ടര്‍മാരുടെ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. ഇതെങ്ങനെ സംഭവിച്ചുവെന്നും ഇക്കാര്യത്തില്‍ വിശദീകരണം നല്‍കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ തയ്യാറാകുമോയെന്നും കോണ്‍ഗ്രസും സിപിഎമ്മും അടക്കമുള്ള പാര്‍ട്ടികള്‍ ചോദിച്ചിരുന്നു.
അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചതിന് ശേഷം പത്തു ദിവസം കൂടി പേരു ചേര്‍ക്കാന്‍ അവസരമുണ്ടായിരുന്നു. അങ്ങനെയാണ് 7.45 കോടി വോട്ടര്‍മാരായതെന്നും അതല്ലാതെ ഇവര്‍ വോട്ട് ചെയ്തു എന്ന് വാര്‍ത്താകുറിപ്പില്‍ പറഞ്ഞിട്ടില്ല എന്നുമാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിശദീകരണം.
വോട്ടര്‍മാരുടെ എണ്ണം വോട്ട് ചെയ്തു എന്ന് വ്യാഖ്യാനിച്ചതാണ് വിവാദത്തിന് കാരണമെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ വാര്‍ത്താ കുറിപ്പില്‍ പറയുന്നത്. യോഗ്യതയുള്ള ഒരു വോട്ടര്‍ക്കും അവസരം നഷ്ടപ്പെടാതിരിക്കാനാണ് പേരുകള്‍ കൂട്ടിച്ചേര്‍ത്തതെന്നും കമ്മിഷന്‍ വ്യക്തമാക്കി.
ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇന്ത്യ സഖ്യത്തിന് കനത്ത തിരിച്ചടിയാണുണ്ടായത്. ബിജെപി-ജെഡിയു നേതൃത്വത്തിലുള്ള എന്‍ഡിഎ 243 അംഗ നിയമസഭയില്‍ 202 സീറ്റകള്‍ സ്വന്തമാക്കി വന്‍ വിജയം നേടിയിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.