ഇസ്താംബുള്‍: ഇന്ത്യന്‍ കരസേനയ്ക്കായി മൂന്ന് ബോയിങ് എ.എച്ച് 64 ഇ അപ്പാച്ചെ ഹെലികോപ്റ്ററുകളുമായി അമേരിക്കയില്‍ നിന്നെത്തിയ എത്തിയ ചരക്ക് വിമാനത്തിന് തുര്‍ക്കി വ്യോമപാത നിഷേധിച്ചതായി റിപ്പോര്‍ട്ട്.
അരിസോണയില്‍ നിന്ന് ഈ മാസം ഒന്നിനാണ് ഹെലികോപ്റ്ററുകളുമായി ആന്റനോവ് എ.എന്‍ 124 ചരക്ക് വിമാനം പറന്നുയര്‍ന്നത്. ഇന്ധനം നിറയ്ക്കാന്‍ ബ്രിട്ടനിലെ ഈസ്റ്റ് മിഡ്ലാന്‍ഡ്സ് വിമാനത്താവളത്തില്‍ ഇറക്കി. എന്നാല്‍ തുര്‍ക്കി വ്യോമപാത നിഷേധിച്ചതിനാല്‍ എട്ട് ദിവസം ഇവിടെ തന്നെ വിമാനം തുടര്‍ന്നെന്നും പിന്നീട് അമേരിക്കയിലേക്ക് മടങ്ങിയെന്നുമാണ് റിപ്പോര്‍ട്ട്.
ആറ് അപ്പാച്ചെ ഹെലികോപ്റ്ററുകള്‍ കരസേനയ്ക്ക് നല്‍കാനാണ് ഇന്ത്യ അമേരിക്കയുമായി കറാറുണ്ടാക്കിയത്. ഇതില്‍ മൂന്നെണ്ണം കഴിഞ്ഞ ജൂലൈയില്‍ കൈമാറിയിരുന്നു. അന്ന് തുര്‍ക്കിയുടെ വ്യോമപാത ഉപയോഗിക്കുന്നതിന് തടസങ്ങളൊന്നും നേരിട്ടിരുന്നില്ല.
ഇന്ത്യയുമായുള്ള നയതന്ത്ര വിള്ളലുകളുടെ പശ്ചാത്തലത്തില്‍ രാഷ്ട്രീയ ലക്ഷ്യത്തോടെ നടത്തിയ നീക്കമായാണ് പാകിസ്ഥാനുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന തുര്‍ക്കിയുടെ നടപടിയെ വിലയിരുത്തുന്നത്. ഹെലികോപ്റ്ററുകള്‍ മറ്റ് മാര്‍ഗത്തിലൂടെ ഇന്ത്യയിലേക്കെത്തിക്കാനുള്ള ആലോചനയിലാണ് ഇപ്പോള്‍ നടക്കുന്നത്.
ലോകത്തെ ഏറ്റവും കരുത്തുറ്റ ആക്രമണ ഹെലികോപ്റ്ററാണ് ബോയിങ് എ.എച്ച് 64 ഇ അപ്പാച്ചെ. 2020ലാണ് കരസേനയ്ക്കായി 60 കോടി ഡോളറിന് ആറ് അപ്പാച്ചെകള്‍ വാങ്ങാന്‍ അമേരിക്കയുമായി ഇന്ത്യ കരാറിലെത്തിയത്.
2024 മെയ്-ജൂണ്‍ കാലയളവിലാണ് ആദ്യ ബാച്ച് എത്തേണ്ടിയിരുന്നത്. എന്നാല്‍ വിതരണ ശൃംഖലയിലെ തടസങ്ങള്‍ മൂലം ഇത് ജൂലൈയിലാണ് കൈമാറിയത്. ഇന്ത്യന്‍ വ്യോമസേന നിലവില്‍ 22 അപ്പാച്ചെകള്‍ ഉപയോഗിക്കുന്നുണ്ട്. 2015 ലാണ് ഈ കരാറില്‍ ഇന്ത്യ ഒപ്പു വച്ചത്. 2020 ല്‍ വിതരണം പൂര്‍ത്തിയായി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.