അമേരിക്കയിലെ ഫാമില്‍നിന്ന് രക്ഷപ്പെട്ട് എണ്ണായിരത്തോളം മിങ്കുകള്‍; അതീവ ജാഗ്രത; ആക്രമിക്കുമെന്ന് മുന്നറിയിപ്പ്

അമേരിക്കയിലെ ഫാമില്‍നിന്ന് രക്ഷപ്പെട്ട് എണ്ണായിരത്തോളം മിങ്കുകള്‍; അതീവ ജാഗ്രത; ആക്രമിക്കുമെന്ന് മുന്നറിയിപ്പ്

ഹാരിസ്ബര്‍ഗ്: അമേരിക്കന്‍ സംസ്ഥാനമായ പെന്‍സില്‍വാനിയയിലെ ഒരു ഫാമില്‍നിന്ന് എണ്ണായിരത്തോളം മിങ്കുകള്‍ (അമേരിക്ക, യൂറോപ്പ് തുടങ്ങിയിടങ്ങളില്‍ അധിവസിക്കുന്ന നീര്‍നായ കുടുംബത്തില്‍പ്പെട്ട ജീവി) രക്ഷപ്പെട്ടതിനെതുടര്‍ന്ന് മേഖലയില്‍ അതീവ ജാഗ്രത. ഹാരിസ്ബര്‍ഗിന് 60 മൈല്‍ അകലെയുള്ള റോക്ക്‌ഫെല്ലര്‍ ടൗണ്‍ഷിപ്പിലെ ഒരു മിങ്ക് ഫാമില്‍ നിന്നുള്ള ജീവികളാണ് രക്ഷപ്പെട്ടത്. ഇവയെ കണ്ടെത്തിയാല്‍ സമീപിക്കുകയോ പിടിക്കാന്‍ ശ്രമിക്കുകയോ ചെയ്യരുതെന്ന് പ്രദേശവാസികളോട് അധികൃതര്‍ അഭ്യര്‍ത്ഥിച്ചു. കൂട്ടില്‍ നിന്ന് രക്ഷപ്പെട്ട നൂറുകണക്കിന് മിങ്കുകളാണ് അടുത്തുള്ള ഹൈവേയിലൂടെയും മറ്റും ഓടിനടക്കുന്നത്.

ഞായറാഴ്ച പുലര്‍ച്ചെയാണ് മിങ്കുകള്‍ കൂട്ടത്തോടെ രക്ഷപ്പെട്ടത്. ഇവയെ അടച്ചിട്ടിരുന്ന കമ്പക്കൂടില്‍ ആരോ മനപൂര്‍വം മുറിച്ച നിലയില്‍ ഒരു ദ്വാരം ഫാം നടത്തിപ്പുകാര്‍ കണ്ടെത്തിയിരുന്നു. ആരോ ഇവയെ രക്ഷപ്പെടുത്തിയതാണെന്നാണ് പെന്‍സില്‍വാനിയ സ്റ്റേറ്റ് പോലീസിന്റെ നിഗമനം. ഒരു നടനാണ് ഇവയെ രക്ഷപ്പെടുത്തിയതെന്ന് അഭ്യൂഹമുണ്ട്.

മിങ്കുകള്‍ അപകടകാരികളാണെന്നും പ്രദേശവാസികളെ കടിക്കാനും സാധ്യതയുണ്ടെന്ന് സംസ്ഥാന സെനറ്റര്‍ ലിന്‍ഡ ഷ്‌ലെഗല്‍ കള്‍വര്‍ പ്രസ്താവനയിലൂടെ മുന്നറിയിപ്പ് നല്‍കി. സുരക്ഷിതവും ശാസ്ത്രീയവുമായ കെണിയില്ലാതെ മിങ്കുകളെ സമീപിക്കുകയോ പിടിക്കാന്‍ ശ്രമിക്കുകയോ ചെയ്യരുതെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. മൃഗസംരക്ഷക പ്രവര്‍ത്തകരും ഫാം ജീവനക്കാരും ഇവയെ പിടികൂടാനായി രംഗത്തിറങ്ങിയിട്ടുണ്ട്.

ജീവിച്ചിരിക്കുന്നതോ മരിച്ചതോ ആയ മിങ്കുകളെ കണ്ടാല്‍ തങ്ങളെ അടിയന്തരമായി വിളിക്കണമെന്നു നോര്‍ത്തംബര്‍ലാന്‍ഡ് കൗണ്ടി എമര്‍ജന്‍സി മാനേജ്മെന്റ് ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു.

ഇതിനകം അധികാരികളും താമസക്കാരും റോഡിലും കെട്ടിടങ്ങള്‍ക്കു കീഴിലും വനത്തിനുള്ളിലും ഒളിച്ചിരിക്കുന്ന നിരവധി മിങ്കുകളെ കണ്ടെത്തി പിടികൂടി. ചിലവ വാഹനമിടിച്ച് ചാവുകയും ചെയ്തു. രോഗങ്ങള്‍ പടര്‍ത്താനുള്ള ഇവയുടെ കഴിവാണ് അധികൃതരെ ആശങ്കയിലാഴ്ത്തുന്നത്.

നീര്‍നായയുടെ കു'ുംബത്തില്‍പ്പെട്ട മാംസഭോജികളായ മിങ്കുകളെ രോമക്കുപ്പായം നിര്‍മിക്കാനായാണ് ഫാമുകളില്‍ പ്രധാനമായും വളര്‍ത്തുന്നത്. ചെറിയ കാലുകളുള്ള ഇവയ്ക്ക് 600 ഗ്രാം വരെ ഭാരമുണ്ട്. നേരത്തെ നെതര്‍ലന്‍ഡ്‌സ്, സ്‌പെയിന്‍, ഡെന്‍മാര്‍ക്ക് എന്നിവിടങ്ങളിലും മിങ്കുകളില്‍ വ്യാപകമായി കൊവിഡ് ബാധ കണ്ടെത്തിയിരുന്നു.

കഴിഞ്ഞ വര്‍ഷം ഓഹിയോയിലെയും വിസ്‌കോണ്‍സിനിലെയും ഫാമുകളില്‍ നിന്ന് മിങ്കുകളെ രക്ഷപ്പെടുത്തിയിരുന്നു. ഒരു മൃഗാവകാശ സംഘടനയാണ് മോചനത്തിന് ഉത്തരവാദിയെന്ന് സംശയിക്കുന്നതായി ഉദ്യോഗസ്ഥര്‍ അന്ന് വെളിപ്പെടുത്തിയിരുന്നു.

മിങ്കുകളടെ രോമാവൃതമായ തുകലിനു വന്‍ ഡിമാന്‍ഡാണുള്ളത്. ഇതുവച്ചുള്ള ഷാളുകള്‍, സ്യൂട്ടുകള്‍ തുടങ്ങിയവ വലിയ ആഢംബര ചിഹ്നമായാണു കണക്കാക്കുന്നത്. ഇതു കൂടാതെ സൗന്ദര്യവര്‍ധക വസ്തുക്കളില്‍ ഉപയോഗിക്കുന്ന പ്രത്യേക തരം എണ്ണയും മിങ്കുകളുടെ ശരീരത്തു നിന്നു വേര്‍തിരിച്ചെടുക്കാറുണ്ട്. ഇത്തരം ഉപയോഗങ്ങളുള്ളതിനാല്‍ വ്യാപകമായ തോതില്‍ മിങ്കുകളെ ഫാമില്‍ വളര്‍ത്തുന്നുണ്ട്.

ഫാമുകളില്‍ പ്രത്യേകതരം കമ്പിക്കൂടുകളിലാണ് ഇവയെ വളര്‍ത്തുന്നത്. ഈ കൂടുകളില്‍ സഞ്ചാര സ്വാതന്ത്ര്യം വളരെ കുറവാണ്. നേരാംവണ്ണം ഒന്നോടി നടക്കാന്‍ പോലും സാധിക്കാത്തതിനാല്‍ കടുത്ത മാനസിക പീഡനമാണ് ഇവ അനുഭവിക്കുന്നതെന്നു മൃഗ സംരക്ഷക പ്രവര്‍ത്തകര്‍ പറയുന്നു. മിങ്കുകളെ തുകലിനായി കൊല്ലുന്ന രീതിയും പരിസ്ഥിതി വാദികളുടെ കടുത്ത എതിര്‍പ്പ് നേരിടുന്നതാണ്. ജീവനോടെ തന്നെ തൊലിയുരിച്ചെടുക്കുന്ന കാടന്‍ രീതി. തുകല്‍ പെട്ടെന്ന് ഊരിവരാനും പൊട്ടലുകളില്ലാതെയിരിക്കാനുമാണ് ഈ രീതി തുകല്‍ വ്യവസായികള്‍ പിന്തുടരുന്നത്. ഡെന്‍മാര്‍ക്കാണു ലോകത്ത് ഏറ്റവും കൂടുതല്‍ മിങ്ക് തുകല്‍ ഉത്പാദിപ്പിക്കുന്നത്. രണ്ടു കോടിക്കടുത്ത് മിങ്ക് തുകലുകളാണ് ഇവിടെ വര്‍ഷം തോറും നിര്‍മിക്കുന്നതെന്നാണു കണക്ക്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.