വിളക്ക് വിവാദം സനാതന ധർമ്മ വിവാദത്തിന്റെ കേരളപതിപ്പോ ?

വിളക്ക് വിവാദം സനാതന ധർമ്മ വിവാദത്തിന്റെ കേരളപതിപ്പോ ?

കണ്ണൂർ പയ്യന്നൂർ നമ്പ്യാത്തറ ക്ഷേത്രത്തിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ താൻ ജാതിവിവേചനം നേരിട്ടെന്ന് ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്‌ണൻ മാസങ്ങൾക്കു ശേഷം വെളിപ്പെടുത്തിയത് വൻ ചർച്ചകൾക്ക് വഴി തുറന്നിരിക്കുകയാണ്. ഈ സമീപനത്തിന് അതേ വേദിയിൽ തന്നെ പ്രതിഷേധം അറിയിച്ചതായും മന്ത്രി പറഞ്ഞിരുന്നു. കോട്ടയത്ത് ഭാരതീയ വേലൻ സൊസൈറ്റിയുടെ സംസ്ഥാന സമ്മേളനത്തിൽ സംസാരിക്കുമ്പോഴായിരുന്നു മന്ത്രിയുടെ വെളിപ്പെടുത്തൽ.

ഉദ്ഘാടനവുമായി ബന്ധപ്പെട്ട് പ്രധാന പൂജാരി വിളക്ക് കത്തിച്ച് കൊണ്ടു വന്നു. വിളക്ക് മന്ത്രിയുടെ കൈയിൽ തരാതെ അദേഹം തന്നെ കത്തിച്ചു. അപ്പോൾ ആചാരമായിരിക്കും എന്ന് കരുതി മാറി നിന്നു. അതിന് ശേഷം അവിടുത്തെ സഹപൂജാരിക്ക് വിളക്ക് കൈമാറി. അയാളും കത്തിച്ചു. വിളക്ക് മന്ത്രിക്ക് നൽകാതെ നിലത്തുവെക്കുകയായിരുന്നു. അപമാനം നേരിട്ട മന്ത്രി വിളക്ക് കത്തിക്കാൻ തുനിഞ്ഞതുമില്ല. കേരളത്തിലെ ജാതി വ്യവസ്ഥയെ തുറന്നു കാണിക്കുന്ന തരത്തിലായിരുന്നു മന്ത്രിയുടെ ഈ വിശദീകണം.

ഇതേ തുടർന്ന് ജാതിവിവേചനം പുരോഗമന കേരളത്തിന് അപമാനകരമാണെന്ന്‌ ആരോപിച്ച് ഡിവൈഎഫ്‌ഐയും മറ്റു ഇടതുപക്ഷ സംഘടനകളും ഈ വിഷയം ഏറ്റെടുത്തു. എന്നാൽ മന്ത്രിയുടെ പ്രസ്താവന തെറ്റിദ്ധാരണ മൂലമാണെന്നും പൂജാരികൾ ദേവപൂജ കഴിയുന്നതുവരെ ആരെയും സ്പർശിക്കാറില്ല എന്നും ഇക്കാര്യത്തിൽ ബ്രാഹ്മണ അബ്രാഹ്മണ ഭേദമില്ലെന്നും തന്ത്രി സമാജം പറഞ്ഞു.

കേരള ദേവസ്വം മന്ത്രി കത്തിച്ച വിളക്ക് വിവാദം തമിഴ് നാട്ടിൽ ഉദയനിധി സ്റ്റാൻലിൻ ഉയർത്തിയ സനാതന ധർമ്മ വിവാദത്തിന്റെ കേരളപതിപ്പായി കരുതാം. സനാതനധർമ്മത്തിന്റെ പ്രയോക്താക്കളായി ബിജെപി കടന്നു വരുമ്പോൾ അതിനെ ചെറുത്തുതോൽപ്പിക്കാൻ ഡിഎംകെ പോലെയുള്ള ദ്രാവിഡ കക്ഷികൾ കിണഞ്ഞ് പരിശ്രമിക്കാറുണ്ട്. സാമൂഹ്യ നീതിക്കും തുല്യതക്കും എതിരാണ് സനാതന ധർമ്മം എന്നുള്ള ഉദയനീതി സ്റ്റാലിന്റെ പരാമർശങ്ങൾ തമിഴ്‌നാട്ടിൽ രാഷ്ട്രീയ ചർച്ചയ്ക്ക് തിരികൊളുത്തി കഴിഞ്ഞു. 2024 ലെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ബിജെപിയുടെയും ഡിഎംകെയുടെയും വോട്ട്ബാങ്കുകളെ സ്വാധീനിക്കാൻ ഈ തർക്കത്തിന് സാധ്യതയുണ്ട്.

ഇവിടെ കേരളത്തിൽ വിളക്ക് അയിത്ത വിവാദം ഉണ്ടാക്കിയത് ബിജെപിയെയോ പ്രതിപക്ഷമായ കോൺഗ്രസിനെയോ എതിർക്കാൻ വേണ്ടി അല്ല. മറിച്ച് മുഖ്യമന്ത്രിക്കെതിരെ ഉയരുന്ന തുടർച്ചയായ ആരോപണങ്ങൾ സർക്കാരിന്റെ തന്നെ ജനസമ്മതിക്ക്‌ ഇടിവ് സംഭവിക്കുന്ന സാഹചര്യത്തിലാണ് അയിത്ത വിവാദം ബോധപൂർവ്വം സൃഷ്ടിക്കപ്പെട്ടതാണ് എന്ന് പലരും കരുതുന്നു. ഈ വർഷം ആദ്യം നടന്ന ഒരു സംഭവം ഇപ്പോൾ ഓർത്തെടുത്ത് വിവാദം ഉണ്ടാക്കി മുഖ്യമന്ത്രിയുടെ നേരെ ഉയരുന്ന ആരോപണങ്ങൾക്ക് തടയിടുക എന്ന ലക്ഷ്യത്തോടുകൂടെയാണ്.

ഇതേകുറിച്ച് അന്വേഷണവും കുറെ സാമൂഹിക പുനരുദ്ധാരണ സന്ദേശ യാത്രയും നടത്തി കേരളത്തിലെ സാമൂഹ്യ പുനരുദ്ധാരണത്തിന് സർക്കാർ സന്നദ്ധമാണ് എന്ന ഒരു ചിന്ത സൃഷ്ടിക്കുകയായിരിക്കും പാർട്ടി മനസ്സിൽ കാണുന്നത്. എന്ത് തന്നെയായായാലും കണ്ണൂർ നടന്ന ഉദ്ഘാടന വേളയിലെ സംഭവത്തെ വിവാദമാക്കിയത് സാമൂഹ്യ പുനരുദ്ധാരണം ലക്ഷ്യമാക്കിയല്ല എന്ന് ജനങ്ങൾ സംശയിച്ചാൽ തെറ്റുപറയാനാകില്ല.

സനാതന ധർമം ഡെങ്കിപ്പനിക്കും മലേറിയക്കും സമാനമാണെന്നും അതിനെ എതിർത്താൽ മാത്രം പോരാ അത് ഉന്മൂലനം ചെയ്യേണ്ടതാണെന്നുമായിരുന്നു ഉദയനിധി പറഞ്ഞത്. സമാനമായി അയിത്തം ഉന്മൂലനം ചെയ്യപ്പെടേണ്ടതാണ് എന്നുള്ള പ്രസ്താവനകൾ കേരളത്തിലെ രാഷ്ട്രീയ കേന്ദ്രങ്ങളിൽ നിന്നും ഉടനടി ഉണ്ടായിതുടങ്ങി.

പഴയിടം നമ്പൂതിരിയുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഉയർത്തിക്കൊണ്ടു വന്ന കപട സാമൂഹിക പരിഷ്കരണ വാദങ്ങളിലെ നെല്ലും പതിരും അല്പം താമസിച്ചെങ്കിലും സമൂഹം വേർതിരിച്ചു കണ്ടു എങ്കിലും തല്ക്കാലം തടിതപ്പാനായി വിളക്ക് അയിത്ത വിവാദം സർക്കാരിനെ രക്ഷിക്കും എന്ന് കരുതാം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.