യെരവന്‍ (അര്‍മീനിയ): മുസ്ലീം ഭൂരിപക്ഷ രാഷ്ട്രമായ അസര്‍ബൈജാനും ക്രിസ്ത്യന്‍ ഭൂരിപക്ഷ രാജ്യമായ അര്‍മേനിയയും തമ്മില്‍ തര്‍ക്കം തുടരുന്ന നാഗോര്‍ണോ-കരാബാഖ് മേഖലയില്‍ യുഎന്‍ ദൗത്യ സംഘത്തെ വിന്യസിക്കണമെന്ന അഭ്യര്‍ത്ഥനയുമായി അര്‍മേനിയ. ഐക്യരാഷ്ട്ര സഭാ സുരക്ഷാ സമിതിയിലാണ് അര്‍മേനിയന്‍ വിദേശകാര്യ മന്ത്രി അരരത്ത് മിര്‍സോയന്‍ ഈ ആവശ്യം ഉന്നയിച്ചത്.
'ഭീകര വിരുദ്ധ ഓപ്പറേഷന്‍' എന്ന പേരിട്ട് കഴിഞ്ഞ ദിവസം അസര്‍ബൈജാന്‍ കരാബാഖില്‍ നടത്തിയ 24 മണിക്കൂര്‍ സൈനിക ആക്രമണത്തില്‍ 200-ലധികം അര്‍മേനിയന്‍ ക്രിസ്ത്യാനികള്‍ കൊല്ലപ്പെടുകയും 400 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പ്രദേശത്തെ ക്രൈസ്തവരുടെ നിലനില്‍പ്പ് വലിയ ഭീഷണിയിലാണ്. റഷ്യയുടെ മധ്യസ്ഥതയില്‍ അസര്‍ബൈജാനും അര്‍മീനിയയും വെടിനിര്‍ത്തല്‍ കരാറിലെത്തിയതോടെയാണ് ഏറ്റുമുട്ടലിന് താല്‍ക്കാലിക വിരാമമുണ്ടായത്.
അര്‍മേനിയന്‍ നിയന്ത്രണത്തിലുള്ള നാഗോര്‍ണോ-കരാബാഖിലേക്ക് പീരങ്കികളുടെ പിന്തുണയോടെ സൈന്യത്തെ അയക്കാനുള്ള അസര്‍ബൈജാന്‍ നീക്കത്തിനൊടുവിലാണ് ആള്‍നാശമുണ്ടായത്. അസര്‍ബൈജാന്റെ നീക്കം അയല്‍രാജ്യമായ അര്‍മേനിയയുമായി യുദ്ധ ഭീഷണി സൃഷ്ടിച്ചിരിക്കുകയാണ്. ആക്രമണം മൂലം സ്ത്രീകളും കുട്ടികളും പ്രായമായവരുമടക്കം പതിനായിരക്കണക്കിന് ആളുകള്‍ വീടുകള്‍ ഒഴിഞ്ഞുപോകാന്‍ നിര്‍ബന്ധിതരായി.
'ഇപ്പോള്‍ നടക്കുന്ന ആക്രമണത്തിന്റെ തീവ്രതയും ക്രൂരതയും വ്യക്തമാക്കുന്നത് അര്‍മേനിയന്‍ ജനതയുടെ വംശീയ ഉന്മൂലനം നടപ്പാക്കുക എന്നതാണ്' - അദ്ദേഹം വ്യക്തമാക്കി. ഈ സാഹചര്യത്തിലാണ് തര്‍ക്കപ്രദേശമായ നാഗോര്‍ണോ-കരാബാഖിലെ ക്രിസ്ത്യാനികളെ സംരക്ഷിക്കാന്‍ യു.എന്‍ ദൗത്യസംഘത്തെ വിന്യസിക്കണമെന്ന് അര്‍മേനിയന്‍ വിദേശകാര്യ മന്ത്രി സുരക്ഷാ കൗണ്‍സിലില്‍ ആവശ്യപ്പെട്ടത്.
'ക്രൈസ്തവരുടെ നാശം ആസന്നം'
നാഗോര്‍ണോ-കരാബാഖ് മേഖലയിലെ 120,000 അര്‍മേനിയന്‍ ക്രിസ്ത്യാനികളുടെ നാശം' ആസന്നമാണെന്ന് യു.എസ് ആസ്ഥാനമായുള്ള മനുഷ്യാവകാശ അഭിഭാഷകനായ സിയോഭാന്‍ നാഷ്-മാര്‍ഷല്‍ മുന്നറിയിപ്പ് നല്‍കുന്നു. അടുത്തിടെയുണ്ടായ തുടര്‍ച്ചയായ ആക്രമണങ്ങളുടെ ആഘാതം തീര്‍ച്ചയായും അവിടുത്തെ ജനങ്ങളുടെ നാശത്തില്‍ കലാശിക്കും - നാഷ്-മാര്‍ഷല്‍ കാത്തലിക്ക് ന്യൂസ് ഏജന്‍സിയോട് പറഞ്ഞു.
2011-ല്‍, പ്രദേശത്തെ അര്‍മേനിയന്‍ ക്രിസ്ത്യാനികളെ സഹായിക്കുന്നതിനായി നാഷ്-മാര്‍ഷല്‍ ക്രിസ്ത്യന്‍സ് ഇന്‍ നീഡ് ഫൗണ്ടേഷന്‍ സ്ഥാപിച്ചു, 2020-ല്‍ അവര്‍ നാഗോര്‍ണോ-കരാബാഖില്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി ഒരു സ്‌കൂളും ആരംഭിച്ചു.
നാഗോര്‍ണോ-കരാബാഖിന്റെ മേലുള്ള നിയന്ത്രണം കൂടുതല്‍ ഉറപ്പിക്കാനുള്ള അസര്‍ബൈജാന്റെ ശ്രമം അര്‍മേനിയക്കാരുടെ ഉന്മൂലത്തിനു കാരണമാകുമെന്ന് നാഷ്-മാര്‍ഷല്‍ പറഞ്ഞു. പലായനത്തിനു സമ്മതിക്കുന്ന അര്‍മേനിയക്കാര്‍, വംശഹത്യയെ അതിജീവിച്ചവരുടെ പിന്‍ഗാമികളുടേതിന് സമാനമായി ശാശ്വതമായ മുറിവുകള്‍ ഹൃദയത്തില്‍ വഹിക്കേണ്ടി വരുമെന്നും അദ്ദേഹം മുന്നഹിയിപ്പു നല്‍കി.
മേഖലയിലെ മാനുഷികവും സുരക്ഷാ സംബന്ധവുമായ സ്ഥിതിഗതികള്‍ നിരീക്ഷിക്കാനും വിലയിരുത്താനും നാഗോര്‍ണോ-കരാബാഖില്‍ യു.എന്‍ സംഘത്തെ വിന്യസിക്കണമെന്ന അര്‍മേനിയന്‍ വിദേശകാര്യ മന്ത്രിയുടെ അഭ്യര്‍ത്ഥനയോട്, അര്‍മേനിയ അന്താരാഷ്ട്ര സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുകയാണെന്നാണ് അസര്‍ബൈജാനി വിദേശകാര്യ മന്ത്രി ജെയ്ഹുന്‍ ബെയ്റാമോവ് പ്രതികരിച്ചത്.
'സമാധാനപരമായ പരിഹാരമാണ് അസര്‍ബൈജാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, വ്യക്തമായ ഉറപ്പുകള്‍ നല്‍കണമെന്ന് ഫ്രഞ്ച് വിദേശകാര്യ മന്ത്രി കാതറിന്‍ കൊളോണ സ്വരം കടുപ്പിച്ച് പറഞ്ഞു.
നാഗോര്‍ണോ-കരാബാഖ് മേഖലയിലേക്കുള്ള എക മാര്‍ഗമായ 'ലാച്ചിന്‍ ഇടനാഴി' അസര്‍ബൈജാന്‍ അടച്ചത് പൂര്‍ണമായും തുറന്നുകൊടുക്കണമെന്നും കൊളോണ ആവശ്യപ്പെട്ടു. അസര്‍ബൈജാന്‍ ഈ ഇടനാഴി അടച്ചതോടെ 120,000ല്‍പ്പരം അര്‍മേനിയന്‍ ക്രൈസ്തവര്‍ ഭക്ഷണമോ മരുന്നോ ഇല്ലാതെ മാസങ്ങളോളം കുടുങ്ങിക്കിടക്കുകയായിരുന്നു. മാസങ്ങള്‍ നീണ്ട തടസങ്ങള്‍ക്ക് ശേഷമാണ് അവിടെ സഹായം എത്തിയത്.
'ഈ മേഖലയിലേക്ക് അന്താരാഷ്ട്ര മാനുഷിക സഹായം എത്തുന്നതിനെ അസര്‍ബൈജാന്‍ അംഗീകരിക്കണം. ശൈത്യകാലം വരുന്നതിനാല്‍ സഹായം ഒഴിച്ചുകൂടാനാവാത്തതാണ്. ഇടനാഴി പൂര്‍ണമായും തുറന്നുകൊടുക്കുമെന്ന ഉറപ്പില്ലാതെ പരിഹാരം സാധ്യമല്ല - കാതറിന്‍ കൊളോണ ചൂണ്ടിക്കാട്ടി.
അസര്‍ബൈജാന് തങ്ങളുടെ സേന അന്താരാഷ്ട്ര നിയമങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ഉത്തരവാദിത്തമുണ്ടെന്ന് യുഎന്നിലെ യുഎസ് അംബാസഡര്‍ ലിന്‍ഡ തോമസ് ഗ്രീന്‍ഫീല്‍ഡ് പറഞ്ഞു. അവിടെ സ്ഥിതിഗതികള്‍ ഭയാനകമായി തുടരുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ജര്‍മ്മനി വിദേശകാര്യ മന്ത്രി അന്നലീന ബെയര്‍ബോക്കും അസര്‍ബൈജാനെ വിമര്‍ശിച്ചു.
അസര്‍ബൈജാനും അര്‍മീനിയയും സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്നു. അര്‍മേനിയയില്‍ ക്രൈസ്തവരും അസര്‍ബൈജാനില്‍ മുസ്ലിംകളുമാണു ഭൂരിപക്ഷം. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയ്ക്ക് ശേഷം നാഗോര്‍ണോ-കരാബാഖിനെച്ചൊല്ലി ഇരു രാജ്യങ്ങളും ദീര്‍ഘകാലമായി തര്‍ക്കത്തിലാണ്. ഇരു രാജ്യങ്ങളിലുമായി കിടക്കുന്ന വിശാല കരാബാഖ് പ്രദേശത്ത് ഇരു മതവിശ്വാസികളുമുണ്ടെങ്കിലും കരാബാഖ് മലയില്‍ അര്‍മേനിയന്‍ ക്രൈസ്തവരാണ് ബഹുഭൂരിപക്ഷവും.
കരാബാഖ് അസര്‍ബൈജാന്റെ പ്രവിശ്യയായാണ് അന്തര്‍ദേശീയമായി കണക്കാക്കപ്പെടുന്നത്. എന്നാല്‍ ഇവിടുത്തെ അര്‍മേനിയന്‍ ഭൂരിപക്ഷത്തിന് അര്‍മേനിയ സര്‍ക്കാരിന്റെ ശക്തമായ പിന്തുണയുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.