ഛിന്നഗ്രഹത്തിൽ നിന്ന് സാമ്പിളുകൾ ശേഖരിച്ച ബഹിരാകാശ പേടകം ഇന്ന് ഭൂമിയിലെത്തും; പ്രതീക്ഷയോടെ ശാസ്ത്ര ലോകം

ഛിന്നഗ്രഹത്തിൽ നിന്ന് സാമ്പിളുകൾ ശേഖരിച്ച ബഹിരാകാശ പേടകം ഇന്ന് ഭൂമിയിലെത്തും; പ്രതീക്ഷയോടെ ശാസ്ത്ര ലോകം

വാഷിം​ഗ്ടൺ ഡിസി: ഭൂമിയിൽ നിന്ന് 122 ദശലക്ഷം കിലോമീറ്റർ അകലെയുള്ള ബെന്നു എന്ന ഛിന്ന​ഗ്രഹത്തിൽ നിന്ന് സാമ്പിളുകൾ ശേഖരിച്ച് ഭൂമിയെ ലക്ഷ്യമാക്കിയെത്തുന്ന കൊച്ചു പേടകത്തെ സ്വീകരിക്കാനൊരുങ്ങി ശാസ്ത്ര ലോകം. 2020-ൽ നാസ വിക്ഷേപിച്ച ബഹിരാകാശ പേടകമായ ഒസിരിസ് റെക്സ് ബെന്നുവിന്റെ ഉപരിതലത്തിൽ ‘നൈറ്റിംങ് ഗേൽ’ എന്ന പ്രദേശത്ത് നിന്ന് മണ്ണും ചെറുപാറകളുമായി യൂട്ടോ മരുഭൂമിയിലാകും എത്തുക.

രാത്രിയോടെ പേടകം ഭൂമി തൊടുമെന്നാണ് വിവരം. ഇന്ത്യൻ സമയം രാത്രി 8.11-ന് അന്തരീക്ഷത്തിൽ പ്രവേശിക്കുന്ന കാപ്സ്യൂൾ 8.25-ന് യൂട്ടോ മരുഭൂമിയിലെത്തും. ലക്ഷക്കണക്കിന് ദൂരം താണ്ടി, ബെന്നുവിൽ നിന്നുള്ള പാറകളും മണ്ണും അടങ്ങുന്ന സാമ്പിളുകൾ ഭൂമിയിൽ പതിക്കും. ഒസൈറിസ് റെക്സ് എന്ന പേടകത്തിൽ ഘടിപ്പിച്ചാണ് ഈ ക്യാപ്സ്യൂളിനെ വിക്ഷേപിച്ചത്. പ്രധാന പേടകത്തിലെ ഉപകരണങ്ങൾ ഉപയോഗിച്ച് ബെന്നുവിലെ ചെറു ശിലാഭാഗങ്ങളും മറ്റും ശേഖരിച്ച് ക്യാപ്സ്യൂളിനുള്ളിൽ അടച്ചാണ് ഭൂമിയിലേക്ക് യാത്ര പുറപ്പെട്ടത്.

പ്രധാന പേടകത്തിൽ നിന്ന് വേർപ്പെടുന്ന ക്യാപ്സ്യൂളിന്റെ ചരിവ് എങ്ങനയെന്ന് അനുസരിച്ചാകും ദൗത്യത്തിന്റെ വിജയം. ക്യാപ്സ്യൂളിന്റെ ചരിവ് കൂടുതലാണെങ്കിൽ അത് തെന്നിമാറി തിരിച്ചെടുക്കാൻ കഴിയാത്ത വിധം ശൂന്യാകാശത്തേക്ക് വഴിമാറിയേക്കാം. ചരിവ് കുറവാണെങ്കിൽ അത് അന്തരീക്ഷത്തിൽ കത്തിയമരും. ശരിയായ ചരിവിലാണ് ഇറങ്ങുന്നതെങ്കിലും അതിന്റെ വേഗം കാരണം തീഗോളമായാകും ക്യാപ്സ്യൂൾ അന്തരീക്ഷത്തിലൂടെ കടന്നുപോവുക. ഇതിനിടെ ഉണ്ടാകുന്ന ശക്തമായ ചൂടിനെ മറികടക്കാൻ കഴിയുന്ന തരത്തിലാണ് സാമ്പിളുകൾ സൂക്ഷിച്ചിട്ടുള്ളത്.

ഫ്രിഡ്ജിന്റെ വലിപ്പത്തിലുള്ള ക്യാപ്സൂളിലാണ് ഇവ എത്തുക. യൂട്ടോ മരുഭൂമിയിലേക്ക് പാരച്യൂട്ട് ഉപയോഗിച്ച് സുരക്ഷിതമായി ഇറക്കും. ബെന്നുവിൽ നിന്നുള്ള സാംപിളുകൾക്ക് കേടുപാടുകൾ സംഭവിക്കാതിരിക്കാൻ ശാസ്ത്രഞ്ജർ അത് വേഗത്തിൽ വേർതിരിച്ചെടുക്കും. ഈ സാംപിളുകൾ ബെന്നു ഭൂമിയിൽ പതിക്കുന്നത് തടയാൻ വേണ്ടി മാത്രമല്ല ശേഖരിക്കുന്നത്. മറിച്ച് ഭൂമിയിലെ ജീവന്റെ ഉത്പത്തിയെക്കുറിച്ചു മനസിലാക്കുന്നതിന് കൂടി ഈ സാംപിളുകൾ സഹായിക്കുമെന്നാണ് കരുതുന്നത്.

അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയെ ഏറെ അമ്പരിപ്പിച്ച ആവേശകരമായ ബഹിരാകാശ ദൗത്യമായിരുന്നു ഒസൈറിസ് റെക്സ്. ഒരു ഛിന്നഗ്രഹത്തിൽ നിന്ന് സാമ്പിളുകൾ ശേഖരിച്ച് ശാസ്ത്രീയ പഠനങ്ങൾക്കായി ഭൂമിയിലെത്തിക്കാനുള്ള നാസ ആസൂത്രണം ചെയ്യുന്ന ആദ്യ ദൗത്യമെന്ന പ്രത്യേകത ഒസൈറിസ് റെക്സിനുണ്ട്.

കാപ്‌സ്യൂൾ അന്തരീക്ഷത്തിലേക്ക് വീണ്ടും പ്രവേശിക്കുമ്പോൾ അത് ട്രാക്കുചെയ്യാൻ സഹായിക്കുന്നതിന് ഓസ്ട്രേലിയയിലെ സർവകലാശാല ശാസ്ത്രജ്ഞനായ ഫാബിയൻ സാൻഡറിനെയും സംഘത്തെയും നാസ ക്ഷണിച്ചു. പരിശീലന പരിപാടികൾ സംഘം ആരംഭിച്ചു. കാപ്‌സ്യൂൾ സെക്കൻഡിൽ 12 കിലോമീറ്റർ വേഗതയിൽ ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുമെന്നാണ് കണക്കുകൂട്ടൽ. ഉപരിതല താപനില 3,000 ഡിഗ്രി സെൽഷ്യസ് വരെ എത്തും.

ബഹിരാകാശ പേടക രൂപകൽപ്പന ക്യാപ്‌സ്യൂളിൽ നിന്ന് ശേഖരിക്കുന്ന വിവരങ്ങൾ ബഹിരാകാശ പേടകത്തിന്റെ ഭാവി രൂപകല്പനയ്ക്ക് അത്യന്താപേക്ഷിതമാണ്. ഏജൻസിയുമായി ചേർന്ന് പ്രവർത്തിക്കുക എന്നത് ഒരു സ്വപ്നമാണെന്നും ഓസ്ട്രേലിയൻ സർവകലാശാല റിസർച്ച് അസോസിയേറ്റ് ജെറമി മോറൻ പറഞ്ഞു. ജപ്പാൻ എയ്‌റോസ്‌പേസ് എക്‌സ്‌പ്ലോറേഷൻ ഏജൻസി, സ്റ്റട്ട്‌ഗാർട്ട് യൂണിവേഴ്‌സിറ്റി, യൂണിവേഴ്‌സിറ്റി ഓഫ് ക്വീൻസ്‌ലാന്റ്, മറ്റ് നിരവധി ആഭ്യന്തര യുഎസ് ഓർഗനൈസേഷനുകൾ എന്നിവിടങ്ങളിൽ നിന്നുള്ള ശാസ്ത്രജ്ഞരും ദൗത്യത്തിൽ പങ്കെടുക്കുന്നുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.