ന്യൂഡല്‍ഹി: ഹര്‍ദിപ് സിങ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ത്യ-കാനഡ നയതന്ത്ര ബന്ധം ഉലയുന്നതിനിടെ കനേഡിയന്‍ സൈന്യത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തതായി പ്രഖ്യാപിച്ച് ഇന്ത്യന്‍ ഹാക്കര്‍മാര്‍. 'ഇന്ത്യന്‍ സൈബര്‍ ഫോഴ്സ്' എന്ന ഹാക്കര്‍മാരുടെ സംഘമാണ് ഉത്തരവാദിത്വം ഏറ്റെടുത്ത് രംഗത്തെത്തിയതെന്ന് 'ദി ടെലിഗ്രാഫ്' റിപ്പോര്‍ട്ട് ചെയ്തു.
ഉച്ചയോടെയാണ് വെബ്സൈറ്റിന്റെ പ്രവര്‍ത്തനത്തില്‍ തടസം നേരിട്ടതെന്ന് കനേഡിയന്‍ പ്രതിരോധ വകുപ്പ് വക്താവ് പറഞ്ഞു. സേനയുടെ മറ്റു സൈറ്റുകളുമായി ഹാക്ക് ചെയ്യപ്പെട്ട വെബ്സൈറ്റിന് ബന്ധമില്ലെന്നും കാര്യമായ പ്രശ്നങ്ങളുണ്ടായതിന്റെ സൂചനകളൊന്നും തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്നും അദേഹം വ്യക്തമാക്കി. കനേഡിയന്‍ സേന വിഷയത്തില്‍ വിശദമായ അന്വേഷണം നടത്തി വരികയാണ്.
സെപ്റ്റംബര്‍ 21 ന് കാനഡയ്ക്കെതിരെ 'ഇന്ത്യന്‍ സൈബര്‍ ഫോഴ്സ്' ഹാക്കിങ് ഭീഷണി മുഴക്കിയിരുന്നു. സെപ്റ്റംബര്‍ 22 ന് കനേഡിയന്‍ സര്‍ക്കാരിന്റെ ഇന്ത്യാവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ അതൃപ്തി പ്രകടിപ്പിച്ച് പോസ്റ്റ് പങ്ക് വെക്കുകയും ചെയ്തിരുന്നു.
അതിനിടെ ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തില്‍ കാനഡ നടത്തുന്ന അന്വേഷണത്തോട് ഇന്ത്യ സഹകരിക്കണമെന്ന് അമേരിക്ക ആവര്‍ത്തിച്ചു. വിദേശ കാര്യമന്ത്രി എസ്. ജയശങ്കറും യു.എസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കനും തമ്മില്‍ കൂടിക്കാഴ്ച നടക്കാനിരിക്കേയാണ് അമേരിക്ക നിലപാടാവര്‍ത്തിക്കുന്നത്.
ഇന്ത്യന്‍ സമയം ഇന്ന് രാത്രി 12 നാണ് ജയശങ്കര്‍ ആന്റണി ബ്ലിങ്കനുമായി കൂടിക്കാഴ്ച നടത്തുന്നത്. യു.എന്‍ ജനറല്‍ അസംബ്ലിക്കിടെ ഇരു നേതാക്കളും കണ്ടെങ്കിലും ഇന്ത്യ-കാനഡ നയതന്ത്ര വിഷയം ചര്‍ച്ചയായില്ലെന്നാണ് അമേരിക്ക വ്യക്തമാക്കിയത്. എന്നാല്‍ അന്വേഷണത്തോട് സഹകരിക്കണമെന്ന് ആന്റണി ബ്ലിങ്കന്‍ തന്നെ ആവശ്യപ്പെട്ട സാഹചര്യത്തില്‍ ഇന്നത്തെ കൂടിക്കാഴ്ച നിര്‍ണായകമാണ്.
അതേസമയം വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നിലപാട് കടുപ്പിക്കുന്നതിനിടെ ഡല്‍ഹിയില്‍ ഖാലിസ്ഥാനി ചുവരെഴുത്തുകള്‍ പ്രത്യക്ഷപ്പെട്ടു. സര്‍ക്കാരിനെ വെല്ലുവിളിച്ചുള്ളതെന്ന് സൂചനയുള്ള ചുവരെഴുത്തുകള്‍ കശ്മീരി ഗേറ്റ് ഫ്‌ളൈ ഓവറിലാണ് കണ്ടത്. എഴുത്തുകള്‍ മായ്ച്ചു കളഞ്ഞ ഡല്‍ഹി പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ജി 20 ഉച്ചകോടി നടക്കുന്നതിനിടെ ഡല്‍ഹിയിലെ മെട്രോ സ്റ്റേഷനുകളിലും ഖലിസ്ഥാനി ചുവരെഴുത്തുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26