ചന്ദ്രയാന്‍ 3 നെതിരെ ആരോപണവുമായി ചൈനീസ് ശാസ്ത്രജ്ഞര്‍; ലക്ഷ്യം ഇന്ത്യന്‍ നേട്ടത്തെ ഇകഴ്ത്തല്‍

ചന്ദ്രയാന്‍ 3 നെതിരെ ആരോപണവുമായി ചൈനീസ് ശാസ്ത്രജ്ഞര്‍; ലക്ഷ്യം ഇന്ത്യന്‍ നേട്ടത്തെ ഇകഴ്ത്തല്‍

ബെയ്ജിങ്: ഇന്ത്യയുടെ അഭിമാനമായ ചന്ദ്രയാന്‍ ദൗത്യത്തിനെതിരെ ആരോപണവുമായി ചൈനീസ് ശാസ്ത്രജ്ഞന്‍. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിനടുത്ത് പേടകം ഇറക്കുകയെന്ന മറ്റൊരു രാജ്യത്തിനും ഇതുവരെ സാധിച്ചിട്ടില്ലാത്ത നേട്ടവും ചന്ദ്രയാന്‍ 3 യിലൂടെ ഇന്ത്യ കൈവരിച്ചു.

എന്നാല്‍ ചൈനയുടെ ചാന്ദ്ര പര്യവേക്ഷണ ദൗത്യങ്ങളുടെ പിതാവെന്നറിയപ്പെടുന്ന ഔയാങ് സിയുവാന്റെ നേതൃത്വത്തിലുള്ള ഒരുകൂട്ടം ശാസ്ത്രജ്ഞര്‍ ഇന്ത്യയുടെ ഈ അവകാശ വാദം തെറ്റാണെന്ന വാദവുമായി രംഗത്തെത്തിയിരിക്കുകയാണ്. ഇന്ത്യ ചന്ദ്രയാന്‍ 3 ലാന്‍ഡിങ് നേട്ടം അമിതമായി കൊട്ടിഘോഷിക്കുകയാണെന്ന് സിയുവാന്‍ അവകാശപ്പെടുന്നു.

ചൈനീസ് മാധ്യമമായ സയന്‍സ് ടൈമാണ് ഇതു സംബന്ധിച്ച വാര്‍ത്ത നല്‍കിയത്. 69 ഡിഗ്രി ദക്ഷിണ അക്ഷാംശത്തിലാണ് ചന്ദ്രയാന്‍ 3 ഇറങ്ങിയ സ്ഥലം. അത് ദക്ഷിണധ്രുവം അല്ല. 88.5 ഡിഗ്രിയ്ക്കും 90 ഡിഗ്രിയ്ക്കും ഇടയിലുള്ള പ്രദേശത്തെയാണ് ദക്ഷിണ ധ്രുവമായി കണക്കാക്കുന്നതെന്നും സിയുവാന്‍ പറയുന്നു.

ഇന്ത്യന്‍ മാധ്യമങ്ങളിലും പ്രസിദ്ധീകരണങ്ങളിലും ചന്ദ്രയാന്‍ 3 ഇറങ്ങിയത് ദക്ഷിണ ധ്രുവത്തിലാണെന്ന് പറയുന്നുണ്ടെങ്കിലും ദക്ഷിണധ്രുവത്തിനടുത്ത പ്രദേശം എന്ന് തന്നെയാണ് ഐഎസ്ആര്‍ഒയും ഔദ്യോഗികമായി പറയുന്നത്.

'ചന്ദ്രയാന്‍ 3 ഇറങ്ങിയ സ്ഥലം ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലോ അതിനടുത്തോ അല്ല. ധ്രുവമേഖയില്‍ നിന്ന് 619 കിലോമീറ്റര്‍ അകലെയാണ് ചന്ദ്രയാന്‍ 3 ഇറങ്ങിയ സ്ഥലം'- സിയുവാന്‍ പറയുന്നു.

ബഹിരാകാശ രംഗത്തുള്‍പ്പടെ വിവിധ മേഖലയില്‍ ഇന്ത്യയുടെ പ്രധാന എതിരാളിയാണ് ചൈന എല്ലാവര്‍ക്കം അറിയുന്ന കാര്യമാണ്. ചന്ദ്രയാന്‍ 3 ന്റെ നേട്ടങ്ങളെ ഇകഴ്ത്തി സംസാരിക്കുന്ന ആദ്യ ചൈനീസ് ശാസ്ത്രജ്ഞനല്ല സിയുവാന്‍. മുമ്പ് ബെയ്ജിങില്‍ നിന്നുള്ള ബഹിരാകാശ വിദഗ്ദനായ പാങ് ഷിഹാവോ എന്നയാളും ഇന്ത്യയേക്കാള്‍ മുന്നില്‍ ചൈനയാണെന്ന വാദവുമായി രംഗത്തെത്തിയിരുന്നു.

പ്രഗ്യാന്‍ റോവറിന്റെ കാലദൈര്‍ഘ്യം ഒരു ചാന്ദ്രദിനം മാത്രമാണെങ്കില്‍ ആണവോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന ചൈനയുടെ യുടു 2 റോവറിന് ദീര്‍ഘനാള്‍ ചാന്ദ്ര ഉപരിതലത്തില്‍ ചെലവഴിച്ച റെക്കോര്‍ഡുണ്ടെന്നും ഷിഹാവോ പറഞ്ഞു.

അതേസമയം ചൈന ഈ അവകാശ വാദങ്ങളൊക്കെ ഉന്നയിക്കുന്നുണ്ടെങ്കിലും ചന്ദ്രനില്‍ ഇത്രയധികം ദൂരം സഞ്ചരിച്ചെത്താന്‍ ചൈനയുള്‍പ്പടെ ഇതുവരെ ചന്ദ്രനില്‍ പേടകം ഇറക്കിയ രാജ്യങ്ങള്‍ക്കൊന്നും സാധിച്ചിട്ടില്ല. റഷ്യയുടെ ഇതിനായുള്ള ശ്രമം അടുത്തിടെ പരാജയപ്പെട്ടിരുന്നു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.