റിയാദ്: സൗദിയിലെ പൊതുസ്ഥലങ്ങളില്‍ പുസ്തകങ്ങള്‍ വായിച്ചുകേള്‍ക്കാന്‍ സാധിക്കുന്ന ഓഡിയോ ബുക്ക് ലൈബ്രറി സ്ഥാപിച്ചു. ആളുകള്‍ ഒത്തുകൂടുന്ന പൊതുസ്ഥലങ്ങളില്‍ ലൈബ്രറി സേവനങ്ങള്‍ ലഭ്യമാക്കുന്ന 'മസ്മൂഅ്' കാബിന്‍ പദ്ധതിക്ക് റിയാദില്‍ തുടക്കമായി. ലൈബ്രറി അതോറിറ്റി സി.ഇ.ഒ ഡോ. അബ്ദുറഹ്‌മാന്‍ ബിന്‍ നാസര്‍ അല്‍ആസിം കാബിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. കിങ് ഫഹദ് നാഷണല്‍ ലൈബ്രറി പാര്‍ക്കിലാണ് ഓഡിയോ ബുക്ക് കിയോസ്‌ക് സ്ഥാപിച്ചത്.
പുസ്തകങ്ങളുടെ വലിപ്പം, വിഷയം, ഏറ്റവുമധികം ശ്രവിച്ചത്, മറ്റുള്ളവ എന്നിവ അനുസരിച്ച് പുസ്തകങ്ങള്‍ ബ്രൗസ് ചെയ്ത് കേള്‍ക്കാന്‍ കഴിയും. തുടര്‍ന്ന് ആവശ്യമുള്ള ഓഡിയോ ഫയല്‍ തെരഞ്ഞെടുത്ത് കേള്‍ക്കാം. ഉപകരണം വഴി ഒരു ചെറിയ ക്ലിപ്പ് നേരിട്ട് കേള്‍ക്കാനോ, ക്യു.ആര്‍ കോഡ് സ്‌കാന്‍ ചെയ്തു മൊബൈല്‍ ഫോണ്‍ വഴി മുഴുവന്‍ ഓഡിയോ ഫയല്‍ കേള്‍ക്കാനോ ആളുകള്‍ക്ക് സാധിക്കും.
റിയാദ് കൂടാതെ ജിദ്ദ, കിഴക്കന്‍ പ്രവിശ്യ എന്നിവിടങ്ങളില്‍ ഇത്തരത്തില്‍ നിരവധി കാബിനുകള്‍ സ്ഥാപിക്കും. ഓഡിയോ കാബിന്‍ ഒരു വിജ്ഞാന സ്രോതസായി അവതരിപ്പിക്കാനാണ് അതോറിറ്റി ലക്ഷ്യമിടുന്നത്. ആര്‍ക്കും വേഗത്തില്‍ ഉപയോഗിക്കാന്‍ പാകത്തിലാണ് കാബിന്‍ ഒരുക്കിയിരിക്കുന്നത്. മൊബൈല്‍ ഫോണ്‍ വഴി ഓഡിയോ ഉള്ളടക്കം കേള്‍ക്കാന്‍ ഉപയോക്താക്കളെ കാബിന്‍ അനുവദിക്കും.
പാര്‍ക്കിലെത്തുന്നവര്‍ക്ക് സൗകര്യപ്രദമായ രീതിയില്‍ പുസ്തകങ്ങള്‍ വായിച്ചുകേള്‍ക്കാനാവും. ലൈബ്രറി അതോറിറ്റിയുടെ പ്രധാന സംരംഭങ്ങളില്‍ ഒന്നാണിത്. ഈ വര്‍ഷം തുടക്കത്തില്‍ അല്‍അഹ്സ നഗരത്തില്‍ അതോറിറ്റി ആരംഭിച്ച പദ്ധതിയുടെ രണ്ടാം ഘട്ടമായാണ് റിയാദില്‍ ഓഡിയോ കാബിന്‍ ആരംഭിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.