ഏഷ്യന്‍ ഗെയിംസ് ടെന്നിസ് മിക്‌സഡ് ഡബിള്‍സില്‍ ഇന്ത്യയ്ക്ക് സ്വര്‍ണം

ഏഷ്യന്‍ ഗെയിംസ് ടെന്നിസ് മിക്‌സഡ് ഡബിള്‍സില്‍ ഇന്ത്യയ്ക്ക് സ്വര്‍ണം

ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസ് ടെന്നിസ് മിക്‌സഡ് ഡബിള്‍സില്‍ സ്വര്‍ണം നേടി ഇന്ത്യ. ഇന്ത്യയുടെ രോഹന്‍ ബൊപ്പണ്ണ-ഋതുജ ഭോസാലെ സഖ്യം ചൈനീസ് തായ്‌പേയിയുടെ ലിയാങ് എന്‍ ഷുവോ-ഹുവാങ് സുങ് ഹാവോ സഖ്യത്തെ ഫൈനലില്‍ പരാജയപ്പെടുത്തിയാണ് സ്വര്‍ണത്തില്‍ മുത്തമിട്ടത്.

ആദ്യ സെറ്റില്‍ പരാജയപ്പെട്ട ശേഷം ശക്തമായി തിരിച്ചുവരവ് നടത്തിയാണ് ഇന്ത്യന്‍ സഖ്യം സ്വര്‍ണം പിടിച്ചത്. സ്‌കോര്‍ 2-6, 6-3, 10-4.

ആദ്യ സെറ്റില്‍ തികച്ചും നിറംമങ്ങിയ ഇന്ത്യന്‍ താരങ്ങള്‍ പൊരുതുകപോലും ചെയ്യാതെ കീഴടങ്ങി. എന്നാല്‍ രണ്ടാം സെറ്റില്‍ ശക്തമായി തിരിച്ചുവന്ന ഇന്ത്യന്‍ ജോഡി 6-3ന് രണ്ടാം സെറ്റ് വിജയിച്ചു.

3-3 എന്നായിരുന്നു ഒരു ഘട്ടത്തില്‍ പോയിന്റ് നില. പക്ഷേ ഇന്ത്യന്‍ സംഘത്തിന്റെ കരുത്താര്‍ന്ന സ്മാഷുകള്‍ക്ക് മുന്നില്‍ ചൈനീസ് തായ്‌പെ കീഴടങ്ങി. മൂന്നാം സെറ്റ് 10-4ന് ജയിച്ച് സ്വര്‍ണവും സ്വന്തമാക്കി.

ഇരു സഖ്യങ്ങളും ഓരോ സെറ്റ് വീതം നേടിയപ്പോള്‍ വിജയികളെ നിര്‍ണയിക്കാന്‍ മത്സരം ടൈബ്രേക്കറിലേക്ക് നീണ്ടു. ആദ്യ പോയിന്റുകള്‍ ഇന്ത്യ നേടിയത് ചൈനയെ സമ്മര്‍ദ്ദത്തിലാക്കി. 10-4ന് ഇന്ത്യയുടെ വിജയം.

ഏഷ്യന്‍ ?ഗെയിംസില്‍ ഇത്തവണ ടെന്നിസില്‍ ഇന്ത്യ നേടുന്ന രണ്ടാത്തെ മെഡലാണ് ബൊപ്പണ്ണ-ഋതുജ സഖ്യത്തിന്റേത്. ഇന്നലെ ഇന്ത്യയുടെ രാംകുമാര്‍ രാമനാഥന്‍-സാകേത് മൈനേനി സഖ്യവും ഇന്ത്യയ്ക്ക് വേണ്ടി വെള്ളി മെഡല്‍ സ്വന്തമാക്കിയിരുന്നു.

ബോക്‌സിങ്ങില്‍ ഇന്ത്യന്‍ പ്രതീക്ഷകള്‍ ഉണര്‍ത്തി ലവ്‌ലിന ബോര്‍ഗൊഹെന്‍ സെമിയില്‍ പ്രവേശിച്ചു. കൊറിയയുടെ സിയോങ്ക സുയോനെ പരാജയപ്പെടുത്തിയാണ് ഇന്ത്യന്‍ താരത്തിന്റെ മുന്നേറ്റം.

ഏഷ്യന്‍ ഗെയിംസില്‍ ഇന്ന് ഇന്ത്യ രണ്ട് മെഡലുകള്‍ കൂടെ സ്വന്തമാക്കി. നേരത്തെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്‌സഡ് ഡബിള്‍സിലും ഇന്ത്യ വെള്ളിയണിഞ്ഞിരുന്നു. ഏഷ്യന്‍ ?ഗെയിംസില്‍ ഇന്ത്യയുടെ മെഡല്‍നേട്ടം 35ലെത്തി. ഒന്‍പത് സ്വര്‍ണവും 13 വെള്ളിയും 13 വെങ്കലവും ഉള്‍പ്പടെയാണ് ഇന്ത്യയുടെ നേട്ടം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.