കൊച്ചി: കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ ആര്‍ത്തിരമ്പിയ മഞ്ഞപ്പടയുടെ ആവേശം വാനോളമുയര്‍ത്തി കേരള ബ്ലാസ്റ്റേഴ്സിന് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2023 സീസണിലെ തുടര്‍ച്ചയായ രണ്ടാം ജയം. അഡ്രിയന്‍ ലൂണ 74ാം മിനിട്ടില്‍ നേടിയ ഏകഗോളിനാണ് ബ്ലാസ്റ്റേഴ്സിന്റെ വിജയം.
ആരാധകരുടെ ആവേശത്തിന് ഒപ്പം ആദ്യ പകുതിയിലും ആക്രമിച്ചു കളിച്ചുവെങ്കിലും കേരള ബ്ലാസ്റ്റേഴ്സിന് ആദ്യപകുതിയില്‍ ഗോള്‍ കണ്ടെത്താനായില്ല. രണ്ടാം പകുതിയില്‍ ആവേശം അതിര്‍വരമ്പുകള്‍ ലംഘിക്കുന്നതിനും കൊച്ചി സാക്ഷിയായി.ഇടയ്ക്ക് ബ്ലാസ്റ്റേഴ്സ് താരങ്ങളും ജംഷഡ്പൂര്‍ താരങ്ങളും തമ്മില്‍ വാക്കു തര്‍ക്കവുമുണ്ടായെങ്കിലും റഫറി ഇടപെട്ട് പ്രശ്നം വഷളാകാതെ പരിഹരിച്ചു.
ഗോള്‍രഹിത ആദ്യപകുതിക്കു ശേഷം കൂടുതല്‍ ഉണര്‍വോടെ കല്‍ച്ച കേരള ബ്ലാസ്റ്റേഴ്സ് ജംഷഡ്പൂര്‍ ഗോള്‍മുഖത്ത് നിരന്തര ആക്രമണം നടത്തിയെങ്കിലും എതിരാളികളുടെ വല കുലുക്കുന്നതിന് സാധിച്ചില്ല. മറുവശത്ത് ജംഷഡ്പൂരും ആക്രമണം അഴിച്ചുവിട്ടതോടെ കളി വാശിയേറിയതായി.
ഏതാനും നല്ല നീക്കങ്ങള്‍ നടത്തിയെങ്കിലും ഇരുടീമുകള്‍ക്കും ഗോള്‍ കണ്ടെത്താനായില്ല. മികച്ച ചില സേവുകള്‍ക്കും കൊച്ചി സാക്ഷിയായി. ഒടുവില്‍ 74ാം മിനിട്ടില്‍ കേരളവും കൊച്ചിയുടെ സ്വന്തം മഞ്ഞപ്പടയും കാത്തിരുന്ന സുവര്‍ണ നിമിഷമെത്തി. അഡ്രിയന്‍ ലൂണയുടെ ബൂട്ടില്‍ നിന്നു പറന്ന പന്ത് ജംഷഡ്പൂരിന്റെ ഗോള്‍വല കുലുക്കിയതോടെ സ്റ്റേഡിയം ആവേശത്തിലമര്‍ന്നു.
ബ്ലാസ്റ്റേഴ്സാണ് കൂടുതല്‍ സമയവും പന്തു കൈയ്യില്‍ വെച്ചതും കളി നിയന്ത്രിച്ചതും. ഏതാനും നല്ല മുന്നേറ്റങ്ങള്‍ ജംഷഡ്പൂര്‍ നടത്തിയെങ്കിലും ബ്ലാസ്റ്റേഴ്സിന്റെ മികച്ച പ്രതിരോധം അവര്‍ക്കു മുന്നില്‍ വെല്ലുവിളിയായി നിലനിന്നു.
ആദ്യ മല്‍സരത്തില്‍ ബംഗളൂരു എഫ്സിയെ 2-1ന് തോല്‍പ്പിച്ച ബ്ലാസ്റ്റേഴ്സിന് തുടര്‍ച്ചയായ രണ്ടാം ജയത്തോടെ 6 പോയിന്റായി. രണ്ട് ജയത്തോടെ സീസണ് നല്ലൊരു തുടക്കം കുറിച്ച ബ്ലാസ്റ്റേഴ്സ് പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് നിലവില്‍. ഒക്ടോബര്‍ എട്ടാം തീയതി മുംബൈ എഫ്സിക്കെതിരെ മുംബൈയിലാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മല്‍സരം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.