ക്വാണ്ടം ഡോട്ടുകളുടെ കണ്ടെത്തല്‍: മൂന്ന് അമേരിക്കന്‍ ശാസ്ത്രജ്ഞര്‍ക്ക് രസതന്ത്രത്തിനുള്ള നൊബേല്‍

ക്വാണ്ടം ഡോട്ടുകളുടെ കണ്ടെത്തല്‍: മൂന്ന് അമേരിക്കന്‍ ശാസ്ത്രജ്ഞര്‍ക്ക് രസതന്ത്രത്തിനുള്ള നൊബേല്‍

സ്റ്റോക്ക്ഹോം: ഇത്തവണത്തെ രസതന്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരത്തിന് മൂന്ന് അമേരിക്കന്‍ ശാസ്ത്രജ്ഞര്‍ അര്‍ഹരായി. നാനോ ടെക്നോളജിയിയിലെ പുതിയ കണ്ടുപിടുത്തത്തിനാണ് അംഗീകാരം. 2023 ലെ ക്വാണ്ടം ഡോട്ടുകള്‍ കണ്ടെത്തി വികസിപ്പിച്ച മൗംഗി ജി. ബവേന്‍ഡി, ലൂയിസ് ഇ. ബ്രുസ്, അലെക്സി ഐ. ഇക്കിമോവ് എന്നിവരാണ് പുരസ്‌കാരം പങ്കിട്ടത്.

ക്വാണ്ടം ഡോട്ടുകളുടെ കണ്ടെത്തലോടെ, ഈ ശാസ്ത്രജ്ഞര്‍ നാനോ ടെക്നോളജിയില്‍ പുതിയ വിത്തു വിതയ്ക്കുകയാണ് ചെയ്തതെന്ന് സ്വീഡിഷ് അക്കാദമി വ്യക്തമാക്കി. ടെലിവിഷനും എല്‍.ഇ.ഡി. വിളക്കുകളും മുതല്‍ സര്‍ജറിയുടെ രംഗത്ത് വരെ നാനോ ഡോട്ടുകളുടെ കണ്ടെത്തല്‍ ഇന്ന് പ്രയോഗിക്കപ്പെടുന്നു.

ആറ്റത്തിലെ ഇലക്ട്രോണുകളുടെ എണ്ണം അനുസരിച്ചാണ് ഒരു മൂലകത്തിന്റെ സവിശേഷതകള്‍ കണക്കാക്കുന്നതെന്ന് രസതന്ത്രം പഠിക്കുന്നവര്‍ക്കറിയാം. എന്നാല്‍, പദാര്‍ഥങ്ങള്‍ തീരെച്ചെറിയ നാനോതലത്തിലെത്തുമ്പോള്‍ കാര്യങ്ങള്‍ അടിമുടി മാറും. നാനോതലത്തില്‍ കാര്യങ്ങളുടെ നിയന്ത്രണം ക്വാണ്ടം പ്രതിഭാസങ്ങള്‍ക്കാണ്. പദാര്‍ഥത്തിന്റെ വലുപ്പത്തിന് അല്ലെങ്കില്‍ വലുപ്പക്കുറവിനാണ് പ്രാധാന്യം എന്നുവരുന്നു.

ഇങ്ങനെ, ക്വാണ്ടം പ്രതിഭാസം കാര്യങ്ങളെ നിയന്ത്രിക്കാന്‍ പാകത്തിലുള്ള സൂക്ഷ്മകണങ്ങളെ രൂപപ്പെടുത്തുന്നതില്‍ വിജയിച്ചവരാണ്, ഇത്തവണത്തെ നൊബേല്‍ ജേതാക്കളായത്. ക്വാണ്ടം ഡോട്ടുകളെന്ന് പദാര്‍ഥത്തിന്റെ സൂക്ഷ്മ കണങ്ങളെ വിളിക്കുന്നു. നാനോടെക്നോളജി രംഗത്തെ വന്‍മുന്നേറ്റമെന്നാണ് ക്വാണ്ടം ഡോട്ടുകളുടെ കണ്ടെത്തല്‍ വിലയിരുത്തപ്പെടുന്നത്.

വലുപ്പത്തിന്റെ അടിസ്ഥാനത്തില്‍, നാനോകണങ്ങളില്‍ വ്യത്യസ്ത ക്വാണ്ടം സവിശേഷതകള്‍ സാധ്യമാകുമെന്ന് സൈദ്ധാന്തികമായി ഏറെക്കാലമായി അറിയാവുന്ന സംഗതിയാണ്. എന്നാല്‍, നാനോ മാനങ്ങളിലേക്ക് പദാര്‍ഥകണങ്ങളെ എത്തിക്കുക അസാധ്യമെന്ന് മിക്കവരും കരുതി.

അസാധ്യമെന്ന് കരുതിയത് യാഥാര്‍ഥ്യമാക്കിയവരാണ് ഇത്തവണത്തെ കെമിസ്ട്രി നൊബേല്‍ ജേതാക്കള്‍. ന്യൂയോര്‍ക്കില്‍ നാനോക്രിസ്റ്റല്‍സ് ടെക്നോളജി ഇന്‍കോര്‍പ്പറേറ്റഡിലെ അലെക്സി ഇക്കിമോവ് 1980 കളുടെ തുടക്കത്തില്‍ ആരംഭിച്ച ഗവേഷണമാണ് പുതിയ കണ്ടുപിടുത്തത്തിലേക്ക് നയിച്ചത്.

ഇക്കിമോവ് തുടക്കമിട്ട പഠനം, ഏതാനും വര്‍ഷത്തിന് ശേഷം ന്യൂയോര്‍ക്കിലെ തന്നെ കൊളംബിയ യൂണിവേഴ്സിറ്റിയിലെ ലൂയിസ് ബ്രുസ് മുന്നോട്ട് നയിച്ചു. തുടര്‍ന്ന് രംഗത്തെത്തിയത് മസാച്യൂസെറ്റ്സ് ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ടെക്നോളജി (എം.ഐ.ടി) യിലെ മൗംഗി ബവേന്‍ഡിയാണ്.

അദ്ദേഹം ക്വാണ്ടം ഡോട്ടുകളുടെ രാസപരമായ നിര്‍മാണം വിപ്ലവകരമായി നവീകരിച്ചു. അതോടെ, വിവിധ ഉപയോഗങ്ങള്‍ക്ക് പദാര്‍ഥത്തിന്റെ ആ സൂക്ഷ്മ കണങ്ങളെ ഉപയോഗിക്കാന്‍ വഴി തുറന്നു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.