കര്‍ദിനാള്‍ ടെലിസ്ഫോര്‍ പ്ലാസിഡസ് ടോപ്പോ കാലം ചെയ്തു; വിട പറഞ്ഞത് കര്‍ദിനാള്‍ പദവിയിലെത്തിയ ഏക ഏഷ്യന്‍ ഗോത്ര വര്‍ഗക്കാരന്‍

കര്‍ദിനാള്‍ ടെലിസ്ഫോര്‍ പ്ലാസിഡസ്  ടോപ്പോ കാലം ചെയ്തു; വിട പറഞ്ഞത് കര്‍ദിനാള്‍ പദവിയിലെത്തിയ ഏക ഏഷ്യന്‍ ഗോത്ര വര്‍ഗക്കാരന്‍

റാഞ്ചി: ഇന്ത്യയിലെ കത്തോലിക്ക മെത്രാന്‍ സമിതിയുടെ മുന്‍ പ്രസിഡന്റും റാഞ്ചി മുന്‍ ആര്‍ച്ച് ബിഷപ്പുമായ കര്‍ദിനാള്‍ ടെലിസ്ഫോര്‍ പ്ലാസിഡസ് ടോപ്പോ കാലം ചെയ്തു. 84 വയസായിരുന്നു.

ഇന്ന് ഉച്ചകഴിഞ്ഞ് 3.45 ന് റാഞ്ചിയിലെ മന്ദറിലുള്ള കോണ്‍സ്റ്റന്റ് ലിവന്‍സ് ആശുപത്രിയിലായിരുന്നു അന്ത്യം. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് കഴിഞ്ഞ ഏതാനും മാസങ്ങളായി ഇതേ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സംസ്‌കാരം പിന്നീട്. 1978 മുതല്‍ 1984 വരെ ദുംക ബിഷപ്പും 1985-2018 കാലയളവില്‍ റാഞ്ചി ആര്‍ച്ച് ബിഷപ്പുമായിരുന്നു.

1939 ഒക്ടോബര്‍ 15 ന് ജാര്‍ഖണ്ഡിലെ ഗുംല ജില്ലയില്‍പ്പെട്ട ജാര്‍ഗാവിലായിരുന്നു ജനനം. കര്‍ഷകരായ ആംബ്രോസ് ടോപ്പോയുടെയും സോഫിയ സാല്‍ക്‌സോയുടെയും പത്ത് മക്കളില്‍ എട്ടാമനായിരുന്നു ടെലിസ്‌ഫോര്‍. ഗ്രാമത്തില്‍ തന്നെ പ്രാഥമിക വിദ്യാഭ്യാസം നേടിയ ടെലിസ്‌ഫോര്‍ അപ്പര്‍ പ്രൈമറി വിദ്യാഭ്യാസം ബാര്‍വേ നഗറിലും ഹൈസ്‌കൂള്‍ പഠനം ചെയിന്‍പൂരിലും പൂര്‍ത്തിയാക്കി.

ബെല്‍ജിയന്‍ വൈദികരുടെ ജീവിത ശൈലിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട അദേഹം പിന്നീട് സെന്റ് ആല്‍ബര്‍ട്ട്‌സ് സെമിനാരിയില്‍ ചേര്‍ന്നു. റാഞ്ചിയിലെ സെന്റ് സേവ്യേഴ്സ് കോളജില്‍ നിന്ന് ബിരുദവും റാഞ്ചി സര്‍വകലാശാലയില്‍ നിന്ന് ചരിത്രത്തില്‍ ബിരുദാനന്തര ബിരുദവും നേടി. തുടര്‍ന്ന് റാഞ്ചിയിലെ സെന്റ് ആല്‍ബര്‍ട്ട്‌സ് കോളജില്‍ തത്ത്വശാസ്ത്ര പഠനം തുടര്‍ന്ന ടെലിസ്‌ഫോര്‍ ദൈവശാസ്ത്ര പഠനത്തിനായി പിന്നീട് റോമിലെ പൊന്തിഫിക്കല്‍ അര്‍ബന്‍ യൂണിവേഴ്‌സിറ്റിയില്‍ ചേര്‍ന്നു.

1969 മെയ് എട്ടിന് സ്വിറ്റ്സര്‍ലന്‍ഡിലെ ബാസലില്‍ ബിഷപ്പ് ഫ്രാന്‍സിസ്‌കസില്‍ നിന്ന് വൈദികനായി അഭിഷിക്തനായി. വൈകാതെ ഇന്ത്യയിലേക്ക് മടങ്ങിയ അദേഹം ടോര്‍പ്പയിലെ സെന്റ് ജോസഫ്‌സ് ഹൈസ്‌കൂളില്‍ അധ്യാപകനായും ആക്ടിംഗ് പ്രിന്‍സിപ്പലായും സേവനമനുഷ്ഠിച്ചു.

1978 ജൂണ്‍ എട്ടിന്് ദുംക ബിഷപ്പായി അഭിഷിക്തനായി. 1984 നവംബര്‍ എട്ടിന് വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ അദേഹത്തെ റാഞ്ചിയിലെ കോഡ്ജൂട്ടര്‍ ആര്‍ച്ച് ബിഷപ്പായി നാമനിര്‍ദേശം ചെയ്തു. 1985 ഓഗസ്റ്റ് ഏഴിന് റാഞ്ചി ആര്‍ച്ച് ബിഷപ്പായി നിയമിതനായി.

2003 ഒക്ടോബര്‍ 21 ന് ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ ആര്‍ച്ച് ബിഷപ്പ് ടെലിസ്ഫോര്‍ ടോപ്പോയെ കര്‍ദിനാളായി ഉയര്‍ത്തി. ഇത്തരമൊരു വിശിഷ്ട സഭാ പദവി ലഭിച്ച ഏക ഏഷ്യന്‍ ഗോത്ര വര്‍ഗക്കാരനാണ് അദേഹം. ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയെ തിരഞ്ഞെടുത്ത 2005 ഏപ്രിലിലെ കോണ്‍ക്ലേവിലും ഫ്രാന്‍സിസ് മാര്‍പാപ്പയെ തിരഞ്ഞെടുത്ത 2013 മാര്‍ച്ചിലെ കോണ്‍ക്ലേവിലും അദേഹം പങ്കെടുത്തു.

2016 നവംബര്‍ 28 മുതല്‍ ഡിസംബര്‍ നാല് വരെ ശ്രീലങ്കയിലെ കൊളംബോയില്‍ നടന്ന ഫെഡറേഷന്‍ ഓഫ് ഏഷ്യന്‍ ബിഷപ്പ് കോണ്‍ഫറന്‍സസിന്റെ പ്ലീനറി അസംബ്ലിയിലെ തന്റെ പ്രത്യേക ദൂതനായി ഫ്രാന്‍സിസ് മാര്‍പാപ്പ കര്‍ദനാള്‍ ടെലസ്ഫോര്‍ പ്ലാസിഡസ് ടോപ്പോയെയാണ് നിയമിച്ചത്. ജാര്‍ഖണ്ഡില്‍ നടത്തിയ വിശിഷ്ട സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്ക് 2002 ല്‍ ജാര്‍ഖണ്ഡ് രത്തന്‍ അവാര്‍ഡ് നല്‍കി അദേഹത്തെ ആദരിച്ചു.വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.