പവന്‍ കല്യാണിന്റെ ജനസേനയും എന്‍ഡിഎ വിട്ടു: ഇനി ടിഡിപിയ്‌ക്കൊപ്പം

പവന്‍ കല്യാണിന്റെ  ജനസേനയും എന്‍ഡിഎ വിട്ടു: ഇനി ടിഡിപിയ്‌ക്കൊപ്പം

ഹൈദരാബാദ്: തമിഴ്‌നാട്ടില്‍ എഐഎഡിഎംകെ എന്‍ഡിഎ സഖ്യം ഉപേക്ഷിച്ചതിന് പിന്നാലെ ആന്ധ്രയില്‍ നടന്‍ പവന്‍ കല്യാണിന്റെ നേതൃത്വത്തിലുള്ള ജനസേനയും എന്‍ഡിഎ വിട്ടു. ചന്ദ്രബാബു നായിഡുവിന്റെ ടിഡിപിക്ക് പിന്തുണയും പ്രഖ്യാപിച്ചു. ആന്ധ്രപ്രദേശിന്റെ വികസനത്തിന് ടിഡിപിയും ജനസേനയും ഒന്നിക്കേണ്ടത് ആവശ്യമാണെന്ന് പവന്‍ കല്യാണ്‍ പറഞ്ഞു.

അഴിമതിക്കേസില്‍ ജയിലില്‍ കഴിയുന്ന ചന്ദ്രബാബു നായിഡുവിനെ കഴിഞ്ഞ മാസം പവന്‍ കല്യാണ്‍ സന്ദര്‍ശിച്ചിരുന്നു. കഴിഞ്ഞ ജൂലൈയില്‍ ഡല്‍ഹിയില്‍ നടന്ന വിശാല എന്‍ഡിഎ യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ കാഴ്ചപ്പാടിനെ തന്റെ പാര്‍ട്ടി പിന്തുണയ്ക്കുമെന്ന് പവന്‍ കല്യാണ്‍ പ്രഖ്യാപിച്ചിരുന്നു.

ആന്ധ്രയില്‍ ബിജെപി-ടിഡിപി-ജനസേന സഖ്യമായിരുന്നു പവന്‍ കല്യാണ്‍ മുന്നോട്ടു വെച്ചത്. എന്നാല്‍ ടിഡിപിയുമായുള്ള സഖ്യത്തിന് ബിജെപി താല്‍പര്യം കാണിച്ചിരുന്നില്ല. പാര്‍ലമെന്റില്‍ നിര്‍ണായ ഘട്ടങ്ങളിലെല്ലാം പിന്തുണ ലഭിക്കുന്ന വൈ.എസ്.ആര്‍.കോണ്‍ഗ്രസിനെ പിണക്കാന്‍ ബിജെപി തയ്യാറായിരുന്നില്ല. ഈ സാഹചര്യത്തിലാണ് പവന്‍ കല്യാണ്‍ എന്‍ഡിഎ ബന്ധം ഉപേക്ഷിച്ചത്.

2019 ല്‍ നടന്ന ആന്ധ്ര തിരഞ്ഞെടുപ്പില്‍ പവന്‍ കല്യാണിന്റെ പാര്‍ട്ടിക്ക് ഒരു സീറ്റില്‍ മാത്രമാണ് ജയിക്കാനായിരുന്നത്. അന്ന് 5.6 ശതമാനം വോട്ട് നേടിയിരുന്നു. 175 അംഗ നിയമ സഭയിലേക്ക് നടന്ന മത്സരത്തില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസ് 151 സീറ്റുകള്‍ സ്വന്തമാക്കിയിരുന്നു. ടിഡിപിയ്ക്ക് 23 സീറ്റുകളിലാണ് ജയിക്കാനായത്.

നൈപുണ്യ വികസനപദ്ധതി അഴിമതിക്കേസില്‍ സെപ്റ്റംബര്‍ ഒമ്പതിനാണ് ടിഡിപി നേതാവ് ചന്ദ്രബാബു നായിഡു അറസ്റ്റിലായത്. ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.