ബാസ് ഡി ലീഡിന്റെ ഓള്‍റൗണ്ട് പോരാട്ടം പാഴായി; നെതര്‍ലന്‍ഡ്‌സിനെ വീഴ്ത്തി പാകിസ്ഥാന്‍

ബാസ് ഡി ലീഡിന്റെ ഓള്‍റൗണ്ട് പോരാട്ടം പാഴായി; നെതര്‍ലന്‍ഡ്‌സിനെ വീഴ്ത്തി പാകിസ്ഥാന്‍

ഹൈദരാബാദ്: നാലു വിക്കറ്റു നേടി ആദ്യം ബൗളിംഗിലും അര്‍ധസെഞ്ചുറിയുമായി തുടര്‍ന്ന് ബാറ്റിംഗിലും മികച്ചു നിന്ന ബാസ് ഡി ലീഡിന്റെ ഓള്‍റൗണ്ട് പോരാട്ടത്തിനും നെതര്‍ലന്‍ഡ്‌സിനെ രക്ഷിക്കാനായില്ല.

ലോകകപ്പിലെ ആദ്യ ലീഗ് മല്‍സരത്തില്‍ പാകിസ്ഥാനെതിരെ നെതര്‍ലന്‍ഡ്‌സിന് തോല്‍വി. 81 റണ്‍സിനാണ് പാകിസ്ഥാന്‍ വിജയിച്ചത്. സ്‌കോര്‍: പാകിസ്ഥാന്‍ - 286/10 (49 ഓവര്‍), നെതര്‍ലന്‍ഡ്‌സ് - 205/10 (41 ഓവര്‍).

ടോസ് കിട്ടി പാകിസ്ഥാനെ ബാറ്റിംഗിനു ക്ഷണിച്ച നെതര്‍ലന്‍ഡ്‌സ് നായകന്റെ തീരുമാനം ശരിവയ്ക്കുന്ന പ്രകടനമാണ് ബൗളര്‍മാര്‍ നടത്തിയത്.

9.1 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 38 റണ്‍സ് എന്ന നിലയില്‍ തകര്‍ന്ന പാക്കിസ്ഥാനെ അര്‍ധസെഞ്ചുറികളുമായി മുഹമ്മദ് റിസ്‌വാനും (75 പന്തില്‍ 68), സൗദ് ഷക്കീലും (52 പന്തില്‍ 68) ആണ് കരകയറ്റിയത്.

മധ്യനിരയില്‍ മുഹമ്മദ് നവാസും (43 പന്തില്‍ 39), ശതാബ് ഖാനും (34 പന്തില്‍ 32) നിര്‍ണായക സംഭാവന നല്‍കിയത് കൊണ്ടാണ് പാകിസ്ഥാന്‍ ഭേദപ്പെട്ട സ്‌കോര്‍ നേടിയത്. തുടര്‍ന്ന് 287 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന നെതര്‍ലന്‍ഡ്‌സിന്റെ ഇന്നിംഗ്‌സ് 41 ഓവറില്‍ 205 റണ്‍സ് എടുത്ത് പുറത്തായി. ഇതോടെ 81 റണ്‍സിന് പാക്കിസ്ഥാന്‍ വിജയിച്ചു.

നെതര്‍ലന്‍ഡ്‌സ് നിരയില്‍ ബാസ് ഡി ലീഡ് 68 പന്തില്‍ നിന്ന് 67 റണ്‍സ് നേടി ടോപ് സ്‌കോററായി. വിക്രംജിത് സിങ് 52 റണ്‍സ് എടുത്തു. നെതര്‍ലന്‍ഡിന്റെ 6 ബാറ്റര്‍മാര്‍ രണ്ടക്കം കാണാതെ പുറത്തായതാണ് നെതര്‍ലന്‍ഡ്‌സിനെ തകര്‍ത്തത്.

പാക്കിസ്ഥാനു വേണ്ടി ഹാരിസ് റൗഫ് മൂന്ന് വീക്കറ്റും ഹസന്‍ അലി രണ്ടു വിക്കറ്റും നേടി. ഷഹീന്‍ അഫ്രീദി, ഇഫ്തിഖര്‍ അഹമ്മദ്, മൊഹമ്മദ് നവാസ്, ഷദാബ് ഖാന്‍ എന്നിവര്‍ ഓരോ വിക്കറ്റു വീതവും വീഴ്ത്തി.

എട്ട് നെതര്‍ലന്‍ഡ്‌സ് താരങ്ങള്‍ പന്തെറിഞ്ഞ മത്സരത്തില്‍, ബാസ് ഡെ ലീഡ് നാലും കോളിന്‍ അക്കര്‍മാന്‍ രണ്ടും ആര്യന്‍ ദത്ത്, ലോഗന്‍ വാന്‍ബീക്, പോള്‍ വാന്‍ മീകരന്‍ എന്നിവര്‍ ഓരോ വിക്കറ്റു വീതവും നേടി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.