വരുംതലമുറയെ രക്ഷിക്കാന്‍ ബ്രിട്ടണില്‍ സിഗരറ്റ് വില്‍പ്പനയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയേക്കും; പദ്ധതിയുമായി റിഷി സുനക്

വരുംതലമുറയെ രക്ഷിക്കാന്‍ ബ്രിട്ടണില്‍ സിഗരറ്റ് വില്‍പ്പനയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയേക്കും; പദ്ധതിയുമായി റിഷി സുനക്

ലണ്ടന്‍: വരുംതലമുറയെ പുകയില ഉല്‍പന്നങ്ങള്‍ വാങ്ങുന്നതില്‍നിന്ന് തടയാന്‍ ബ്രിട്ടണില്‍ സിഗരറ്റ് വില്‍പ്പനയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ നീക്കവുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനക്. ന്യൂസിലന്‍ഡിനെപ്പോലെ, ബ്രിട്ടണും അടുത്ത തലമുറയ്ക്കായി സിഗരറ്റ് നിരോധിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായി ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു.

2022 ഡിസംബറില്‍ ന്യൂസിലന്‍ഡില്‍ നടപ്പാക്കിയ നിയമത്തിന് സമാനമാണിത്. 2009 ജനുവരി ഒന്നിന് ശേഷം ജനിച്ച ആര്‍ക്കും സിഗരറ്റ് വില്‍ക്കരുതെന്നാണ് ന്യൂസീലന്‍ഡ് ഉത്തരവിറക്കിയത്. 2030 ഓടെ രാജ്യം പുകവലിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടി.

ബ്രിട്ടീഷ് പ്രധാനമന്ത്രി മുന്നോട്ടു വച്ച നിര്‍ദ്ദേശങ്ങള്‍ പാലിക്കപ്പെട്ടാല്‍ 2040 ആകുമ്പോഴേക്കും വരും തലമുറയുടെ പുകവലി പൂര്‍ണ്ണമായും ഇല്ലാതാക്കാന്‍ കഴിയുമെന്ന് നിര്‍ദ്ദേശങ്ങള്‍ വിശദീകരിക്കുന്ന സര്‍ക്കാര്‍ ബ്രീഫിംഗ് പറയുന്നു. 2075 ആകുമ്പോഴേക്കും പുകവലിക്കാരുടെ എണ്ണം 1.7 ദശലക്ഷം കുറയുമെന്നും കണക്കാക്കപ്പെടുന്നു.

കുട്ടികള്‍ക്ക് വേപ്പുകളുടെ (ഒറ്റത്തവണ ഉപയോഗിക്കുന്ന ഇ സിഗരറ്റുകള്‍) ലഭ്യത പരിമിതപ്പെടുത്തുന്നതിനും ഇല്ലാതാക്കുന്നതിനുമുള്ള നടപടികള്‍ മുന്നോട്ട് കൊണ്ടുവരാനും സുനക് പദ്ധതിയിടുന്നു. കുട്ടികളെ ലക്ഷ്യം വച്ചുള്ള വേപ്പുകളുടെ സ്വാദും വിതരണവും നിയന്ത്രിക്കുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുമെന്നും ബ്രീഫിംഗ് പേപ്പറില്‍ പറയുന്നു.

പുകവലി മൂലം ബ്രിട്ടനിലെ ആരോഗ്യ സേവനങ്ങള്‍ക്ക് പ്രതിവര്‍ഷം 17 ബില്യണ്‍ പൗണ്ട് (20.6 ബില്യണ്‍ ഡോളര്‍) ചിലവുണ്ടെന്നും ആളുകള്‍ പുകവലി നിര്‍ത്തിയാല്‍ കാന്‍സര്‍ മരണങ്ങള്‍ നാലിലൊന്നായി കുറയ്ക്കാനാകുമെന്നും സുനക് പറഞ്ഞു.

ബ്രിട്ടനില്‍ വരാനിരിക്കുന്ന തിരഞ്ഞെടുപ്പിനെ തുടര്‍ന്നാണ് റിഷി സുനക് സര്‍ക്കാര്‍ പുതിയ നയങ്ങള്‍ കൊണ്ടുവരുന്നതെന്നാണ് റിപ്പോര്‍ട്ട്. മുന്‍പ് കുട്ടികള്‍ക്ക് സിഗരറ്റ് സാമ്പിളുകള്‍ നല്‍കുന്നതില്‍ നിന്ന് ചെറുകിട വ്യാപരികളെ ബ്രിട്ടന്‍ വിലക്കിയിരുന്നു. കൂടാതെ ആരോഗ്യ-പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ഒറ്റത്തവണ ഉപയോഗിക്കുന്ന ഇ സിഗരറ്റുകള്‍ 2024ഓടെ റദ്ദാക്കണമെന്ന് ഇംഗ്ലണ്ടിലെയും വെയില്‍സിലെയും കൗണ്‍സിലുകള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. 


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.