ഇറാന്റെ എണ്ണ കയറ്റുമതിക്കു മേല്‍ അമേരിക്കയുടെ സമ്പൂര്‍ണ ഉപരോധം; ചബഹാര്‍ തുറമുഖ വികസനത്തില്‍ ഇന്ത്യക്കും തിരിച്ചടി

ഇറാന്റെ എണ്ണ കയറ്റുമതിക്കു മേല്‍  അമേരിക്കയുടെ സമ്പൂര്‍ണ ഉപരോധം; ചബഹാര്‍ തുറമുഖ വികസനത്തില്‍ ഇന്ത്യക്കും തിരിച്ചടി

വാഷിങ്ടണ്‍: ഇറാന്റെ എണ്ണ കയറ്റുമതിക്കു മേല്‍ അമേരിക്ക സമ്പൂര്‍ണ ഉപരോധമേര്‍പ്പെടുത്തി. ഇന്ത്യയുടെ നിയന്ത്രണത്തിലുള്ള ഇറാനിലെ ചബഹാര്‍ തുറമുഖ പദ്ധതിക്ക് നല്‍കിയിരുന്ന ഉപരോധ ഇളവുകളും ഉടന്‍ പിന്‍വലിക്കും.

ചബഹാര്‍ പ്രവര്‍ത്തിപ്പിക്കുന്നവര്‍ക്കെതിരേ ഈ മാസം 29 മുതല്‍ ഉപരോധം  ഏര്‍പ്പെടുത്തുമെന്ന്   യു.എസ് വിദേശകാര്യ ഡെപ്യൂട്ടി വക്താവ് തോമസ് പിഗോട്ട് പറഞ്ഞു.

ഇറാനുമേല്‍ പരമാവധി സമ്മര്‍ദം ചെലുത്താനും നയതന്ത്രപരമായി ഒറ്റപ്പെടുത്താനുമുള്ള പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നീക്കത്തിന്റെ ഭാഗമാണ് തീരുമാനമെന്നാണ് വിലയിരുത്തല്‍. പാകിസ്ഥാനെ മറികടന്ന് ഇന്ത്യയെ മധ്യേഷ്യന്‍ രാജ്യങ്ങളുമായി ബന്ധിപ്പിക്കുന്ന ചബഹാറിന് ഉപരോധം വന്നാല്‍ തുറമുഖത്തിന്റെ സാമ്പത്തിക പ്രവര്‍ത്തനങ്ങളില്‍ നിര്‍ണായ പങ്ക് വഹിക്കുന്ന ഇന്ത്യക്ക് തിരിച്ചടിയാകും.

ഇറാനുമായി വ്യാപാര ഇടപാടുകളിലേര്‍പ്പെടുന്ന വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും കടുത്ത ഉപരോധമേര്‍പ്പെടുത്തുമെന്ന് മുന്‍ യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ചബഹാര്‍ തുറമുഖം വികസിപ്പിക്കുന്നതിനായി ഇന്ത്യക്ക് ഇളവനുവദിക്കുകയായിരുന്നു.

2018 ലെ ഇറാന്‍ ഫ്രീഡം ആന്‍ഡ് കൗണ്ടര്‍ പ്രോലിഫെറേഷന്‍ ആക്ട് (ഐഎഫ്‌സിഎ) പ്രകാരമാണ് ഉപരോധമേര്‍പ്പെടുത്തുന്നത്. ഇറാന്റെ തെക്കന്‍ തീരത്തെ എണ്ണ സമ്പുഷ്ടമായ സിസ്റ്റാന്‍-ബലൂചിസ്ഥാന്‍ പ്രവിശ്യയിലാണ് ചബഹാര്‍ ആഴക്കടല്‍ തുറമുഖം.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.