ബഹിരാകാശ മത്സരത്തിലേക്ക് സ്‌പെയിന്‍; ആദ്യത്തെ സ്വകാര്യ പുനരുപയോഗ റോക്കറ്റിന്റെ വിക്ഷേപണം വിജയകരം

ബഹിരാകാശ മത്സരത്തിലേക്ക് സ്‌പെയിന്‍; ആദ്യത്തെ സ്വകാര്യ പുനരുപയോഗ റോക്കറ്റിന്റെ വിക്ഷേപണം വിജയകരം

മാഡ്രിഡ്: യൂറോപ്പില്‍ നിന്നുള്ള ആദ്യത്തെ സ്വകാര്യ പുനരുപയോഗ റോക്കറ്റ് വിജയകരമായി വിക്ഷേപിച്ച് സ്‌പെയിന്‍. സ്പാനിഷ് സ്റ്റാര്‍ട്ടപ്പ് കമ്പനിയായ പിഎല്‍ഡി സ്പേസാണ് മിയൂറ-1 എന്ന റോക്കറ്റിന്റെ വിക്ഷേപണം നടത്തിയത്. സ്‌പെയിന്‍ നഗരമായ ഹുല്‍വയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എയ്റോസ്പേസ് ടെക്നോളജിയിലെ വിക്ഷേപണ കേന്ദ്രത്തില്‍ നിന്നാണ് ശനിയാഴ്ച പുലര്‍ച്ചെ റോക്കറ്റ് കുതിച്ചുയര്‍ന്നത്. യൂറോപ്പില്‍ നിന്നുള്ള ആദ്യത്തെ സമ്പൂര്‍ണ സ്വകാര്യ റോക്കറ്റ് വിക്ഷേപണമാണിത്.

മിയൂറ-1നെ 12 മിനിറ്റ് കൊണ്ട് ഭൂമിയുടെ ഉപരിതലത്തില്‍ നിന്ന് 50 മൈല്‍ (80 കിലോമീറ്റര്‍) ഉയരത്തില്‍ എത്തിക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. ബഹിരാകാശം ആരംഭിക്കുന്നതായി നാസയും യുഎസ് സൈന്യവും അംഗീകരിച്ചിരിക്കുന്ന ഉയരമാണിത്. അതേസമയം, ലക്ഷ്യമിട്ടിരുന്ന ഉയരം കൈവരിക്കാന്‍ റോക്കറ്റിനായില്ല. ഏകദേശം 29 മൈല്‍ (47 കി.മീ) മുകളിലെത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. എങ്കിലും ആദ്യത്തെ പരീക്ഷണ പറക്കല്‍ എന്ന നിലയില്‍ ദൗത്യം വിജയം എന്നുതന്നെയാണ് പിഎല്‍ഡി സ്പേസ് ജീവനക്കാര്‍ വിലയിരുത്തുന്നത്്. റോക്കറ്റ് ആകാശത്തേക്ക് ഉയര്‍ന്നപ്പോള്‍ എഞ്ചിനീയര്‍മാര്‍ ആഹ്ലാദിക്കുകയും പരസ്പരം അഭിനന്ദിക്കുകയും ചെയ്തു. ഇതിനു മുന്‍പ് രണ്ടു തവണ വിക്ഷേപണം മാറ്റിവച്ചിരുന്നു.

ദൗത്യം പൂര്‍ത്തിയാക്കി മിയൂറ 1 അറ്റ്‌ലാന്റിക് സമുദ്രത്തില്‍ പതിച്ചു. തുടര്‍ന്ന് പരിശോധനയ്ക്കും വിശകലനത്തിനുമായി ബോട്ടുകള്‍ എത്തി ബഹിരാകാശ വാഹനത്തെ വീണ്ടെടുത്തു.

മൂന്ന് നില കെട്ടിടത്തിന്റെ ഉയരമുള്ള റോക്കറ്റിന് 100 കിലോഗ്രാം വരെ ചരക്ക് വഹിക്കാനുള്ള ശേഷിയുമുണ്ട്. പൂജ്യം ഗുരുത്വാകര്‍ഷണ ബലത്തില്‍ പരീക്ഷണങ്ങള്‍ നടത്താനും കഴിയും.

പുനരുപയോഗിക്കാവുന്ന തരത്തില്‍ രൂപകല്‍പന ചെയ്ത ആദ്യത്തെ യൂറോപ്യന്‍ റോക്കറ്റാണ് മിയുറ 1. പരീക്ഷണ ദൗത്യത്തില്‍ നിന്ന് വളരെയധികം പഠിക്കാനും കമ്പനി ഇപ്പോള്‍ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന മറ്റൊരു വിക്ഷേപണ വാഹനമായ മിയുറ 5 ന്റെ നിര്‍മാണത്തെ ഇതു സഹായിക്കുകയും ചെയ്യുമെന്നാണ് ശാസ്ത്രജ്ഞരുടെ പ്രതീക്ഷ. എല്ലാം ശരിയാണെങ്കില്‍, 2024-ലോ 2025-ലോ മിയുറ 5-ന്റെ വിക്ഷേപണം നടക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.