'മെയ്ഡ് ഇന്‍ ഇന്ത്യ': രാജ്യത്തെ സ്മാര്‍ട്ട് ഫോണ്‍ കയറ്റുമതിയില്‍ മുന്‍ വര്‍ഷത്തേക്കാള്‍ 99 ശതമാനത്തിന്റെ വര്‍ധന

'മെയ്ഡ് ഇന്‍ ഇന്ത്യ': രാജ്യത്തെ സ്മാര്‍ട്ട് ഫോണ്‍ കയറ്റുമതിയില്‍ മുന്‍ വര്‍ഷത്തേക്കാള്‍ 99 ശതമാനത്തിന്റെ വര്‍ധന

ന്യൂഡല്‍ഹി: ലോക രാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യയുടെ സ്മാര്‍ട്ട് ഫോണിന് വന്‍ ഡിമാന്‍ഡ്. നടപ്പ് സാമ്പത്തിക വര്‍ഷം ഏപ്രില്‍-ജൂലൈ കാലയളവില്‍ ഇന്ത്യയില്‍ നിന്നുള്ള സ്മാര്‍ട്ട്ഫോണുകളുടെ കയറ്റുമതിയില്‍ മുന്‍വര്‍ഷത്തേക്കാള്‍ 99 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ വരുമാനം 415 കോടി ഡോളറിലെത്തി (34,500 കോടി രൂപ).

അമേരിക്കയും യുഎഇയുമാണ് ഇന്ത്യന്‍ സ്മാര്‍ട്ട് ഫോണുകളുടെ ഏറ്റവും വലിയ വിപണി. നെതര്‍ലന്‍ഡ്സ്, യു.കെ, ഇറ്റലി എന്നീ രാജ്യങ്ങളിലേക്കും വന്‍ കയറ്റുമതിയാണ് നടത്തുന്നത്. യുഎഇയിലേക്കുള്ള കയറ്റുമതി പെട്രോളിയം ഉല്‍പന്നങ്ങളെ കടത്തിവെട്ടിയെന്നതാണ് ശ്രദ്ധേയം.
ഏപ്രിലിലും ജൂലൈയിലും 25.7 ശതമാനം വര്‍ധനവോടെ 83.63 കോടി ഡോളറിന്റെ (6,950 കോടി രൂപ) സ്മാര്‍ട്ട് ഫോണുകളാണ് യുഎഇയിലേക്ക് ഇന്ത്യ കയറ്റി അയച്ചത്. ഈ കാലയളവിലെ വ്യോമ ഇന്ധന കയറ്റുമതി 72.33 കോടി ഡോളറും (6,000 കോടി രൂപ) പെട്രോള്‍ കയറ്റുമതി 55.16 കോടി ഡോളറും (4,600 കോടി രൂപ) മാത്രമായിരുന്നു.

അമേരിക്കയിലേക്കുള്ള സ്മാര്‍ട്ട്‌ഫോണ്‍ കയറ്റുമതി ഏപ്രില്‍-ജൂലൈയില്‍ രേഖപ്പെടുത്തിയത് മുന്‍വര്‍ഷത്തെ സമാനകാലത്തേക്കാള്‍ 489.4 ശതമാനം വളര്‍ച്ചയാണ്. 167 കോടി ഡോളറിന്റെ സ്മാര്‍ട്ട് ഫോണുകളാണ് നടപ്പു സാമ്പത്തിക വര്‍ഷം ഏപ്രില്‍-ജൂലൈ മാസങ്ങളില്‍ ഇന്ത്യയില്‍ നിന്ന് അമേരിക്കയിലെത്തിയത്. ഏകദേശം 13,900 കോടി രൂപ വരും ഇത്. 2022-23ല്‍ ഇന്ത്യ സ്മാര്‍ട്ട് ഫോണ്‍ കയറ്റുമതിയിലൂടെ നേടിയ വരുമാനം 1,090 കോടി ഡോളറായിരുന്നു(90,000 കോടി രൂപ).

ആപ്പിള്‍ ഉള്‍പ്പെടെയുള്ള കമ്പനികള്‍ ഇന്ത്യയിലെ നിര്‍മ്മാണം വര്‍ധിപ്പിച്ചത് കയറ്റുമതി ഉയര്‍ച്ചയ്ക്ക് നേട്ടമായിട്ടുണ്ട്. ഇന്ത്യയിലെ ഉല്‍പാദനം വര്‍ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ച പ്രോത്സാഹന പദ്ധതിയായ പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ് (പിഎല്‍ഐ) സ്‌കീമും കരുത്തായിട്ടുണ്ട്. ആഭ്യന്തര ഉല്‍പാദനത്തിനായി കമ്പനികള്‍ക്ക് പ്രോത്സാഹനം നല്‍കാന്‍ ലക്ഷ്യമിട്ടുള്ള പദ്ധതിയാണിത്.

കൂടാതെ ഇന്ത്യയില്‍ യൂണിറ്റുകള്‍ സ്ഥാപിക്കാന്‍ വിദേശ കമ്പനികളെ ക്ഷണിക്കും. നിലവിലുള്ള നിര്‍മ്മാണ യൂണിറ്റുകള്‍ വിപുലീകരിക്കുന്നതിനും പ്രാദേശിക കമ്പനികളെ പ്രോത്സാഹിപ്പിക്കുന്നതിനും ഇതുവഴി കഴിയും. അതോടെ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കാനും കഴിയും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.