നയ്പിഡോ: മ്യാന്‍മറില്‍ അഭയാര്‍ത്ഥി ക്യാമ്പിന് നേരെ സൈന്യത്തിന്റെ പീരങ്കി ആക്രമണം. ചൈനയുടെ അതിര്‍ത്തിക്ക് അടുത്തായി സ്ഥിതി ചെയ്യുന്ന അഭയാര്‍ത്ഥി ക്യാമ്പിലേക്കായിരുന്നു പീരങ്കി ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ സ്ത്രീകളും 13 കുട്ടികളുമടക്കം 29 പേര്‍ കൊല്ലപ്പെട്ടു. 56 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇവരില്‍ 44 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മ്യാന്‍മര്‍ സൈന്യവുമായി വര്‍ഷങ്ങളായി സംഘര്‍ഷത്തിലുള്ള പ്രാദേശിക സായുധ സംഘങ്ങളിലൊന്നായ കച്ചിന്‍ ഇന്‍ഡിപെന്‍ഡന്‍സ് ആര്‍മിയുടെ (കെ.ഐ.ഒ) നിയന്ത്രണത്തിലുള്ള പ്രദേശത്താണ് ഈ അഭയാര്‍ത്ഥി ക്യാമ്പ് സ്ഥിതി ചെയ്തിരുന്നത്.
കൊല്ലപ്പെട്ടവരെല്ലാം സിവിലിയന്‍മാരാണെന്ന് കെ.ഐ.ഒ വക്താവ് പറഞ്ഞു. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍നിന്ന് മൃതദേഹങ്ങള്‍ പുറത്തെടുക്കുന്നതിന്റെ ദൃശ്യങ്ങള്‍ പ്രാദേശിക മാധ്യമങ്ങള്‍ പുറത്തുവിട്ടു. 2021 ലെ അട്ടിമറിയിലൂടെ സൈന്യം അധികാരം പിടിച്ചെടുത്തതിനുശേഷം സാധാരണ ജനങ്ങള്‍ക്ക് നേരെയുണ്ടായ ഏറ്റവും മാരകമായ ആക്രമണങ്ങളിലൊന്നാണിത്.
ഒരു വര്‍ഷത്തിലേറെയായി കെ.ഐ.ഒ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളില്‍ സൈന്യം ആക്രമണം ശക്തമാക്കിയിരിക്കുകയാണെന്ന് കച്ചിന്‍ അധികൃതര്‍ പറഞ്ഞു. സൈനിക ഭരണകൂടത്തിനെതിരെ പോരാടുന്ന സായുധ വിഭാഗങ്ങളെ പിന്തുണക്കുന്നതിന്റെ പേരിലാണ് സൈന്യം മേഖലയില്‍ രൂക്ഷമായ ആക്രമണം നടത്തുന്നത്.
പീരങ്കി ആക്രമണത്തിനെതിരെ ഷാഡോ നാഷണല്‍ യൂണിറ്റി ഗവണ്‍മെന്റും യാംഗൂണിലെ ബ്രിട്ടീഷ് എംബസിയും പ്രതിഷേധം അറിയിച്ചു. എന്നാല്‍ ആക്രമണത്തില്‍ സൈന്യത്തിന് ഉത്തരവാദിത്തമില്ലെന്ന് ജുണ്ടയുടെ വക്താവ് അറിയിച്ചു.
2021-ല്‍ ഓങ്‌സാന്‍ സൂചിയെ അധികാരത്തില്‍ നിന്ന് പുറത്താക്കിയ ശേഷം, 10,000ത്തോളം ആളുകളെയാണ് കച്ചിന്‍ സംസ്ഥാനത്തുനിന്ന് കുടിയിറക്കിയത്. സൈനിക അട്ടിമറിയെ തുടര്‍ന്നുണ്ടായ രക്തരൂഷിത കലാപത്തില്‍ മ്യാന്‍മറില്‍ 4100 പേര്‍ കൊല്ലപ്പെട്ടിരുന്നു. ആയിരങ്ങളെ അറസ്റ്റ് ചെയ്ത് ജയിലിലടക്കുകയും ചെയ്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.