പാരീസ്: ഫ്രാന്‍സിലെ സ്‌കൂളില്‍ കത്തിയാക്രമണം. യുവാവിന്റെ ആക്രമണത്തില്‍ ഫ്രഞ്ച് ഭാഷാ അധ്യാപകന്‍ കൊല്ലപ്പെട്ടു. രണ്ടു പേര്‍ക്ക് ഗുരുതര പരിക്കുണ്ട്. അരാസ് നഗരത്തിലെ ഗംബേട്ട ഹൈസ്‌കൂളിലാണ് ആക്രമണം നടന്നതെന്ന് ആഭ്യന്തരമന്ത്രി ജെറാള്‍ഡ് ഡെര്‍മാനിയന്‍ പറഞ്ഞു.
ഡെപ്യൂട്ടി പ്രിന്‍സിപ്പലിനും മറ്റൊരു അധ്യാപകനുമാണ് ഗുരുതരമായി പരിക്കേറ്റത്.
മത മുദ്രാവാക്യം മുഴക്കിക്കൊണ്ടാണ് 20 വയസുകാരന്‍ ആക്രമണം നടത്തിയതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ഇതോടെ സംഭവം ഭീകരാക്രമണമാണെന്നാണ് പോലീസ് സൂചന നല്‍കുന്നത്.
അക്രമിയെ പിടികൂടിയതായി ആഭ്യന്തര മന്ത്രി ജെറാള്‍ഡ് ദര്‍മാനിന്‍ പറഞ്ഞു. ചെചെന്‍ വംശജനാണ് പിടിയിലായത്. ഇയാള്‍ സ്‌കൂളിലെ മുന്‍ വിദ്യാര്‍ത്ഥിയാണെന്ന് ഫ്രഞ്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇയാള്‍ പോലീസിന്റെ ഭീകരവാദി ലിസ്റ്റിലുണ്ടായിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. അക്രമിയുടെ സഹോദരനെയും പൊലീസ് പിടികൂടിയതായി വാര്‍ത്താ ചാനലായ ബിഎഫ്എംടിവി റിപ്പോര്‍ട്ട് ചെയ്തു.
സ്‌കൂള്‍ പാര്‍ക്കിങ് സ്ഥലത്ത് വെച്ചാണ് അക്രമം നടന്നത്. ആക്രമണത്തിന് തീവ്രവാദ ബന്ധമുണ്ടോ എന്ന് അന്വേഷണം തുടങ്ങിയതായി ഫ്രഞ്ച് അധികൃതര്‍ അറിയിച്ചു. ഫ്രാന്‍സ് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ അക്രമം നടന്ന സ്‌കൂള്‍ സന്ദര്‍ശിക്കും. പശ്ചിമേഷ്യന്‍ സംഭവവുമായി അക്രമത്തിന് ബന്ധമില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. സംഭവത്തിന്റെ വിഡിയോ ദൃശ്യം പുറത്തുവന്നിട്ടുണ്ട്.
ഇസ്രയേലും ഹമാസും തമ്മിലുള്ള സംഘര്‍ഷത്തിനിടെ ഫ്രാന്‍സിലെ മുസ്ലീം, ജൂത സമുദായങ്ങള്‍ തമ്മിലുള്ള അന്തരീക്ഷം വഷളാകുന്നതിനിടെയാണ് ആക്രമണം.
മൂന്നു വര്‍ഷം മുമ്പ് പാരീസിലെ സ്‌കൂളില്‍ സമാന രീതിയില്‍ ഒരു അധ്യാപകനെ വിദ്യാര്‍ഥി ശിരഛേദം ചെയ്തിരുന്നു. റഷ്യന്‍ അഭയാര്‍ഥിയായ വിദ്യാര്‍ഥിയെ ഫ്രഞ്ച് പൊലീസ് പിന്നീട് വെടിവെച്ചു കൊന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.