ന്യൂസിലന്‍ഡ് തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷമായ നാഷണല്‍ പാര്‍ട്ടി അധികാരത്തിലേക്ക്; ക്രിസ്റ്റഫര്‍ ലക്സണ്‍ പ്രധാനമന്ത്രിയാകും

ന്യൂസിലന്‍ഡ് തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷമായ നാഷണല്‍ പാര്‍ട്ടി അധികാരത്തിലേക്ക്; ക്രിസ്റ്റഫര്‍ ലക്സണ്‍ പ്രധാനമന്ത്രിയാകും

ഓക്‌ലന്‍ഡ്: ന്യൂസിലന്‍ഡ് പൊതുതിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ 90 ശതമാനവും പൂര്‍ത്തിയാകുമ്പോള്‍ ലേബര്‍ സര്‍ക്കാരിനെ തോല്‍പിച്ച് പ്രതിപക്ഷമായ നാഷണല്‍ പാര്‍ട്ടി വിജയം ഉറപ്പിച്ചുകഴിഞ്ഞു. മുന്‍ വ്യവസായിയും പ്രതിപക്ഷ നേതാവുമായ ക്രിസ്റ്റഫര്‍ ലക്സണ്‍ ന്യൂസിലന്‍ഡിന്റെ 42-ാമത് പ്രധാനമന്ത്രിയാകുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു.

നിലവിലെ പ്രധാനമന്ത്രി ക്രിസ് ഹിപ്കിന്‍സിന്റെ നേതൃത്വത്തിലുള്ള ലേബര്‍ പാര്‍ട്ടിക്ക് വീണ്ടും ഭരണത്തിലേറാനുള്ള ഭൂരിപക്ഷം ലഭിച്ചിട്ടില്ല. ഇതോടെ ആറു വര്‍ഷത്തെ തുടര്‍ച്ചയായ ഭരണത്തിനു ശേഷമാണ് ലേബര്‍ പാര്‍ട്ടി താഴെയിറങ്ങുന്നത്.

ജനുവരിയില്‍ മുന്‍ പ്രധാനമന്ത്രി ജസീന്ദ ആര്‍ഡേണില്‍ നിന്ന് ചുമതലയേറ്റ ശേഷം വെറും ഒമ്പത് മാസമാണ് ക്രിസ് ഹിപ്കിന്‍സ് അധികാരത്തിലിരുന്നത്. അപ്രതീക്ഷിതമായി ജസീന്ദ പടിയിറങ്ങിയതോടെയാണ് വിദ്യാഭ്യാസ മന്ത്രിയായിരുന്ന ക്രിസ് പ്രധാനമന്ത്രി പദത്തിലെത്തിയത്.

വിജയമുറപ്പിച്ചതോടെ ക്രിസ്റ്റഫര്‍ ലക്സണ്‍ സമൂഹ മാധ്യമമായ എക്സിലൂടെ വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞു. 'ന്യൂസിലാന്‍ഡിന് നന്ദി. ഇനി നമുക്ക് നമ്മുടെ രാജ്യത്തെ അതിന്റെ ട്രാക്കിലേക്ക് തിരികെ കൊണ്ടുവരാം! - ഇതായിരുന്നു അദ്ദേഹത്തിന്റെ ആദ്യ പ്രതികരണം.

മൂന്നില്‍ രണ്ട് വോട്ടുകളും എണ്ണിക്കഴിഞ്ഞപ്പോള്‍ ലക്‌സണിന്റെ നാഷണല്‍ പാര്‍ട്ടിക്ക് ഏകദേശം 40 ശതമാനം വോട്ടുകള്‍ ലഭിച്ചു. അതേസമയം ആറു വര്‍ഷമായി ന്യൂസിലന്‍ഡില്‍ അധികാരത്തിലിരുന്ന ലേബര്‍ പാര്‍ട്ടിക്ക് 25% വോട്ടുകള്‍ മാത്രമാണു ലഭിച്ചത്.

എയര്‍ ന്യൂസിലന്‍ഡ് മുന്‍ ചീഫ് എക്സിക്യൂട്ടീവായ ക്രിസ്റ്റഫര്‍ ലക്സണ്‍ അടുത്തകാലത്താണ്
കണ്‍സര്‍വേറ്റീവ് നാഷണല്‍ പാര്‍ട്ടിയുടെ നേതാവായി ഉയര്‍ന്നുവന്നത്. അഭിപ്രായ സര്‍വേകളില്‍ പ്രതിപക്ഷ നേതാവായിരുന്ന ലക്‌സണിന്റെ ജനപ്രീതി മുമ്പത്തേക്കാള്‍ കൂടിയിട്ടുണ്ടെന്ന് വിലയിരുത്തപ്പെട്ടിരുന്നു.

രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥ കെട്ടിപ്പടുക്കുമെന്നും നികുതി ഇളവ് നല്‍കുമെന്നും അദ്ദേഹം തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ വാഗ്ദാനം ചെയ്തിരുന്നു. അധികാരം ലഭിച്ചാല്‍
ജീവിതച്ചെലവ് കുറയ്ക്കാനും ക്രമസമാധാനം പുനഃസ്ഥാപിക്കാനും ജനങ്ങള്‍ക്കു മെച്ചപ്പെട്ട ആരോഗ്യ പരിരക്ഷ നല്‍കാനും നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

സര്‍ക്കാരുണ്ടാക്കാന്‍ ഒറ്റയ്ക്ക് കഴിയാത്തതിനാല്‍ സഖ്യകക്ഷിയായ അസോസിയേഷന്‍ ഓഫ് കണ്‍സ്യൂമേഴ്സ് ആന്‍ഡ് ടാക്സ് പേയേഴ്സുമായി (എ.സി.ടി) ചേര്‍ന്നായിരിക്കും പുതിയ സര്‍ക്കാര്‍ രൂപീകരിക്കുക. ഒന്‍പതു ശതമാനം വോട്ടുകളാണ് എ.സി.ടി നേടിയത്.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വമ്പിച്ച വിജയമായിരുന്നു ജസീന്ദയ്ക്ക് ലഭിച്ചിരുന്നത്. പക്ഷേ കോവിഡ് സാഹചര്യത്തിലുള്ള നിയന്ത്രണങ്ങളും രാജ്യത്തെ മുഴുവന്‍ ഉലച്ച വിലക്കയറ്റവും ജസീന്ദയുടെ ജനപ്രീതി വന്‍തോതില്‍ കുറച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.