റായ്പൂര്‍: ഒരാളുടെ മൊബൈല്‍ ഫോണ്‍ സംഭാഷണം അയാള്‍ അറിയാതെ റെക്കോര്‍ഡ് ചെയ്യുന്നത് സ്വകാര്യതയുടെ ലംഘനമാണെന്ന് ഛത്തീസ്ഗഡ് ഹൈക്കോടതി. ആര്‍ട്ടിക്കിള്‍ 21 പ്രകാരമുള്ള അവകാശത്തിന്റെ ലംഘനമാണതെന്ന് കോടതി നിരീക്ഷിച്ചു. ഭാര്യയുടെ ഫോണ്‍ സംഭാഷണം ഭര്‍ത്താവ് ചോര്‍ത്തിയ സംഭവത്തിലാണ് കോടതി വിധി.
2019 ലെ കേസിലാണ് സുപ്രധാന വിധി. 38 കാരി ജീവനാംശം ആവശ്യപ്പെട്ട് 44 കാരനായ ഭര്‍ത്താവിനെതിരെ മഹാസമുന്ദ് ജില്ലയിലെ കുടുംബ കോടതിയില്‍ ഹര്‍ജി നല്‍കിയത്. എന്നാല്‍ ചില ഫോണ്‍ സംഭാഷണങ്ങള്‍ റെക്കോര്‍ഡ് ചെയ്തിട്ടുണ്ടെന്നും ഭാര്യയെ ക്രോസ് വിസ്താരം ചെയ്യാന്‍ അനുവദിക്കണമെന്നും ഭര്‍ത്താവ് കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. 2021 ലെ ഉത്തരവില്‍ കുടുംബ കോടതി ഭര്‍ത്താവിന്റെ അപേക്ഷ അനുവദിച്ചു.
തുടര്‍ന്ന് കുടുംബ കോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്ത് 2022 ല്‍ യുവതി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഭാര്യയ്ക്ക് വിവാഹേതര ബന്ധമുണ്ടെന്നും അതിനാല്‍ താന്‍ ജീവനാംശം നല്‍കേണ്ടതില്ലെന്നുമാണ് ഭര്‍ത്താവ് കുടുംബ കോടതിയില്‍ തെളിയിക്കാന്‍ ശ്രമിച്ചത്. എന്നാല്‍ യുവതിയുടെ സ്വകാര്യതയെ ഹനിക്കുന്ന ഉത്തരവാണ് കുടുംബ കോടതിയില്‍ നിന്നുണ്ടായതെന്ന് യുവതിയുടെ അഭിഭാഷകന്‍ ഹൈക്കോടതിയില്‍ വാദിച്ചു.
സുപ്രീം കോടതിയും മധ്യപ്രദേശ് ഹൈക്കോടതിയും പുറപ്പെടുവിച്ച ചില വിധികള്‍ അദേഹം ഉദ്ധരിച്ചു. തുടര്‍ന്ന് ഹൈക്കോടതി ജസ്റ്റിസ് രാകേഷ് മോഹന്‍ പാണ്ഡെ കുടുംബ കോടതിയുടെ വിധി റദാക്കുകയായിരുന്നു. ഭാര്യയുടെ അറിവില്ലാതെ ഫോണ്‍ സംഭാഷണം റെക്കോര്‍ഡ് ചെയ്യുന്നത് സ്വകാര്യതയ്ക്കുള്ള അവകാശത്തിന്റെ ലംഘനമാണെന്ന് ജഡ്ജി ചൂണ്ടിക്കാട്ടി.
ആര്‍ട്ടിക്കിള്‍ 21 പ്രകാരമുള്ള ജീവിക്കാനുള്ള അവകാശത്തില്‍ ഉള്‍പ്പെടുന്നതാണ് സ്വകാര്യതയ്ക്കുള്ള അവകാശം. കുടുംബ കോടതി നിയമപരമായ പിശക് വരുത്തിയെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.