തിരുവനന്തപുരം: കേരളം വിടുമെന്ന കായികതാരങ്ങളുടെ ഭീഷണി ഒടുവില്‍ ഫലം കണ്ടു. ഏഷ്യന്‍ ഗെയിംസ് ജേതാക്കള്‍ക്ക് പാരിതോഷികം നല്‍കാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനിച്ചത്. സ്വര്‍ണ മെഡല്‍ ജേതാക്കള്‍ക്ക് 25 ലക്ഷം രൂപയും വെള്ളി മെഡല്‍ ജേതാക്കള്‍ക്ക് 19 ലക്ഷം രൂപയും വെങ്കല മെഡല്‍ ജേതാക്കള്‍ക്ക് 12.5 ലക്ഷം രൂപയുമാണ് നല്‍കുക. മുന്‍ വര്‍ഷത്തേക്കാള്‍ 25 ശതമാനം വര്‍ധനവാണ് ഉണ്ടായത്.
ദേശീയ, അന്തര്‍ദേശീയ കായിക മേളകളില്‍ അഭിമാനാര്‍ഹമായ നേട്ടം സ്വന്തമാക്കുന്നവര്‍ക്ക് ഓരോ സംസ്ഥാന സര്‍ക്കാരുകളും പാരിതോഷികം പ്രഖ്യാപിക്കാറുണ്ട്. കായിക മേഖലയിലെ പ്രതിഭകളെ ഇവിടെത്തന്നെ പിടിച്ചുനിര്‍ത്തുന്നതിനായി അവര്‍ക്ക് ഉചിതമായ തൊഴിലും നല്‍കാറുണ്ട്. ഒഡീഷയും തമിഴ്‌നാടും ഹരിയാനയും ഉള്‍പ്പെടെയുളള സംസ്ഥാനങ്ങള്‍ കായിക താരങ്ങളെ ചേര്‍ത്തുപിടിക്കുമ്പോഴാണ് ഇവിടെ ചവിട്ടി താഴ്ത്തുന്നതെന്ന് ആരോപിച്ച് താരങ്ങള്‍ രംഗത്ത് വന്നിരുന്നു.
ചരിത്രത്തിലെ ഏറ്റവും വലിയ സംഘവുമായി ഇന്ത്യ ഏഷ്യന്‍ ഗെയിംസിന് ഇറങ്ങിയപ്പോള്‍ ടീമിന് കരുത്തായി ഉണ്ടായിരുന്നത് 45 മലയാളി താരങ്ങളാണ്. ഗെയിംസ് ചരിത്രത്തിലെ കേരളത്തിന്റെ ഏറ്റവും വലിയ പങ്കാളിത്തം. രാജ്യത്തിനായി 13 ഇനങ്ങളില്‍ മലയാളി താരങ്ങള്‍ കളത്തിലിറങ്ങി. 11 മെഡലുകളുമായാണ് അവര്‍ തിരികെ എത്തിയത്.
ഹോക്കിയില്‍ ഒളിമ്പിക്‌സ് ടിക്കറ്റോടെ ചരിത്ര വിജയം സ്വന്തമാക്കിയപ്പോള്‍ മറുപക്ഷത്തെ തടുത്ത് ഗോളിയായത് പി.ആര്‍ ശ്രീജേഷ് ആയിരുന്നു. പുരുഷന്മാരുടെ റിലേയില്‍ സ്വര്‍ണം നേടിയ ഇന്ത്യന്‍ ടീമിലെ നാല് പേരില്‍ മൂന്നും മലയാളികളായിരുന്നു. മുഹമ്മദ് അജ്മല്‍, മുഹമ്മദ് അനസ്, അമോജ് ജേക്കബ്. ഇതില്‍ അജ്മല്‍ മിക്‌സഡ് റിലേയില്‍ വെള്ളിയും നേടി. സ്‌ക്വാഷില്‍ സ്വര്‍ണമടക്കം ഇരട്ട നേട്ടവുമായി ദീപിക പള്ളിക്കലും തിളങ്ങി. ബാഡ്മിന്റണ്‍ താരം എച്ച്.എസ് പ്രണോയിയും രണ്ട് മെഡല്‍ നേടി. ക്രിക്കറ്റില്‍ മിന്നു മണിയും മലയാളി സാന്നിധ്യമായി, ലോംഗ് ജംപ് താരങ്ങളായ എം. ശ്രീശങ്കര്‍ ആന്‍സി സോജന്‍ എന്നിവരും മുഹമ്മദ് അഫ്‌സല്‍ (അത്‌ലറ്റിക്‌സ്), എം.ആര്‍. അര്‍ജുന്‍ (ബാഡ്മിന്റണ്‍), ജിന്‍സന്‍ ജോണ്‍സണ്‍ (അത്‌ലറ്റിക്‌സ്) എന്നിവരും കേരളത്തിന് അഭിമാനമായി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.