വാഷിങ്ടണ്‍: അമേരിക്കയുടെ ചരിത്രത്തിലെ ആദ്യ സിഖ് മേയറായ രവീന്ദര്‍ എസ്. ഭല്ലയ്ക്കും കുടുംബത്തിനും വധഭീഷണി. രാജിവച്ചില്ലെങ്കില്‍ തന്നെയും കുടുംബത്തെയും വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും അദ്ദേഹം സിബിഎസ് ന്യൂസിനോട് പറഞ്ഞു. ഇ-മെയിലുകള്‍ വഴിയാണ് അജ്ഞാതകേന്ദ്രത്തില്‍ നിന്നും വധഭീഷണി.
മൂന്നു തവണയാണ് ഭീഷണി സന്ദേശം ലഭിച്ചത്. മൂന്നാമത്തെ ഭീഷണി ഇങ്ങനെയാണ്. 'ഇത് അവസാനത്തെ താക്കീതാണ്. നിങ്ങള്‍ ഉടന്‍ രാജിവച്ചില്ലെങ്കില്‍, ഞങ്ങള്‍ നിങ്ങളെ കൊല്ലും, നിങ്ങളുടെ ഭാര്യയെയും കുട്ടികളെയും വധിക്കും' - ഭീഷണിക്കത്തില്‍ പറയുന്നു. 'ഇതാണ് നിങ്ങളെ കൊല്ലാനുള്ള സമയം' മറ്റൊരു മെയിലില്‍ ഭീഷണിപ്പെടുത്തുന്നു.
ആദ്യം ലഭിച്ച ഭീഷണി സന്ദേശം മേയര്‍ സ്ഥാനത്തുനിന്ന് രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടിട്ടുള്ളതായിരുന്നെന്നും പിന്നീട് അത് തന്നെയും കുടുംബത്തെയും കൊലപ്പെടുത്തുമെന്ന തരത്തിലേക്ക് മാറിയെന്നും രവീന്ദര്‍ പറഞ്ഞു.
ന്യൂജഴ്‌സിയിലെ ഹൊബോക്കന്‍ സിറ്റിയുടെ മേയറായി 2017ലാണ് രവീന്ദര്‍ തെരഞ്ഞെടുക്കപ്പെടുന്നത്. 2021ല്‍ അദ്ദേഹം വീണ്ടും ജയിച്ചു.
'എന്റെ കുഞ്ഞുങ്ങളെക്കുറിച്ചോര്‍ത്തായിരുന്നു എന്റെ ആശങ്ക. ഞാന്‍ രാജിവയ്ക്കാന്‍ തീരുമാനിച്ചെങ്കിലും അവര്‍ സമ്മതിച്ചില്ല. ഒരു സിഖ്-അമേരിക്കന്‍ എന്ന നിലയിലും അമേരിക്കക്കാരന്‍ എന്ന നിലയിലും ഞാന്‍ അഭിമാനിക്കുന്നു. എല്ലാവരെയും ഒരുപോലെ കാണാനാണ് ഞാന്‍ ആഗ്രഹിക്കുന്നത് - രവീന്ദര്‍ കൂട്ടിച്ചേര്‍ത്തു.
2019ലും ഇത്തരത്തില്‍ തനിക്കെതിരെ ഭീഷണി ഉയര്‍ന്നിട്ടുണ്ടെന്നും ഇത് ഇപ്പോഴും തുടരുന്നതിനാല്‍ കൂടുതല്‍ സുരക്ഷ ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.