ടെൽ അവീവ്: ഒക്ടോബർ ഏഴിന് തീവ്രവാദ സഘടനയായ ഹമാസ് ഇസ്രയേലിൽ നടത്തിയ നരനായാട്ടിനെത്തുടർന്ന് കൊല്ലപ്പെടുകയും ബന്ദികളാക്കുകയും ചെയ്തവർ അനേകരാണ്. ബന്ദികളാക്കപ്പെട്ടതെന്നു കരുതുന്നവരുടെ പേര് വിവരങ്ങൾ ഇസ്രയേൽ പുറത്തുവിട്ടു. ഹമാസിന്റെ പിടിയിലായ ബന്ദികളായവരെ കണ്ടെത്താൻ വേണ്ടിയാണ് ഇപ്പോൾ യുദ്ധം മുറുകിക്കൊണ്ടിരിക്കുന്നത്. തെക്കൻ ഇസ്രായേലിൽ നിന്ന് ഹമാസ് ബന്ദികളാക്കപ്പെട്ടവരുടെ പേരു വിവരങ്ങളും ചിത്രവും ഇസ്രയേൽ പുറത്തുവിട്ടു.
ഒരു കുടുംബത്തിലെ പത്ത് പേർ
ഹമാസ് ബീരി കിബ്ബട്ട്‌സ് ആക്രമിച്ചതിനെ തുടർന്ന് ഒരു കുടുംബത്തിലെ പത്ത് പേരെ ഒക്ടോബർ ഏഴിന് കാണാതായി. 60 കാരിയായ ലിലാച്ച് കിപ്‌നിസും ഭർത്താവ് എവിയാറ്ററും അക്രമസമയത്ത് വീട്ടിൽ അഭയം പ്രാപിച്ചിരുന്നു. എന്നാൽ പിന്നീട് അവരെക്കുറിച്ച് വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ലെന്ന് ബന്ധുക്കൾ അറിയിച്ചു. ലിലാച്ചിന്റെ സഹോദരി ഷോഷൻ ഹരൻ, അവളുടെ ഭർത്താവ്, മകൾ ആദി ഷോഹം, ഭർത്താവ് ടാൽ ഷോഹാം, എട്ടും മൂന്നും വയസ്സുള്ള മക്കളായ നവേയും യാഹെൽ ഷോഹാമും, അവ്ശാലോമിന്റെ സഹോദരി ഷാരോൺ അവിഗ്ഡോറി, അവളുടെ മകൾ നോം അവിഗ്‌ഡോറിയും എന്നിവരെയാണ് ഹമാസ് ബന്ധികളാക്കിയത്. എവിയാറ്റർ കിപ്‌നിസിന്റെയും അവ്‌ഷലോം ഹരന്റെയും മൃതദേഹങ്ങൾ ഒക്ടോബർ 17 ചൊവ്വാഴ്ച കണ്ടെത്തി. എവിയാറ്റർ കിപ്‌നിസിന്റെ പരിചാരകനായ ഫിലിപ്പീൻസുകാരൻ പോൾ വിൻസെന്റ് കാസ്റ്റൽവിയും ആക്രമണത്തിൽ കൊല്ലപ്പെട്ടു.
യോനത്ത് ഓറും കുടുംബവും
50കാരിയ യോനത്ത് ഓർ അവളുടെ ഭർത്താവ് ഡ്രോറും 15ഉം 13ഉം വയസുള്ള അവരുടെ രണ്ട് മക്കളെയും ആക്രമണത്തിന് ശേഷം കാണാതായി. കുടുംബം ജീവനോടെയുണ്ടോയെന്ന് അറിയില്ല. അവർ ഇതിനകം മരിച്ചതായി ഓർത്ത് കരയാനോ ജീവിച്ചിരിപ്പുണ്ടോയെന്നോർത്ത് ആശ്വസിക്കാനോ കഴിയുന്നില്ല. അവളുടെ കുടുംബത്തെ ജീവനോടെ കണ്ടെത്താനും തങ്ങൾക്ക് ഒന്നിക്കാൻ കഴിയാനും ദൈവത്തോട് നിരന്തരം പ്രാർത്ഥിക്കുന്നെന്ന് യോനത്ത് ഓറിന്റെ സഹോദരി കണ്ണീരോടെ പറഞ്ഞു.
വിവിയൻ സിൽവർ
കനേഡിയൻ വംശജയും ഫെമിനിസ്റ്റ് ആക്ടിവിസ്റ്റുമായ 74കാരി വിവിയൻ സിൽവറിനെയും തീവ്രവാദികൾ ബന്ദികളാക്കി. പാലസ്തീനുകാരുമായി സമാധാനം പുലരാനായി ദീർഘകാലമായി വിവിയൻ സിൽവർ പ്രവർത്തിച്ചിരുന്നു. അവൾ നീതിക്കുവേണ്ടിയുള്ള പോരാളിയാണ്. വലിയ മനസുള്ള അമ്മയും മുത്തശ്ശിയും ആണെന്ന് സിൽവറിന്റെ മകൻ യോനതൻ സെയ്ഗൻ പറഞ്ഞു.
ഹോളോകോസ്റ്റ് ചരിത്രകാരൻ അലക്സ് ഡാൻസിഗ്
പോളണ്ടിലെ യഹൂദ സമൂഹത്തെക്കുറിച്ചും രണ്ടാം ലോകമഹായുദ്ധ സമയത്ത് ജൂതന്മാരെ ആസൂത്രിതമായി കൊലപ്പെടുത്തിയതിനെക്കുറിച്ചും പുസ്തകങ്ങൾ എഴുതിയ ഹോളോകോസ്റ്റ് ചരിത്രകാരൻ അലക്സ് ഡാൻസിഗ് (75) ഹമാസ് തീവ്രവാദികൾ ബന്ദിയാക്കി.
ഡിറ്റ്‌സ ഹെയ്‌മാൻ
80 വയസ്സ് വരെ സാമൂഹിക പ്രവർത്തകയായി ജോലി ചെയ്തിരുന്ന 84 കാരിയായ ഡിറ്റ്‌സ ഹെയ്‌മാനും തെക്കൻ ഇസ്രായേലിലുണ്ടായ അക്രമണത്തിൽ കാണാതായി. ഡിറ്റ്‌സ ഹെയ്‌മാൻ പ്രിയപ്പെട്ട മുത്തശ്ശിയായിരുന്നെന്നും കരുണയും ജ്ഞാനവും നിറഞ്ഞ സമാധാനത്തിന്റെ സ്ത്രീ ആയിരുന്നെന്നും കുടുംബം പറഞ്ഞു.
ഡോറോൺ ആഷർ കാറ്റ്‌സ്
34 കാരിയായ ഡോറോൺ ആഷർ കാറ്റ്‌സിനെയും മക്കളായ റാസ്, അഞ്ച്, അവീവ്, അമ്മ എഫ്രാറ്റ് കാറ്റ്‌സ് എന്നിവരെയും ഹമാസ് ബന്ദികളാക്കി. അവർ അവരോട് എന്താണ് ചെയ്യുന്നത്, എവിടെയാണ്? ഡോറോണിന് രണ്ട് ചെറിയ പെൺമക്കളുണ്ടെന്നും ആഷർ കാറ്റ്‌സിന്റെ സഹോദരി ലിയോർ കാറ്റ്‌സ്-നടാൻസൺ ചോദിച്ചു.
അമിറാം കൂപ്പർ
85 കാരനായ അമിറാം കൂപ്പറിനെയും ഭാര്യ നൂറിത്തിനെയും അവരുടെ വീട്ടിൽ നിന്ന് തട്ടികൊണ്ടുപോയതായി മകൾ നോവ പറഞ്ഞു. ഹമാസ് കിബ്ബൂട്ട്‌സിൽ ആക്രമണം നടത്തിയ സമയത്താണ് അവസാനമായി മാതാപിതാക്കളുമായി സംസാരിച്ചത്. പിതാവിന്റെ ഫോൺ ഗാസയിൽ നിന്ന് കണ്ടെത്തി. മാതാപിതാക്കളുടെ പക്കൽ മരുന്നുകളില്ലെന്നും അതിൽ താൻ ആകുലയാണെന്നും നോവ പറഞ്ഞു.
യാഫ അദാർ
85 കാരനായ യാഫ അദാറിനെയും നിർ-ഓസ് കിബ്ബട്ട്സിൽ നിന്ന് തട്ടിക്കൊണ്ടുപോയി. പിങ്ക് പൂക്കളുള്ള പുതപ്പിൽ പൊതിഞ്ഞ് ഗാസയിലെ ഗോൾഫ് കാർട്ടിലേക്ക് കൊണ്ടുപോകുന്ന ഒരു വീഡിയോ പിന്നീട് പുറത്തുവന്നു. തനിക്ക് ചുറ്റും എന്താണ് സംഭവിക്കുന്നതെന്ന് യാഫക്ക് നന്നായി അറിയാമായിരുന്നെന്ന് ചെറുമകൾ അഡ്വ ആദർ പറഞ്ഞു. രക്തസമ്മർദ്ദത്തിനും വിട്ടുമാറാത്ത വേദനയ്ക്കുമുള്ള മരുന്ന് അമ്മയുടെ കയ്യിൽ ഇല്ലെന്ന ദുഖവും അഡ്വ ആദർ പങ്കിട്ടു.
അദാ സാഗി
75 കാരിയായ അദാ സാഗി വിരമിച്ച അറബിക് അധ്യാപികയാണ്. സമാധാനത്തിനായി പ്രചാരണം നടത്തുന്ന അദാ സാഗിയെ തെക്കൻ ഇസ്രയേലിൽ നിന്നാണ് തട്ടിക്കൊണ്ടുപോയത്. സമാധാന പ്രവർത്തകരായ 80ഓളം പേരെ അവർ തട്ടിക്കൊണ്ടുപോയി എന്ന് മനസ്സിലാക്കുന്നെന്ന് മകൻ നോം പറഞ്ഞു.
നോയ
16 വയസ്സുള്ള ബ്രിട്ടീഷ് പൗരയായ നോയയെ ബീരി കിബ്ബൂട്ടിലെ വീടിന് നേരെയുണ്ടായ ആക്രമണത്തിന് ശേഷമാണ് കാണാതായത്. അവളുടെ അമ്മ ലിയാനയും സഹോദരി യഹെലും കൊല്ലപ്പെട്ടു. അവളുടെ പിതാവ് എലിയെ കാണാനില്ല.
സെലിൻ ബെൻ ഡേവിഡ് നഗർ
രണ്ട് സുഹൃത്തുക്കൾക്കൊപ്പം സൂപ്പർനോവ ഫെസ്റ്റിവലിന് പോകുന്നതിനിടെയാണ് സെലിൻ ബെൻ ഡേവിഡ് നഗർ (35)നെ കാണാതായത്. ആക്രമണത്തിൽ നിന്ന് ഭാര്യ രക്ഷപ്പെട്ടതായി ഭർത്താവ് ഇഡോ നഗർ പറഞ്ഞു. അവളുടെ സുഹൃത്തുക്കൾ രക്ഷപ്പെട്ടില്ല. തങ്ങൾക്ക് ആറ് മാസം പ്രായമുള്ള ഒരു കുട്ടിയുണ്ട്. അവൾ ജോലിയിൽ തിരികെ പ്രവേശിക്കുന്നതിന് മുമ്പ് ആസ്വദിക്കുന്ന അവസാനത്തെ പാർട്ടിയായിരുന്നു അതെന്നും ഭർത്താവ് പറഞ്ഞു.
ഇറ്റായ് ചെൻ
19 കാരനായ ഇറ്റായ് ചെൻ ഇസ്രായേൽ സേനയിൽ പ്രവേശിച്ച് ഒരു വർഷം പൂർത്തിയാകുമ്പോഴാണ് അദേഹത്തെ ഹമാസ് ബന്ധിയാക്കുന്നത്. ഇറ്റായുടെ സഹോദരൻ അലോണിന്റെ ബാർമിറ്റ്‌സ്‌വ ആഘോഷിക്കാൻ കുടുംബം തയ്യാറെടുക്കുന്നതിനിടെയാണ് ഈ ദാരുണ സഭവമെന്ന് പിതാവ് റൂബി ചെൻ പറഞ്ഞു.
ഒവാട്ട് സൂര്യശ്രീ
കിഴക്കൻ തായ്‌ലൻഡിലെ സിസാകെത് പ്രവിശ്യയിൽ നിന്നുള്ള ഒവാട്ട് സൂര്യശ്രീയും തെക്കൻ ഇസ്രായേലിലെ ആക്രമണത്തെത്തുടർന്ന് മരിക്കുകയോ തട്ടിക്കൊണ്ടുപോകുകയോ ചെയ്തെന്ന് കരുതപ്പെടുന്ന ഡസൻ കണക്കിന് കുടിയേറ്റ തൊഴിലാളികളിൽ ഉൾപ്പെടുന്നു. മെച്ചപ്പെട്ട വേതനത്തിനായി 2021ലാണ് അദേഹം ഇസ്രായേലിലേക്ക് താമസം മാറിയത്. തനിക്കും രണ്ട് കുട്ടികൾക്കും ഒപ്പം സന്തുഷ്ട ജീവിതം നയിക്കുന്നതിനിടെയാണ് ഭർത്താവിനെ കാണാതായതെന്ന് ഭാര്യ കന്യാരത്ത് സൂര്യശ്രീ പറഞ്ഞു.
ലോറൻ ഗാർകോവിച്ച്
ലോറൻ ഗാർകോവിച്ചിനെയും ഭർത്താവ് ഇവാൻ ഇല്ലാരമെൻഡിയെയും കിബ്ബട്ട്‌സിൽ നിന്ന് കൊണ്ടുപോയി. കൊല്ലപ്പെട്ടവരുടെ പട്ടികയിൽ അവർ ഉൾപ്പെട്ടിട്ടില്ല എന്നതാണ് ഏക പ്രതീക്ഷയുള്ള വാർത്തയെന്ന് ഗാർകോവിച്ചിന്റെ പിതാവ് ഡാനി ചിലിയൻ പറഞ്ഞു
മിയ സ്കീം
സൂപ്പർനോവ മ്യൂസിക് ഫെസ്റ്റിവൽ ആക്രമണത്തിനിടെ ബന്ദിയാക്കപ്പെട്ട ഫ്രഞ്ച്-ഇസ്രായേൽ വനിതയാണ് മിയ സ്കീമെന്ന 21 കാരി. ഹമാസ് തീവ്രവാദികൾ മിയ സ്കീമിനെ തട്ടിക്കൊണ്ടു പോകുന്ന വീഡിയോ പുറത്തുവിട്ടിരുന്നു. മകളെ എത്രയും വേഗം തിരികെ കിട്ടണമെന്ന് കുടുംബം ആവശ്യപ്പെട്ടു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ വീഡിയോയെ "നിന്ദ്യമായ പ്രവൃത്തി" എന്ന് വിശേഷിപ്പിക്കുകയും അവളെ നിരുപാധികം മോചിപ്പിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
ഷാനി ലൂക്ക്
ബെർലിനിൽ നിന്നുള്ള ജർമ്മൻ-ഇസ്രായേൽ വിദ്യാർത്ഥി ഷാനി ലൂക്കിനെയും സൂപ്പർനോവ മ്യൂസിക് ഫെസ്റ്റിവലിനിടെയാണ് തട്ടിക്കൊണ്ടു പോയത്. മകൾ ജീവിച്ചിരിപ്പുണ്ടെന്നും തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് ഗുരുതരാവസ്ഥയിലാണെന്നും വിവരം ലഭിച്ചതായി അമ്മ റിക്കാർഡ ലൂക്ക് പറഞ്ഞു.
ഹെർഷ് ഗോൾഡ്‌ബെർഗ്-പോളിൻ
കാലിഫോർണിയയിൽ ജനിച്ച ജെറുസലേമിൽ നിന്നുള്ള 23 കാരനായ ഹെർഷ് ഗോൾഡ്‌ബെർഗ്-പോളിനും സൂപ്പർനോവ ഫെസ്റ്റിവലിൽ നിന്ന് തട്ടിക്കൊണ്ടുപോയവരിൽ ഉൾപ്പെടുന്നു. ഹമാസ് തീവ്രവാദികൾ മറ്റ് ബന്ദികളോടൊപ്പം ഒരു പിക്കപ്പിന്റെ പിന്നിൽ മകനെ പിടിച്ചു കയറ്റിയപ്പോഴാണ് അവസാനമായി കണ്ടതെന്ന് അമ്മ റേച്ചൽ ഗോൾഡ്‌ബെർഗ് വേദനയോടെ പറഞ്ഞു.
മായ റെഗേവ്
21 കാരിയായ മായ റെഗേവ്, അവളുടെ സഹോദരൻ ഇറ്റായ് എന്നിവരെയും ആഘോഷത്തിനിടെയാണ് തട്ടിക്കൊണ്ടുപോയത്. ഗാസയിൽ ഇറ്റായ് തടവിലാണെന്ന് കാണിക്കുന്ന വീഡിയോ പുറത്തു വന്നിരുന്നു. വീഡിയോയിൽ മായയെ ചിത്രീകരിച്ചിട്ടില്ലെങ്കിലും, ഗാസയിൽ ഇരുവരെയും ബന്ദികളാക്കിയതായി ഇസ്രായേൽ സൈന്യം കുടുംബത്തോട് പറഞ്ഞു. കൂടുതൽ വിവരങ്ങൾ അധികൃതർ നൽകിയില്ല. എന്റെ കുട്ടികൾ ജീവിച്ചിരിപ്പുണ്ടോയെനന്ന് അറിയണമെന്ന് പിതാവ് ഇലൻ റെഗീവ് പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.