'സ്ത്രീകള്‍ അമ്മയുടെയോ അമ്മായിയമ്മയുടെയോ അടിമകളല്ല'; കുടുംബക്കോടതി ഉത്തരവിനെ വിമര്‍ശിച്ച് ഹൈക്കോടതി

'സ്ത്രീകള്‍ അമ്മയുടെയോ അമ്മായിയമ്മയുടെയോ അടിമകളല്ല'; കുടുംബക്കോടതി ഉത്തരവിനെ വിമര്‍ശിച്ച് ഹൈക്കോടതി

കൊച്ചി: വിവാഹമോചന കേസിലെ തൃശൂര്‍ കുടുംബക്കോടതി ഉത്തരവിനെ വിമര്‍ശിച്ച് ഹൈക്കോടതി. സ്ത്രീകള്‍ അമ്മയുടെയോ അമ്മായിയമ്മയുടെയോ അടിമകളല്ലെന്നും സ്വന്തമായി തീരുമാനമെടുക്കാന്‍ കഴിവുള്ളവരാണെന്നും ഹൈക്കോടതി ചീഫ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ അഭിപ്രായപ്പെട്ടു.

കൊട്ടാരക്കര സ്വദേശിനിയായ വനിതാ ഡോക്ടര്‍ തന്റെ വിവാഹമോചന ഹര്‍ജി കൊട്ടാരക്കര കുടുംബക്കോടതിയില്‍ നിന്ന് തലശേരിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

കൊട്ടാരക്കര സ്വദേശിനി ആദ്യം നല്‍കിയ ഹര്‍ജി തൃശൂര്‍ കുടുംബക്കോടതി തള്ളിയിരുന്നു. ഇതേത്തുടര്‍ന്നാണ് യുവതി കൊട്ടാരക്കര കോടതിയെ സമീപിച്ചത്. പരസ്പരമുള്ള അഭിപ്രായ വ്യത്യസങ്ങളും തര്‍ക്കങ്ങളും മറന്ന് വിവാഹത്തിന്റെ പവിത്രത മനസിലാക്കി ഒരുമിച്ചു ജീവിക്കാന്‍ നിര്‍ദേശിച്ചാണ് തൃശൂര്‍ കുടുംബക്കോടതി ഹര്‍ജി തള്ളിയത്. കുടുംബ കോടതിയുടെ നിര്‍ദേശം പുരുഷാധിപത്യ സ്വഭാവമുള്ളതാണെന്നും പുതിയകാല ചിന്താഗതി ഇതല്ലെന്നും ഹൈക്കോടതി വിമര്‍ശിച്ചു.

അമ്മയും അമ്മായിയമ്മയും പറയുന്നത് കേള്‍ക്കാന്‍ ഹര്‍ജിക്കാരിയോട് കുടുംബകോടതി നിര്‍ദേശിച്ചിരുന്നു. കോടതിക്ക് പുറത്ത് ഒത്തുതീര്‍പ്പാക്കാവുന്ന പ്രശ്‌നങ്ങള്‍ മാത്രമേയുള്ളൂവെന്ന് ഹൈക്കോടതയില്‍ ഭര്‍ത്താവും വാദിച്ചു. എന്നാല്‍ ഭര്‍ത്താവിന്റെ ഈ വാദങ്ങളെല്ലാം ഹൈക്കോടതി തള്ളി. സ്ത്രീകള്‍ അമ്മയുടെയോ അമ്മായിയമ്മയുടെയോ അടിമകളല്ലെന്നും ഇവരെടുക്കുന്ന തീരുമാനങ്ങളെ വിലകുറച്ചു കാണരുതെന്നും സിംഗിള്‍ ബെഞ്ച് ഓര്‍മ്മപ്പെടുത്തി. നിങ്ങള്‍ അവരെ മധ്യസ്ഥ ചര്‍ച്ചയ്ക്ക് നിര്‍ബന്ധിക്കുകയാണോയെന്നും കോടതി ചോദിച്ചു.

ഹര്‍ജിക്കാരിയും ഇത് സമ്മതിച്ചാലേ കോടതിക്ക് അനുവദിക്കാനാവൂ എന്നും അവര്‍ക്ക് സ്വന്തമായി ഒരു മനസുണ്ടെന്ന് തിരിച്ചറിയണമെന്നും വ്യക്തമാക്കിയ ഹൈക്കോടതി ഹര്‍ജിക്കാരിയുടെ കേസ് തലേശേരി കോടതിയിലേക്ക് മാറ്റാനുള്ള ആവശ്യം അനുവദിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.