കുട്ടനെല്ലൂര്‍ സഹകരണ ബാങ്കില്‍ ഒരു കോടിയുടെ വായ്പാ തട്ടിപ്പ്; പരാതിയുമായി റിസോര്‍ട്ട് ഉടമ

കുട്ടനെല്ലൂര്‍ സഹകരണ ബാങ്കില്‍ ഒരു കോടിയുടെ വായ്പാ തട്ടിപ്പ്; പരാതിയുമായി റിസോര്‍ട്ട് ഉടമ

തൃശൂര്‍: കുട്ടനെല്ലൂര്‍ സഹകരണ ബാങ്കില്‍ ഒരു കോടി രൂപയുടെ വായ്പാ തട്ടിപ്പ് നടന്നെന്ന് റിസോര്‍ട്ട് ഉടമയുടെ പരാതി. റിസോര്‍ട്ട് പണയപ്പെടുത്തി ഉടമ എടുത്ത വായ്പക്ക് പുറമേ ഉടമ അറിയാതെ ഒരു കോടിയോളം രൂപ അധിക വായ്പ എടുത്തെന്നാണ് ആരോപണം.

തൃശൂര്‍ പാണഞ്ചേരിയിലെ രായിരത്ത് റിസോര്‍ട്ട് ഉടമ സുധാകരന്‍ രായിരത്താണ് കുട്ടനെല്ലൂര്‍ സഹകരണ ബാങ്കിനെതിരെ ഗുരുതരമായ ആരോപണവുമായി രംഗത്തെത്തിയത്.

റിസോര്‍ട്ട് വാങ്ങാന്‍ എത്തിയ മാള സ്വദേശി റിസോര്‍ട്ടിന്റെ പേരില്‍ സി.എസ്.ബി ബാങ്കിലുള്ള 70 ലക്ഷം രൂപയുടെ വായ്പ കുട്ടനെല്ലൂര്‍ സഹകരണ ബാങ്കിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നു. മൂന്നരക്കോടി രൂപയ്ക്കായിരുന്നു റിസോര്‍ട്ട് വില്‍ക്കാന്‍ ധാരണ.

വലിയ കച്ചവടമായതിനാല്‍ വാങ്ങാന്‍ വന്നയാളുടെ ആവശ്യ പ്രകാരം 70 ലക്ഷം രൂപയുടെ വായ്പ കുട്ടനെല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ നിന്ന് എടുത്തു. റിസോര്‍ട്ട് വാങ്ങാനെത്തിയ അനിലിന്റേയും ഭാര്യയുടേയും പേരില്‍ അന്‍പതു ലക്ഷം രൂപയും റിസോര്‍ട്ട് ഉടമയായ സുധാകരന്റെ പേരില്‍ പത്തു ലക്ഷം രൂപയുമാണ് കുട്ടനെല്ലൂര്‍ സഹകരണ ബാങ്ക് വായ്പയായി അനുവദിച്ചത്.

റിസോര്‍ട്ടിന്റെ രേഖകളാണ് വായ്പക്ക് ഈടായി നല്‍കിയത്. പിന്നീട് റിസോര്‍ട്ട് വില്‍പനയ്ക്കു മുമ്പ് കുടിക്കട സര്‍ട്ടിഫിക്കറ്റ് എടുത്തപ്പോഴാണ് ഒരു കോടി രൂപയുടെ അധിക വായ്പ ശ്രദ്ധയില്‍പ്പെട്ടതെന്ന് സുധാകരന്‍ പറയുന്നു.

ക്രമക്കേടിനെതിരെ പൊലീസിനും സഹകരണ വകുപ്പിനും പരാതി നല്‍കിയെങ്കിലും ആരും ഇടപ്പെട്ടില്ല. സിപിഎം ഭരിക്കുന്ന ബാങ്കായതിനാല്‍ പാര്‍ട്ടി ജില്ലാ കമ്മിറ്റി ഓഫിസിലും പരാതി പറഞ്ഞു. ജില്ലാ സെക്രട്ടറി എം.എം വര്‍ഗീസ് ഇടപെട്ട് മധ്യസ്ഥത പറഞ്ഞുവെങ്കിലും മൂന്ന് കോടി രൂപ തിരിച്ചടക്കാന്‍ ആവശ്യപ്പെട്ട് ബാങ്ക് ജപ്തി നോട്ടിസയച്ചതായും സുധാകരന്‍ പറയുന്നു.

ഹൈക്കോടതിയില്‍ നല്‍കിയ പരാതിയില്‍ ജപ്തി നടപടിക്ക് താല്‍ക്കാലിക സ്റ്റേ കിട്ടിയിട്ടുണ്ട്. മുന്‍ എംഎല്‍എ അനില്‍ അക്കരയ്‌ക്കൊപ്പമായിരുന്നു പരാതിക്കാരന്‍ വാര്‍ത്താ സമ്മേളനത്തിനെത്തിയത്.

എന്നാല്‍ പരാതിക്കാരന്റെ ആരോപണം ബാങ്ക് തള്ളി. വായ്പക്കാരെ സംഘടിപ്പ് വായ്പ നല്‍കുന്ന രീതി കുട്ടനെല്ലൂര്‍ ബാങ്കിനില്ലെന്നായിരുന്നു ബാങ്ക് പ്രസിഡന്റ് റിക്‌സന്റെ പ്രതികരണം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.