ഇവര്‍ ഇന്ത്യയുടെ അഭിമാനം; അമേരിക്കയുടെ പരമോന്നത ശാസ്ത്ര ബഹുമതി നേടി ഇന്ത്യന്‍ വംശജര്‍

ഇവര്‍ ഇന്ത്യയുടെ അഭിമാനം; അമേരിക്കയുടെ പരമോന്നത ശാസ്ത്ര ബഹുമതി നേടി ഇന്ത്യന്‍ വംശജര്‍

വാഷിങ്ടണ്‍: അമേരിക്കയുടെ പരമോന്നത ശാസ്ത്ര ബഹുമതിയായ നാഷണല്‍ മെഡല്‍ ഓഫ് ടെക്‌നോളജി ആന്‍ഡ് ഇന്നവേഷന്‍ അവാര്‍ഡ് കരസ്ഥമാക്കി ഇന്ത്യന്‍ വംശജരായ ശാസ്ത്രജ്ഞര്‍. അശോക് ഗാഡ്കില്‍, സുബ്ര സുരേഷ് എന്നിവരാണ് അവാര്‍ഡ് നേടിയത്. യുഎസില്‍ സാങ്കേതിക നേട്ടത്തിനു നല്‍കുന്ന ഏറ്റവും ഉയര്‍ന്ന ബഹുമതിയാണ് നാഷണല്‍ മെഡല്‍ ഓഫ് ടെക്‌നോളജി ആന്‍ഡ് ഇന്നവേഷന്‍ അവാര്‍ഡ്.

മുംബൈ സ്വദേശിയായ അശോക് ഗാഡ്കില്‍ കാലിഫോണിയ യൂണിവേഴ്‌സിറ്റിയില്‍ പ്രഫസറാണ്. ഇതിനു പുറമെ ലോറന്‍സ് ബെര്‍ക്ക്‌ലി നാഷണല്‍ ലബോറട്ടറിയിലെ മുതിര്‍ന്ന ശാസ്ത്രജ്ഞനുമാണ് അദ്ദേഹം.

സുസ്ഥിര വികസന മേഖലയില്‍ അറിയപ്പെടുന്ന ശാസ്ത്രജ്ഞന്‍ കൂടിയായ ഗാഡ്കില്‍ വികസ്വര രാജ്യങ്ങളില്‍ ശുദ്ധജല ലഭ്യത, ഊര്‍ജ കാര്യക്ഷമത, ശുചിത്വം എന്നിവ മെച്ചപ്പെടുത്തുന്നതിന് ഫലപ്രദമായ സാങ്കേതികവിദ്യകള്‍ വികസിപ്പിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

മുംബൈ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഫിസിക്‌സില്‍ ബിരുദം പൂര്‍ത്തിയാക്കിയ ഗാഡ്കില്‍ കാണ്‍പൂര്‍ ഐ.ഐ.ടിയില്‍ നിന്നാണ് ബിരുദാനന്തര ബിരുദം നേടിയത്. തുടര്‍ന്ന് അമേരിക്കയിലേക്കു കുടിയേറിയ അദ്ദേഹം കാലിഫോണിയ യൂണിവേഴ്‌സിറ്റിയില്‍ നിന്നു എംഎസ്സിയും ലോറന്‍സ് ബെര്‍ക്ക്ലി നാഷണല്‍ ലബോറട്ടറിയില്‍ നിന്ന് ഡോക്ടറേറ്റും കരസ്ഥമാക്കിയിട്ടുണ്ട്.

ഇന്‍ഡോ-അമേരിക്കന്‍ വംശജനായ ഡോ. സുബ്ര സുരേഷാണ് അവാര്‍ഡിന് അര്‍ഹനായ രണ്ടാമത്തെ ഇന്ത്യന്‍ ശാസ്ത്രജ്ഞന്‍. അമേരിക്കയില്‍ പഠനം നടത്തിയ അദ്ദേഹം മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങില്‍ ബിരുദാനന്തര ബിരുദം അയോവ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും പി.എച്ച്.ഡി കേംബ്രിഡ്ജിലെ മസാച്യുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്നും പൂര്‍ത്തിയാക്കി.

ബയോ എഞ്ചിനീയര്‍, മെറ്റീരിയല്‍ സയന്റിസ്റ്റ്, അക്കാദമിക് വിദഗ്ധന്‍ എന്നീ നിലകളില്‍ പ്രശസ്തനാണ് ഇന്ത്യന്‍ വംശജനായ സുബ്ര സുരേഷ്. മസാച്യുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ ഡീന്‍ ആയും പ്രൊഫസര്‍ ആയും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

എന്‍ജിനീയറിങ്, ഫിസിക്കല്‍ സയന്‍സ്, ലൈഫ് സയന്‍സസ്, മെഡിസിന്‍ എന്നിവയിലാണ് അദ്ദേഹത്തിന്റെ ഗവേഷണങ്ങള്‍. മസാച്യുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ അഞ്ച് സ്‌കൂളുകളില്‍ ഒന്നിനെ നയിച്ച ആദ്യ ഏഷ്യന്‍ പ്രഫസറാണ് സുബ്ര.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.