കളമശേരി സ്ഫോടനം: മരണം മൂന്നായി; ആദ്യം മരിച്ചയാളെ തിരിച്ചറിഞ്ഞു

കളമശേരി സ്ഫോടനം:  മരണം മൂന്നായി; ആദ്യം മരിച്ചയാളെ തിരിച്ചറിഞ്ഞു

കൊച്ചി: കളമശേരി സ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം മൂന്നായി. പരിക്കേറ്റ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന പന്ത്രണ്ടുകാരി ഇന്ന് പുലര്‍ച്ചെ 12.40 ന് മരിച്ചു. മലയാറ്റൂര്‍ സ്വദേശി ലിബിനയാണ് മരിച്ചത്.

95 ശതമാനം പൊള്ളലേറ്റ് വെന്റിലേറ്ററില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന കുട്ടി മരുന്നുകളോട് പ്രതികരിച്ചിരുന്നില്ലെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. ലിബിനയുടെ അമ്മയും സഹോദരനും ചികിത്സയിലാണ്. ഇവരുടെ പൊള്ളല്‍ ഗുരുതരമല്ല.

അതേസമയം സ്ഫോടന സ്ഥലത്ത് തന്നെ മരിച്ച സ്ത്രീയെ തിരിച്ചറിഞ്ഞു. എറണാകുളം കുറുപ്പുംപടി സ്വദേശി ലയോണ പൗലോസ് (60) ആണ് മരിച്ചത്. ഇവര്‍ ഒറ്റയ്ക്കാണ് പ്രാര്‍ഥനാ യോഗത്തിനെത്തിയത്. ഇതാണ് ഇവരെ തിരിച്ചറിയാന്‍ വൈകിയതെന്ന് പൊലീസ് അറിയിച്ചു. ഇവരുടെ മൃതദേഹം പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു.

ലയോണയെ കാണാനില്ലെന്ന് ബന്ധു പൊലീസില്‍ പരാതിപ്പെട്ടതാണ് നിര്‍ണായകമായത്. പിന്നാലെ രാത്രി വൈകി ബന്ധുവെത്തി മൃതദേഹം തിരിച്ചറിഞ്ഞു. ഇവരുടെ കയ്യിലുണ്ടായിരുന്ന മോതിരം കണ്ടാണ് ബന്ധു തിരിച്ചറിഞ്ഞത്. ലയോണയുടെ മകള്‍ വിദേശത്ത് നിന്നെത്തിയ ശേഷം മൃതദേഹം തിരിച്ചറിയണം. ഇതിന് ശേഷം മാത്രം മൃതദേഹം വിട്ടുകൊടുക്കാമെന്ന നിലപാടിലാണ് അധികൃതര്‍.

തൊടുപുഴ കാളിയാര്‍ സ്വദേശിയായ കുമാരി (53)യും ഇന്നലെ രാത്രി മരിച്ചിരുന്നു. ഇവര്‍ പൊള്ളലേറ്റ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്നു. സ്‌ഫോടനത്തില്‍ 52 പേര്‍ക്ക് പരിക്കേറ്റു. 18 പേര്‍ ഐ.സി.യുവിലാണ്. ആറുപേരുടെ നില അതീവ ഗുരുതരമാണ്.

ഉത്തരവാദിത്വം ഏറ്റെടുത്ത് കൊച്ചി തമ്മനം സ്വദേശി ഡൊമിനിക് മാര്‍ട്ടിന്‍ കൊടകര പൊലീസില്‍ കീഴടങ്ങിയിരുന്നു. ഇയാള്‍ തന്നെയാണ് പ്രതിയെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഇയാള്‍ മുന്‍പ് യഹോവ സാക്ഷി വിഭാഗത്തില്‍ ആയിരുന്നു. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. മറ്റ് ബന്ധങ്ങള്‍ ഉണ്ടോയെന്ന് സംശയിക്കുന്നതിനാല്‍ അന്വേഷണം തുടരും.

അന്വേഷണവുമായി കേന്ദ്ര ഏജന്‍സികളും രംഗത്തുണ്ട്. എന്‍.ഐ.എ സ്ഥലത്തെത്തി തെളിവ് ശേഖരിച്ചു. നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡിലെ ബോംബ് സ്‌ഫോടനം അന്വേഷിക്കുന്ന എട്ടംഗ സംഘവും കേരളത്തിലെത്തി.

ഇന്നലെ രാവിലെ കളമശേരിയിലെ സാമ്ര ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന യഹോവ സാക്ഷി പ്രാര്‍ഥനാ യോഗത്തിനിടെയാണ് സ്ഫോടനമുണ്ടായത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.