കളമശേരി സ്ഫോടനം: കേരളം ഒറ്റക്കെട്ടാണെന്ന സന്ദേശം നല്‍കേണ്ടതുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍

കളമശേരി സ്ഫോടനം: കേരളം ഒറ്റക്കെട്ടാണെന്ന സന്ദേശം നല്‍കേണ്ടതുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍

കൊച്ചി: കളമശേരി സ്ഫോടനം പോലുള്ള സംഭവങ്ങളില്‍ കേരളം ഒറ്റക്കെട്ടാണെന്ന സന്ദേശം നല്‍കേണ്ടതുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഇത്തരം ഘട്ടങ്ങളില്‍ ഒന്നിച്ച് നിന്ന് സംസ്ഥാന താല്‍പര്യം സംരക്ഷിക്കണമെന്ന നിര്‍ദേശമാണ് പ്രതിപക്ഷം മുന്നോട്ട് വച്ചതെന്നും ഉത്തരവാദിത്തപ്പെട്ട പ്രതിപക്ഷമായാണ് പ്രവര്‍ത്തിച്ചതെന്നും അദേഹം പറഞ്ഞു.

കളമശേരിയിലേത് പോലുള്ള സംഭവങ്ങള്‍ ഇനി ആവര്‍ത്തിക്കാതിരിക്കാന്‍ പൊലീസിന്റെ ഇന്റലിജന്‍സ് സംവിധാനം കുറേക്കൂടി ശക്തിപ്പെടുത്തണം. സമൂഹ മാധ്യമങ്ങളിലൂടെ നടക്കുന്ന വിദ്വേഷ പ്രചരണങ്ങളെ കൃത്യമായി നിരീക്ഷിക്കാനും അതിന് തടയിടുന്നതിനും ആധുനിക സംവിധാനങ്ങള്‍ ഉണ്ടാകേണ്ടതുണ്ട്.

സ്ഫോടനത്തെ സംബന്ധിച്ച് പഴുതടച്ചുള്ള അന്വേഷണം ഇനിയും നടക്കേണ്ടതുണ്ടെന്നും സര്‍വകക്ഷി യോഗത്തില്‍ പ്രതിപക്ഷം ഉന്നയിച്ച ആവശ്യങ്ങളെല്ലാം മുഖ്യമന്ത്രി അംഗീകരിച്ചിട്ടുണ്ടെന്നും അദേഹം പറഞ്ഞു.

കേരളം ഒറ്റക്കെട്ടായി നിന്നപ്പോഴും ഒരു പാര്‍ട്ടിയുടെ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്ന നേതാവ് ഈ സംഭവത്തില്‍ പാലസ്തീനുമായി ബന്ധപ്പെടുത്തിയിരുന്നു. എന്നാല്‍ പൊലീസ് അന്വേഷിച്ച് കണ്ടുപിടിക്കട്ടേയെന്നും ഒരു തരത്തിലുള്ള ഊഹാപോഹങ്ങളും പ്രചരിപ്പിക്കരുതെന്നുമുള്ള നിലപാടാണ് കേരളത്തിലെ പ്രതിപക്ഷം സ്വീകരിച്ചതെന്നും അദേഹം സര്‍വകക്ഷി യോഗത്തിന് ശേഷം പ്രതികരിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.