ഇസ്രയേല്‍ പരാമര്‍ശമുള്ള പോസ്റ്റ്; കുവൈറ്റില്‍ രണ്ട് മലയാളി നഴ്സുമാര്‍ക്കെതിരെ നടപടി: ഒരാളെ നാടുകടത്തി

ഇസ്രയേല്‍ പരാമര്‍ശമുള്ള പോസ്റ്റ്; കുവൈറ്റില്‍ രണ്ട് മലയാളി നഴ്സുമാര്‍ക്കെതിരെ നടപടി: ഒരാളെ നാടുകടത്തി

കുവൈറ്റ് സിറ്റി: സമൂഹ മാധ്യമങ്ങളില്‍ ഇസ്രയേല്‍ പരാമര്‍ശമുള്ള പോസ്റ്റിട്ടതിന് കുവൈറ്റില്‍ രണ്ട് മലയാളി നഴ്സുമാര്‍ക്കെതിരെ നടപടി. ഒരു നഴ്സിനെ നാടുകടത്തി. മറ്റൊരു നഴ്സിനെ നാടുകടത്തുന്നതുമായി ബന്ധപ്പെട്ടുള്ള ഉത്തരവ് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ചു. ഈ ദിവസങ്ങളില്‍ നാടുകടത്തുന്നതിനായുള്ള നടപടികളാണ് പുരോഗമിക്കുന്നത്.
വാട്‌സാപ്പില്‍ ഇസ്രയേല്‍ അനുകൂല സ്റ്റാറ്റസ് പങ്കുവെച്ചതിന്റെ പേരിലാണ് നടപടി.

കുവൈറ്റില്‍ മുബാറക് അല്‍ കബീര്‍ ആശുപത്രിയില്‍ ജോലി ചെയ്യുന്ന പത്തനംതിട്ട ജില്ലാക്കാരിയായ നഴ്സിനെയാണ് നാടുകടത്തിയത്. ഭര്‍ത്താവിനും രണ്ട് മക്കള്‍ക്കും ഒപ്പം കുവൈത്തില്‍ കുടുംബസമേതം താമസിച്ചു വരികയായിരുന്നു.

കഴിഞ്ഞ ആഴ്ചയാണ് കുവൈറ്റി അഭിഭാഷകന്‍ പബ്ലിക് പ്രോസിക്യൂഷന് മുമ്പാകെ യുവതിക്കെതിരെ പരാതി നല്‍കിയത്. തുടര്‍ന്നാണ് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം നടപടി സ്വീകരിച്ചത്.

വിഷയത്തില്‍ ഇന്ത്യന്‍ എംബസി ഇടപ്പെട്ടിട്ടുണ്ട്. കുവൈറ്റിലെ ഇന്ത്യക്കാര്‍ക്കുവേണ്ടി മാര്‍ഗ നിര്‍ദേശം പുറപ്പെടുവിപ്പിക്കാന്‍ തീരുമാനം കൈക്കൊണ്ടിട്ടുണ്ട്. ഇന്ത്യന്‍ എംബസിയിലെ ഉദ്യോഗസ്ഥന്‍മാര്‍ അവരെ കണ്ട് അവര്‍ക്കാവശ്യമായിട്ടുള്ള സൗകര്യങ്ങള്‍ ചെയ്യുന്നുണ്ടെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. കുവൈറ്റില്‍ നിലനില്‍ക്കുന്ന നിയമത്തിന്റെ അടിസ്ഥാനത്തില്‍ ഏതു തരത്തില്‍ സമൂഹ മാധ്യമങ്ങളില്‍ ഇടപെടണം എന്ന കാര്യത്തില്‍ മാര്‍ഗനിര്‍ദേശം പുറത്തിറക്കാന്‍ ആലോചിക്കുന്നതായും മുരളീധരന്‍ ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞു. പാലസ്തീന്‍-ഇസ്രയേല്‍ പോരാട്ടത്തില്‍ പലസ്തീനൊപ്പം നില്‍ക്കുന്ന ജിസിസി രാജ്യമാണ് കുവൈറ്റ്.

മറ്റൊരു നഴ്സും സമാനരീതിയിലുള്ള കുറ്റം ചെയ്തുവെന്നാണ് മന്ത്രാലയം വ്യക്തമാക്കുന്നത്. സമൂഹ മാധ്യമങ്ങളില്‍ ഇസ്രയേലിനെ അനുകൂലിച്ച് പോസ്റ്റുകളിട്ടു. ഇതിന്റെ പേരിലാണ് രണ്ടാമത്തെ നഴ്സിനെ നാടുകടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ഉത്തരവ് പുറപ്പെടുവിപ്പിച്ചത്. നിലവില്‍ നടപടികള്‍ പുരോഗമിക്കുകയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.