ലങ്കയെ ചുരുട്ടിക്കൂട്ടി ഇന്ത്യ; 302 റണ്‍സിന്റെ വന്‍വിജയം, ഷമിക്ക് റെക്കോര്‍ഡ്

ലങ്കയെ ചുരുട്ടിക്കൂട്ടി ഇന്ത്യ; 302 റണ്‍സിന്റെ വന്‍വിജയം, ഷമിക്ക് റെക്കോര്‍ഡ്

മുംബൈ: ലോകകപ്പില്‍ തോല്‍വിയറിയാതെ ജൈത്രയാത്ര തുടര്‍ന്ന് ഇന്ത്യ. ശ്രീലങ്കയെ 302 റണ്‍സിന് തോല്‍പ്പിച്ച് ഇന്ത്യ സെമിയില്‍ കടന്നു. സ്‌കോര്‍ : ഇന്ത്യ 357/6, ശ്രീലങ്ക - 55 ഓള്‍ഔട്ട്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യയ്ക്ക് തുടക്കം അത്ര മികച്ചതായിരുന്നില്ല. ആദ്യ ഓവറിന്റെ രണ്ടാം പന്തില്‍ നായകന്‍ രോഹിത് ശര്‍മ ബൗള്‍ഡ്. മുംബൈയില്‍ തിങ്ങിനിറഞ്ഞ ഇന്ത്യന്‍ ആരാധകരെ ഒന്നടങ്കം നിശബ്ദമായ ഏക നിമിഷം ഇതായിരുന്നു.

തുടര്‍ന്ന് ക്രീസില്‍ ഒന്നിച്ച കോലിയും ഗില്ലും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 189 റണ്‍സ് കൂട്ടിച്ചേര്‍ത്ത് ടീം ഇന്ത്യയെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചു. മികച്ച സ്‌ട്രോക്ക് പ്ലേയോടെ സെഞ്ചുറിയിലേക്ക് കുതിക്കുകയായിരുന്ന ഗില്ലിനെ പുറത്താക്കി മധുഷന്‍ഗ ശ്രീലങ്കയ്ക്ക് ബ്രേക്ക് ത്രൂ നല്‍കി. എന്നാല്‍ തുടര്‍ന്നെത്തിയ ശ്രേയസ് അയ്യര്‍ ആക്രമിച്ചു കളിച്ചതോടെ സ്‌കോറിംഗ് വേഗത്തിലായി.

വിരാട് കോലി 88 റണ്‍സ് നേടി. 49ാം ഏകദിന സെഞ്ചുറി പിറക്കുമെന്ന് കരുതിയ നിമിഷത്തില്‍ മധുശങ്കയുടെ ബോളിന് ബാറ്റു വെച്ച കോലിക്ക് പിഴച്ചു. ശ്രേയസ് അയ്യര്‍ 56 പന്തില്‍ നിന്ന് 82 റണ്‍സ് നേടി. അവസാന ഓവറുകളില്‍ ജഡേജയും ആക്രമിച്ചതോടെ ഇന്ത്യയുടെ സ്‌കോര്‍ 350 കടന്നു. ശ്രീലങ്കയ്ക്കു വേണ്ടി മധുശങ്ക അഞ്ചു വിക്കറ്റ് നേടി.

വന്‍വിജയലക്ഷ്യം മുന്നില്‍കണ്ട് ബാറ്റിംഗിന് ഇറങ്ങിയ ശ്രീലങ്കയ്ക്ക് ആദ്യ പന്തില്‍ തന്നെ ബുംറയുടെ പ്രഹരം. നിസങ്ക ഗോള്‍ഡന്‍ ഡക്കില്‍ പുറത്ത്. തുടര്‍ന്ന് പവലിയനിലേക്ക് ബാറ്റര്‍മാര്‍ ഘോഷയാത്ര നടത്തുകയായിരുന്നു.

ശ്രീലങ്കന്‍ നിരയില്‍ മൂന്നു പേര്‍ മാത്രമാണ് രണ്ടക്കം കണ്ടത്. എയ്ഞ്ചലോ മാത്യൂസ് (12), മഹീഷ് തീക്ഷണ (12), കസുന്‍ രജിത (17) എന്നിവരാണ് രണ്ടക്കം കണ്ടത്.

ഇന്ത്യയ്ക്കു വേണ്ടി മുഹമ്മദ് ഷമി അഞ്ചു വിക്കറ്റ് നേടി. അഞ്ചോവറില്‍ 18 റണ്‍സിനാണ് ഷമിയുടെ നേട്ടം. ഈ നേട്ടത്തോടെ ലോകകപ്പ് ഏകദിന ക്രിക്കറ്റില്‍ ഇന്ത്യയ്ക്കു വേണ്ടി ഏറ്റവുമധികം വിക്കറ്റുകള്‍ എന്ന നേട്ടവും ഷമിയെ തേടിയെത്തി.

45 വിക്കറ്റുകളാണ് ഷമി ഏകദിന ലോകകപ്പ് മല്‍സരത്തില്‍ ഇന്ത്യയ്ക്കു വേണ്ടി നേടിയിട്ടുള്ളത്. വെറും 14 മല്‍സരങ്ങളില്‍ നിന്നാണ് ഷമിയുടെ ഈ നേട്ടം എന്നതും ശ്രദ്ധേയമാണ്. ജവഗല്‍ ശ്രീനാഥ് (44), സഹീര്‍ ഖാന്‍ (44) എന്നിവരുടെ പേരിലുള്ള റെക്കോര്‍ഡാണ് ഷമി സ്വന്തം പേരിലാക്കിയത്.

മുഹമ്മദ് സിറാജ് മൂന്നു വിക്കറ്റ് നേടി. ഏഷ്യാകപ്പിലെ പ്രകടനത്തെ അനുസ്മരിപ്പിച്ച പ്രകടനത്തോടെ സിറാജാണ് ശ്രീലങ്കന്‍ മുന്‍നിരയെ പിച്ചിചീന്തിയത്. ബുംറ ഒരു വിക്കറ്റെടുത്തു. ഇരുപതാം ഓവറില്‍ ആദ്യമായി പന്തെറിയാനെത്തിയ ജഡേജയ്ക്കു മുന്നില്‍ അവസാന ആളും വീണതോടെ ഇന്ത്യ ചരിത്രജയം കുറിച്ചു.

ലോകകപ്പിലെ തന്നെ ഏറ്റവും വലിയ വിജയങ്ങളില്‍ ഒന്നാണ് ഇത്. കഴിഞ്ഞ ദിവസം ഓസ്‌ട്രേലിയ 309 റണ്‍സിന് നേടിയ വിജയം കഴിഞ്ഞാല്‍ ലോകകപ്പ് ചരിത്രത്തിലെ തന്നെ റണ്‍ മാര്‍ജിന്റെ അടിസ്ഥാനത്തിലുള്ള ഏറ്റവും വലിയ വിജയമാണിത്. മുഹമ്മദ് ഷമിയാണ് പ്ലെയര്‍ ഓഫ് ദ മാച്ച്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.