ഇത് സൂപ്പര്‍ ബ്ലാസ്റ്റേഴ്‌സ്; ഈസ്റ്റ് ബംഗാളിനെ തട്ടകത്തില്‍ കീഴടക്കി ബ്ലാസ്റ്റേഴ്‌സ് പോയിന്റ് പട്ടികയുടെ തലപ്പത്ത്

ഇത് സൂപ്പര്‍ ബ്ലാസ്റ്റേഴ്‌സ്; ഈസ്റ്റ് ബംഗാളിനെ തട്ടകത്തില്‍ കീഴടക്കി ബ്ലാസ്റ്റേഴ്‌സ് പോയിന്റ് പട്ടികയുടെ തലപ്പത്ത്

കൊല്‍ക്കത്ത: ഈസ്റ്റ് ബംഗാളിനെ തട്ടകത്തില്‍ കീഴടക്കി കേരള ബ്ലാസ്റ്റേഴ്‌സ്. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ തകര്‍പ്പന്‍ ജയം.

കേരളത്തിനു വേണ്ടി ദയ്‌സൂകെ സകായ്, ദിമിത്രിയോസ് ദയമാന്‍ഡകോസ് എന്നിവര്‍ ഗോളുകള്‍ നേടി. ക്ലെയ്ടണ്‍ സില്‍വയാണ് ഈസ്റ്റ് ബംഗാളിന്റെ ആശ്വാസ ഗോള്‍ നേടിയത്.

ഹോം ഗ്രൗണ്ടില്‍ തിങ്ങിനിറഞ്ഞ ആരാധകര്‍ക്കു മുന്നില്‍ ആത്മവിശ്വാസത്തോടെ കളിച്ച ഈസ്റ്റ് ബംഗാളാണ് കളിയുടെ ഏറെ സമയവും പന്ത് കൈവശം വെച്ചത്. എന്നാല്‍ ലഭിച്ച അവസരങ്ങള്‍ അവര്‍ക്കു മുതലാക്കാനായില്ല.

ബ്ലാസ്റ്റേഴ്‌സ് ഗോളി എച്ചിന്‍ സുരേഷിന്റെ പ്രകടനവും ജയത്തില്‍ നിര്‍ണായകമായി. പെനല്‍ട്ടി സേവ് അടക്കം മികച്ച സേവുകള്‍ നടത്തിയാണ് സുരേഷ് ടീമിന് വിജയം സമ്മാനിച്ചത്.

ഇരുടീമുകളും പരുക്കന്‍ കളി പുറത്തെടുത്തതോടെ ഫൗളുകളുടെ പ്രവാഹമായിരുന്നു. കേരള ബ്ലാസ്റ്റേഴ്‌സിനും ഈസ്റ്റ് ബംഗാളിനും മൂന്നു വീതം മഞ്ഞകാര്‍ഡുകള്‍ ലഭിച്ചു. അവസാന മിനിട്ടില്‍ സ്റ്റാര്‍ താരം ദിമിത്രിയോസ് ദയമാന്‍ഡകോസിന് റെഡ് കാര്‍ഡും ലഭിച്ചു. ആകെ 18 ഫൗളുകളാണ് ബ്ലാസ്റ്റേഴ്‌സ് നടത്തിയത്. ഒമ്പത് എണ്ണം ഈസ്റ്റ് ബംഗാളും നടത്തിയതോടെ ആകെ 27 ഫൗളുകളാണ് മല്‍സരത്തില്‍ പിറന്നത്.

ആറു മല്‍സരത്തില്‍ നാലു ജയവും ഒരു സമനിലയും ഒരു തോല്‍വിയുമടക്കം 13 പോയിന്റുമായി പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് ബ്ലാസ്‌റ്റേഴ്‌സ്. ഒരു വിജയവും ഒരു സമനിലയും അടക്കം നാലു പോയിന്റ് മാത്രമുള്ള ഈസ്റ്റ് ബംഗാള്‍ പത്താം സ്ഥാനത്താണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.