ഗോരഖ്പൂര്‍: സീറോ മലബാര്‍ സഭ ഗോരഖ്പൂര്‍ രൂപതയുടെ പുതിയ മെത്രാനായി മാര്‍ മാത്യു നെല്ലിക്കുന്നേല്‍ അഭിഷിക്തനായി. തിരുക്കര്‍മങ്ങള്‍ക്ക് സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യകാര്‍മികത്വം വഹിച്ചു.
സ്ഥാനമൊഴിഞ്ഞ ഗോരഖ്പൂര്‍ ബിഷപ് മാര്‍ തോമസ് തുരുത്തിമറ്റം, ആഗ്ര ആര്‍ച്ച് ബിഷപ് മാര്‍ റാഫി മഞ്ഞളി എന്നിവര്‍ സഹകാര്‍മികരായിരുന്നു. ഗോരഖ്പുര്‍ സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ മൈതാനത്തായിരുന്നു മ്രെതാഭിഷേകവും സ്ഥാനാരോഹണ ചടങ്ങുകളും.
മാര്‍ മാത്യു നെല്ലിക്കുന്നേലിനെ മെത്രാനായി നിയമിച്ചുകൊണ്ടുള്ള പ്രതിക സീറോ മലബാര്‍ സഭ ചാന്‍സലര്‍ റവ. ഡോ. ഏബ്രഹാം കാവില്‍പുരയിടം ഇംഗ്ലീഷിലും ഗോരഖ്പുര്‍ രൂപത ചാന്‍സലര്‍ ഫാ. റോജര്‍ അഗസ്റ്റിന്‍ ഹിന്ദിയിലും വായിച്ചു. ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച ്ബിഷപ് ഡോ. ലെയോപോള്‍ദോ ജിറേല്ലി ആശംസയര്‍പ്പിച്ചു.
തുടര്‍ന്നു നടന്ന പൊതുസമ്മേളനത്തില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അധ്യക്ഷത വഹിച്ചു. സിബിസിഐ പ്രസിഡന്റ മാര്‍ ആന്‍ഡ്രൂസ് താഴത്ത്, ഗോരഖ്പൂര്‍ മേയര്‍ ഡോ. മംഗ്ലേഷ് കുമാര്‍ ശ്രീവത്സ, വിവിധ മത, സാംസ്‌കാരിക നേതാക്കള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. മാര്‍ മാത്യു നെലിക്കുന്നേല്‍ മറുപടി പ്രസംഗം നടത്തി.
മുഖ്യ സംഘാടകന്‍ ഫാ. രാജഷ് പുതുശേരി നന്ദി പറഞ്ഞു. 30 മെത്രാന്മാരും ഇരുനൂറിലധികം വൈദികരുമടക്കം നാലായിരത്തിലധികം പേര്‍ പങ്കെടുത്തു.
ഗോരഖ്പൂര്‍ രൂപതയുടെ പുതിയ മെത്രാനായി സ്ഥാനമേറ്റ മാര്‍ മാത്യു നെല്ലിക്കുന്നേല്‍.
കാക്കനാട് നടന്ന സിറോ മലബാര്‍ സഭയുടെ സിനഡ് സമ്മേളനത്തിനിടെ കഴിഞ്ഞ ഓഗസ്റ്റ് 25നാണ് മോണ്‍. മാത്യു നെല്ലിക്കുന്നേലിനെ മെത്രാനായി പ്രഖ്യാപിച്ചത്. ബിഷപ് മാര്‍ തോമസ് തുരുത്തിമറ്റം പ്രായപരിധിയെത്തിയതിനാല്‍ കാനന്‍ നിയമാനുസൃതം സമര്‍പ്പിച്ച രാജിയെ തുടര്‍ന്നായിരുന്നു പുതിയ നിയമനം.
1970 നവംമ്പര്‍ 13 ന് ഇടുക്കി രൂപതയിലെ മരിയാപുരത്താണ് മാര്‍ മാത്യു നെല്ലിക്കുന്നേലിന്റെ ജനനം. സിഎസ്ടി സന്ന്യാസ സമൂഹത്തില്‍ ചേര്‍ന്ന അദേ ഹം 1998 ഡിസംബര്‍ 30ന് പൗരോഹിത്യം സ്വീകരിച്ചു. രാജസ്ഥാനിലെ ക്രിസ്തു ജ്യോതി പ്രവിശ്യയുടെ പ്രൊവിന്‍ഷ്യാള്‍, ആലുവ ലിറ്റില്‍ ഫ്‌ളവര്‍ മേജര്‍ സെമിനാരിയില്‍ റെക്ടര്‍ തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്. ഇടുക്കി ബിഷപ് മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ സഹോദരനാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.