വാഷിങ്ടണ്‍: ടെക്സസിലെ ഡാലസില്‍ ഇന്ത്യന്‍ വംശജനെ തലയറുത്ത് ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികരണവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.
അനധികൃത കുടിയേറ്റക്കാരായ ക്രിമിനലുകളോട് തന്റെ ഭരണകൂടം ഒരിക്കലും 'മൃദു സമീപനം' സ്വീകരിക്കില്ലെന്നായിരുന്നു തന്റെ ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്‌ഫോമിലൂടെ ട്രംപിന്റെ പ്രതികരണം.
ഇന്ത്യന്‍ വംശജനായ ചന്ദ്ര നാഗമല്ലയ്യയെ ഭാര്യയുടെയും മകന്റെയും മുന്നിലിട്ടാണ് അക്രമികള്‍ കഴുത്തറുത്ത് കൊല ചെയ്തത്. ഇത്തരം സംഭവം നമ്മുടെ രാജ്യത്ത് ഒരിക്കലും ഉണ്ടാകാന്‍ പാടില്ലായിരുന്നുവെന്ന് പറഞ്ഞ ട്രംപ് ക്യൂബയില്‍ നിന്നുള്ള ഒരു അനധികൃത കുടിയേറ്റക്കാരനാണ് നാഗമല്ലയ്യയെ കഴുത്തറുത്ത് കൊന്നതെന്നും വ്യക്തമാക്കി.
ചന്ദ്ര നാഗമല്ലയ്യയെ അദേഹത്തിന്റെ ഭാര്യയുടെയും മകന്റെയും മുന്നില്‍ വെച്ച് നമ്മുടെ രാജ്യത്ത് ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്ത തരത്തില്‍ ക്യൂബയില്‍ നിന്നുള്ള ഒരു അനധികൃത കുടിയേറ്റക്കാരന്‍ ക്രൂരമായി തലയറുത്ത് കൊലപ്പെടുത്തിയതിനെക്കുറിച്ചുള്ള ഭയാനകമായ റിപ്പോര്‍ട്ടുകളെപ്പറ്റി അറിഞ്ഞു.
കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമം, വാഹന മോഷണം, അന്യായമായി തടങ്കലില്‍ വെക്കല്‍ എന്നിവയുള്‍പ്പെടെയുള്ള ഭയാനകമായ കുറ്റകൃത്യങ്ങള്‍ക്ക് ഈ വ്യക്തിയെ മുന്‍പ് അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ ഇത്രയും ദുഷ്ടനായ ഒരു വ്യക്തിയെ തങ്ങളുടെ രാജ്യത്ത് വേണ്ടെന്ന് ക്യൂബ നിലപാടെടുത്തതിനാല്‍ കഴിവുകെട്ട ജോ ബൈഡന്റെ ഭരണകൂടം ഇയാളെ നമ്മുടെ രാജ്യത്ത് തന്നെ നിലനിര്‍ത്തി.
'ഈ അനധികൃത കുടിയേറ്റക്കാരായ കുറ്റവാളികളോടുള്ള മൃദു സമീപനത്തിന്റെ കാലം എന്റെ ഭരണത്തിന്‍ കീഴില്‍ അവസാനിച്ചിരിക്കുന്നു. ഹോംലാന്‍ഡ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റി നോം, അറ്റോര്‍ണി ജനറല്‍ പാം ബോണ്ടി, ബോര്‍ഡര്‍ സാര്‍ ടോം ഹോമാന്‍ എന്നിവരും എന്റെ ഭരണകൂടത്തിലെ മറ്റനേകരും അമേരിക്കയെ വീണ്ടും സുരക്ഷിതമാക്കുന്നതിന് അവിശ്വസനീയമായ പ്രവര്‍ത്തനമാണ് നടത്തുന്നത്.
ഇപ്പോള്‍ നമ്മുടെ കസ്റ്റഡിയിലുള്ള ഈ കുറ്റവാളിയെ നിയമപ്രകാരം സാധ്യമായ ഏറ്റവും കടുത്ത രീതിയില്‍ വിചാരണ ചെയ്യും. അയാള്‍ക്കെതിരെ ഗുരുതരമായ കൊലപാതകക്കുറ്റം ചുമത്തും' - ട്രംപ് ട്രൂത്തില്‍ കുറിച്ചു.
പ്രതി മുപ്പത്തേഴുകാരനായ ക്യൂബന്‍ പൗരന്‍ യോര്‍ഡാനിസ് കോബോസ് മാര്‍ട്ടിനെസിനെ അയാളുടെ ക്രിമിനല്‍ പശ്ചാത്തലം കാരണം ക്യൂബ തിരിച്ചെടുക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് ജോ ബൈഡന്‍ പ്രസിഡന്റായിരിക്കുമ്പോള്‍ 'മോചിപ്പിച്ചിരുന്നു' എന്ന് യു.എസ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റി സ്ഥിരീകരിച്ചു.
കാലിഫോര്‍ണിയ, ഹൂസ്റ്റണ്‍, ഫ്ളോറിഡ എന്നിവിടങ്ങളിലും കോബോസ് മാര്‍ട്ടിനെസ് ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നതായി രേഖകള്‍ വെളിപ്പെടുത്തുന്നു.
നാഗമല്ലയ്യയും കോബോസ് മാര്‍ട്ടിനെസും ജോലി ചെയ്തിരുന്ന സ്ഥലത്ത് വെച്ചുള്ള തര്‍ക്കത്തിനിടെ സെപ്റ്റംബര്‍ പത്തിനായിരുന്നു ക്രൂരമായ കൊലപാതകം.
1
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.