സിനഡൽ സഭയുടെ ഒന്നിച്ചുള്ള യാത്ര

സിനഡൽ സഭയുടെ ഒന്നിച്ചുള്ള യാത്ര

സിനഡൽ സഭയ്ക്കുവേണ്ടി: കൂട്ടായ്മയും പങ്കാളിത്തവും ദൗത്യവും"എന്ന പ്രമേയം ആസ്പദമാക്കി ഫ്രാൻസിസ് പാപ്പ വിളിച്ചുചേർത്ത പതിനാറാമത് ആഗോള മെത്രാൻ സിനഡിന്റെ ആദ്യസമ്മേളനം വത്തിക്കാനിൽ നടന്നുകഴിഞ്ഞു. 

സിനഡ് 2023-നു വേണ്ടിയുള്ള ഒരുക്കത്തിന്റെ ഔപചാരിക ഉത്ഘാടനം 09 ഒക്ടോബർ 2021 ൽ തന്നെ പോപ്പ് ഫ്രാൻസിസ് നിർവ്വഹിച്ചു. അതോടെ ലോകം മുഴുവനിലുമുള്ള എല്ലാ രൂപതകളിലും സിനഡിന്റെ  

ഒരുക്കപ്രക്രിയകൾക്ക് തുടക്കം കുറിക്കുകയായിരുന്നു. രണ്ടു വാക്കുകൾ യോജിച്ചുണ്ടായ ഗ്രീക്ക് വാക്കാണ് സിനഡ് : 'syn' (കൂടെ അല്ലെങ്കിൽ ഒന്നിച്ച്) എന്നും 'odos' (മാർഗ്ഗം അല്ലെങ്കിൽ വഴി ) എന്നും. അതുകൊണ്ട്, ഒരു സിനഡ് എന്നാൽ ഒരേ വഴിയിൽ 'ഒന്നിച്ചുള്ള യാത്രയാണ്'.

പരമ്പരാഗതമായി സിനഡെന്നു പറയുമ്പോൾ ലോകം മുഴുവനിലെയും ദൈവജനത്തെ പ്രതിനിധീകരിച്ച് ഓരോ രൂപതയിലേയും മെത്രാന്മാർ ഒന്നിച്ചു കൂടുന്നതാണ്. പക്ഷെ ഈ ആഗോള സിനഡ് പ്രാദേശിക സഭകളിൽ നിന്നാരംഭിച്ച് രൂപതകളിലും ഭൂഖണ്ഡത്തിലും ആഗോളതലത്തിലും എത്തുന്നു. പരസ്പരം ശ്രവിക്കുകയും ഒന്നിച്ചു പരിശുദ്ധാത്മാവിനെ ശ്രവിക്കുകയും പഠിക്കുകയും എല്ലാം വിവേചിച്ചറിയുകയും ചെയ്യുന്ന സഭാമക്കൾ.

രണ്ട് അസാധാരണ പ്രത്യേകതകൾ ഈ സിനഡിനുണ്ട്. ഒ​ന്നാ​മ​ത്, അത് വി​ളി​ച്ചുചേ​ർ​ത്ത രീ​തി​യാ​ണ്. നി​ങ്ങ​ൾ ആ​ഗ്ര​ഹി​ക്കു​ന്ന മാ​റ്റ​ങ്ങ​ൾ എ​ന്താ​ണ്? എ​ന്ന് സാ​ധാ​ര​ണ വി​ശ്വാ​സി​ക​ളോ​ടു ചോ​ദി​ച്ചുകൊ​ണ്ട് ആ​രം​ഭി​ക്കു​ന്ന സി​ന​ഡ് ജ​ന​കീ​യ​നാ​യ ഒ​രു മാ​ർ​പാ​പ്പ​യെ കാണിച്ചു തരുന്നു. മ​റ്റൊ​രു പ്ര​ത്യേ​ക​ത, പ​ങ്കെ​ടു​ക്കു​ന്ന​വ​ർ പൗ​രോ​ഹി​ത്യപ​ദ​വി​യി​ലു​ള്ള​വ​ർ മാ​ത്ര​മ​ല്ല എ​ന്ന​താ​ണ്.

ആഗോള സിനഡിൽ 363 പേരാണു പങ്കെടുക്കുന്നത്. മെത്രാൻമാരുടെ സിനഡാണെങ്കിലും ഇതിലേക്ക് 70 അല്മായരെ പൂർണ വോട്ടവകാശത്തോടെ മാർപാപ്പ വിളിച്ചിട്ടുണ്ട്. 54 വനിതകളുമുണ്ട്.

പരിശുദ്ധാത്മാവാണ് സിനഡൽ പ്രവർത്തനങ്ങളെ നയിക്കേണ്ടതെന്ന് പാപ്പ പറഞ്ഞിരുന്നു. ഓരോ വ്യക്തികൾക്കും ക്രൈസ്തവസമൂഹങ്ങൾക്കും അവരവരുടേതായ പ്രത്യേകതകൾ ഉണ്ടായിരിക്കാമെങ്കിലും, ആ വ്യത്യസ്ത സ്വരങ്ങളെ ഒരുമിച്ച് ശരിയായ സംഗീതമാക്കി മാറ്റുന്നത് പരിശുദ്ധാത്മാവാണ്. സഭയെ സംരക്ഷിക്കുന്നതും ഇതേ ആത്മാവാണ്. ഈ ആത്മാവിന്റെ വിവിധങ്ങളായ സ്വരങ്ങൾ ശ്രവിക്കുകയും മനസ്സിലാക്കുകയും വിശകലനം ചെയ്യുകയും ചെയ്യേണ്ടതിന്റെ ആവശ്യമുണ്ടെന്നും പാപ്പാ ഏവരെയും ഓർമ്മിപ്പിച്ചു. നമ്മെ വിശ്വാസത്തിൽ ഉറപ്പിച്ചു നിറുത്തുന്നതും പരിശുദ്ധാത്മാവ് തന്നെയാണല്ലോ. 

രണ്ടു ഭാഗങ്ങളായി നടക്കുന്ന ആഗോള സിനഡിന്റെ ഒന്നാം ഭാഗത്തെ സമ്മേളനങ്ങൾ ഒക്ടോബർ 4 മുതൽ 29 വരെ വത്തിക്കാനിൽ നടന്നു. 2024 ഒക്ടോബറിലായിരിക്കും രണ്ടാം ഭാഗത്തുള്ള സമ്മേളനങ്ങൾ നടക്കുക.

സിനഡ് എന്ന് പറയുമ്പോൾ, ദൈവജനത്തിന്റെ ഒന്നിച്ചുള്ള പ്രയാണമാണ് പാപ്പ ഉദ്ദേശിക്കുന്നത്. ആരെയും ഒഴിവാക്കാതെ എല്ലാവരെയും ചേർത്തുനിർത്തുന്ന സഭയുടെ മാതൃത്വം നിറഞ്ഞ സ്വഭാവമാണ് ഇതിലൂടെ വെളിപ്പെടുന്നത്.

വിശുദ്ധ പത്രോസിന്റെ പിൻഗാമികളായ പാപ്പാമാർ സഭയിൽ എപ്പോഴും ആവർത്തിച്ചാവശ്യപ്പെടുന്ന ഒന്നാണ് ദൈവജനം പൊതുവായ യാത്രയിൽ ചേർന്ന് നിൽക്കേണ്ടവരാണെന്നത്. ഇതിനർത്ഥം എല്ലാവരും ഒരേ ജീവിതസാഹചര്യങ്ങളിൽ ഉള്ളവർ ആയിരിക്കണം എന്നല്ല. പല സാഹചര്യങ്ങളിൽ നിന്നുള്ളവർ നാനാത്വത്തിൽ ഏകത്വം എന്ന നിലയിൽ ദൈവരാജ്യം ലക്ഷ്യമാക്കി യാത്ര ചെയ്യുക എന്നതാണ്. ദൈവജനം സ്വർഗം ലക്‌ഷ്യം വച്ചുകൊണ്ടുള്ള തീർത്ഥാടനത്തിലാണെന്ന ആദിമസഭയുടെ കാഴ്ചപ്പാടാണ് ഇതിനടിസ്ഥാനം. ഇപ്രകാരം സഭയെ അതിന്റെ ആഴത്തിലുള്ള വേരുകളിൽ ഒരിക്കൽക്കൂടി നവീകരിക്കുന്നതിനുള്ള ഒരു വേദിയാണ് 'സിനഡാലിറ്റി'യിൽ ഊന്നിയുള്ള സിനഡ്. സഭയിൽ കൂടുതൽ ഐക്യപ്പെടുവാനും, ലോകത്തിൽ നമ്മെ ഭരമേല്പിച്ചിരിക്കുന്ന ദൗത്യം പൂർണ്ണമായി നിറവേറ്റുവാനും എല്ലാവരെയും ഓർമ്മിപ്പിക്കുന്ന ഒരു അവസരം കൂടിയാണത്.

ആദ്യ സമ്മേളന ദിവസം ഓരോ അംഗത്തിനും ലഭിച്ചിരുന്ന നാല് മിനിറ്റിൽ പ്രാദേശിക സഭയിലെ ആദ്യ തല സിനഡൽ പ്രക്രിയ നടന്ന വിധവും, കണ്ടെത്തിയ ബുദ്ധിമുട്ടുകളുമൊക്കെ അവർ വിശദീകരിച്ചിരുന്നു. പല രാജ്യങ്ങളിലും യുദ്ധങ്ങൾ നടക്കുന്ന സാഹചര്യത്തിൽ സിനഡില്‍ നിന്ന് ഉയര്‍ന്നുവന്ന ഒരു ഏകീകൃത വിഷയം സമാധാനത്തിനായുള്ള പ്രാര്‍ത്ഥനയുടെ പ്രാധാന്യമായിരുന്നു. വൈവിധ്യമാര്‍ന്ന സമൂഹങ്ങള്‍ക്കിടയില്‍ ഐക്യവും ധാരണയും വളര്‍ത്തുന്നതിനുള്ള ശക്തമായ ഉപകരണമാണല്ലോ പ്രാര്‍ത്ഥന.

 പ്രേഷിത ദൗത്യമാണ് സഭയുടെ ഹൃദയത്തിലുള്ളതെന്ന് പറഞ്ഞ പാപ്പയോട് യോജിച്ച്, സഭയുടെ ദൗത്യം സുവിശേഷ പ്രഘോഷണത്തില്‍ മാത്രം ഒതുങ്ങാതെ സാമുദായിക ജീവിതത്തിലേക്ക് വ്യാപിക്കണമെന്ന് സിനഡ് ഊന്നിപ്പറയുന്നു. 

ഇടവകയ്ക്ക് ചൈതന്യവും ജീവനും കൊടുക്കുന്നതിൽ നമ്മുടെ പങ്കാളിത്തം എന്താണ്? എത്ര ചെറുതാണെങ്കിലും നമ്മെ ഓരോരുത്തരെയും ക്രിസ്തു ഒരു 'ദൗത്യം' ഏല്പിച്ചിട്ടുണ്ടെന്ന കാര്യത്തെക്കുറിച്ച് നമ്മൾ ബോധവാന്മാരാണോ?

ഡിജിറ്റൽ യുഗത്തിന്റെ വിശുദ്ധനായി അറിയപ്പെടുന്ന കാർലോ അക്യുട്ടിസ് വാഴ്ത്തപ്പെട്ടവനായ ഇക്കാലത്ത്, സമൂഹത്തിന് ഈശോയെ കൊടുക്കാൻ നമുക്കിന്ന് ഏറെ വഴികളുണ്ടെന്ന കാര്യത്തിൽ സംശയമില്ല. മറ്റുള്ളവരെ നമുക്ക് ക്ഷമയോടെ ശ്രവിക്കാം. പരിശുദ്ധാത്മാവിന്റെ പ്രചോദനങ്ങൾക്ക് കാതോർക്കാം. 

സജീവ പങ്കാളിത്തത്തിലൂടെ, കൂട്ടായ്മയിലൂടെ ഏൽപ്പിക്കപ്പെട്ട ദൗത്യങ്ങൾ നിറവേറ്റാം. 2024 ഒക്ടോബറിൽ രണ്ടാം സമ്മേളനതോടെ അവസാനിക്കുന്ന ആഗോളസിനഡിനായി നമുക്ക് പ്രാർത്ഥിക്കാം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26