സെബാസ്റ്റ്യൻ സജി കുര്യനു മികച്ച ക്യാമറാമാൻ അവാർഡ്

സെബാസ്റ്റ്യൻ സജി കുര്യനു മികച്ച ക്യാമറാമാൻ അവാർഡ്

മാർട്ടിൻ വിലങ്ങോലിൽ

മയാമി: ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക ഈ വർഷത്തെ ബെസ്ററ് ക്യാമറാമാൻ അവാർഡ് നൽകി സെബാസ്റ്റ്യൻ സജി കുര്യനെ (സ്റ്റാർലൈൻ സജി) ആദരിച്ചു. 2023 നവംബർ 2, 3, 4 തീയതികളിലായി മയാമിയിലെ ഹോളിഡേ ഇൻ ഹോട്ടലിൽ വച്ച് നടത്തപ്പെട്ട പത്താമത് ഇന്ത്യ പ്രസ് ക്ലബ് കോൺഫറൻസിന്റെ പ്രൗഢഗംഭീരമായ അവാർഡ് ദാന ചടങ്ങിലാണ് പുതുപ്പള്ളി എംഎൽഎ . ചാണ്ടി ഉമ്മൻ, അരൂർ എംഎൽഎ  ദലീമ ജോജോ എന്നിവർ ചേർന്ന് സജിക്ക് അവാർഡ് സമ്മാനിച്ചത്.

പരിപാടിയിൽ ഐപിസിഎൻഎ പ്രസിഡണ്ട്,  സുനിൽ തൈമറ്റം സെക്രട്ടറി  രാജു പള്ളത്ത് , ട്രഷറർ  ഷിജോ പൗലോസ്, കൺവീനർ  മാത്യു വർഗീസ് , പ്രസിഡണ്ട് ഇലക്ട്  സുനിൽ ട്രൈസ്റ്റാർ എന്നിവരോടൊപ്പം മറ്റു ഭാരവാഹികളും സന്നിഹിതരായിരുന്നു.

കൂടാതെ കേരളത്തിലെ മുതിർന്ന മാധ്യമ പ്രവർത്തകരായ പി.ജി സുരേഷ് കുമാർ (ഏഷ്യാനെറ്റ് ന്യൂസ് ) സ്‌മൃതി പരുത്തിക്കാട് (റിപ്പോർട്ടർ ടിവി), അഭിലാഷ് മോഹൻ (മാതൃഭൂമി ന്യൂസ്) അയ്യപ്പദാസ് (മനോരമ ന്യൂസ്), ക്രിസ്റ്റീന ചെറിയാൻ ( 24 ന്യൂസ്) ഷാബു കിളിത്തട്ടിൽ (ഹിറ്റ് 95 എഫ്എം റേഡിയോ), പി. ശ്രീകുമാർ (ജന്മഭൂമി) കവി മുരുകൻ കാട്ടാക്കട എന്നിവരുടേയും സാന്നിധ്യത്തിലായിരുന്നു അവാർഡ് ദാനം.

തനിക്കു ലഭിച്ച ഈ അവാർഡ് വലിയൊരു അംഗീകാരമായി കാണുന്നുവെന്നും മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്ക് തീർച്ചയായും ഇതൊരു ഊർജം ആയിരിക്കുമെന്നും സജി പറഞ്ഞു. അവാർഡിന് തന്നെ തിരഞ്ഞെടുത്ത സംഘാടകർക്കുള്ള നന്ദി സജി തദവസരത്തിൽ രേഖപ്പെടുത്തി. കോട്ടയം ജില്ലയിലെ മരങ്ങോലി ആണ് സജിയുടെ ജന്മസ്‌ഥലം. 1990 മുതൽ ഫോട്ടോഗ്രാഫി വീഡിയോഗ്രാഫി മേഖലയിൽ സജീവമാണ്‌ സ്റ്റാർലൈൻ സജി എന്നറിയപ്പെടുന്ന ശ്രീ സെബാസ്റ്റ്യൻ സജി കുര്യൻ. 1991 ജനുവരി 21 ന് കോട്ടയം ജില്ലയിലെ കുറവിലങ്ങാട് സ്റ്റാർലൈൻ സ്റ്റുഡിയോസ് എന്ന പേരിൽ സ്വന്തം സ്‌ഥാപനം തുടങ്ങി. പിന്നീട് എറണാകുളം ജില്ലയിലെ കൂത്താട്ടുകുളത്തും, യുഎസിൽ ഡാളസിലും സ്റ്റാർലൈൻ സ്റ്റുഡിയോയുടെ പ്രവർത്തനം വ്യാപിപ്പിച്ചു.

1935 ൽ സജിയുടെ വല്യപ്പച്ചനായിരുന്ന  എംപി ഫിലിപ്പ് ആണ് ഇടുക്കി ജില്ലയിലെ ആദ്യ ഫോട്ടോ സ്റ്റുഡിയോ ആയ ലോയൽ സ്റ്റുഡിയോ സ്‌ഥാപിച്ചത്‌. അദ്ദേഹം ആയിരുന്നു ഇടുക്കി അണക്കെട്ടിന്റെ നിർമ്മാണത്തിന് മുൻപും, നിർമ്മാണ ഘട്ടത്തിലും പകർത്തിയ കാലം മായ്ക്കാത്ത ചിത്രങ്ങളുടെ ഫോട്ടോഗ്രാഫർ ! ഫോട്ടോഗ്രാഫിയിൽ മൂന്നാം തലമുറക്കാരനായ സെബാസ്റ്റ്യൻ സജിയുടെ മകനും നാലാം തലമുറക്കാരനുമായ നൈൽസ് സെബാസ്റ്റ്യൻ ഇപ്പോൾ ഏഷ്യാനെറ്റ് ന്യൂസിന്റെ ഡാളസ് റീജിയന്റെ ക്യാമറാമാനായി പ്രവർത്തിക്കുന്നു.

ഏഷ്യാനെറ്റ് യുഎസ് വീക്കിലി റൌണ്ട് അപ്പ് ഡാളസ് റീജിയന്റെ പ്രൊഡക്ഷൻ ഹെഡ് & ക്യാമറ ആയും, ഐപിസിഎൻഎ ഡാളസ് ചാപ്റ്ററിന്റെ സെക്രട്ടറി ആയും സജി കുര്യൻ ഇപ്പോൾ പ്രവർത്തിച്ചു വരുന്നു. ഭാര്യ റൂബിയും മക്കളായ നൈജിലും നൈൽസം അടങ്ങുന്നതാണ് സജിയുടെ കുടുംബം. ഫാ. രാജു ഡാനിയേൽ കോർഎപ്പിസ്‌കോപ്പ, ഫാ. ജെയിംസ് നിരപ്പേൽ (ഡാളസ് സെന്റ് തോമസ് ഫൊറോനാ വികാരി), ഹരിദാസ് തങ്കപ്പൻ (ഡാളസ് കേരളം അസോസിയേഷൻ പ്രസിഡന്റ്), ഷാജി രാമപുരം (ഐപിസിഎൻഎ, ഡാളസ് ചാപ്റ്റർ) തുടങ്ങി സാമൂഹിക സാസ്കാരിക രംഗത്തെ നിരവധി പ്രമുഖർ സജിക്ക് ആശസകളും അഭിനന്ദനങ്ങളും അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.