ബീജിങ്: ചൈനയുടെ ടിയാങ്ഗോങ് ബഹിരാകാശ നിലയത്തില്‍ പച്ചക്കറി വിളവെടുപ്പ്. പ്രത്യേകം തയാറാക്കിയ ലാബിലാണ് തക്കാളി, ചീര, സവാള (ഗ്രീന്‍ ഒണിയന്‍) എന്നിവ വിജയകരമായി കൃഷി ചെയ്തത്. ഇവ ഉപയോഗിച്ച് ബഹിരാകാശ യാത്രികര്‍ സലാഡുണ്ടാക്കി കഴിക്കുകയും ചെയ്തു.
ബഹിരാകാശത്തെ സസ്യശാസ്ത്ര പഠനത്തിന്റെ ഭാഗമായാണ് തക്കാളിയും ചീരയും വിളവെടുത്തത്. ബീജിങ്ങിലെ ബഹിരാകാശ ഗവേഷണ പരിശീലന കേന്ദ്രത്തിലും സമാനമായ അന്തരീക്ഷത്തില്‍ പച്ചക്കറികള്‍ കൃഷി ചെയ്തിരുന്നു. ബഹിരാകാശത്ത് വളരുന്ന സസ്യങ്ങള്‍ എങ്ങനെ ഭൂമിയിലേതില്‍നിന്ന് വ്യത്യസ്തമാകുമെന്ന് വിശകലനം ചെയ്യുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഇതിന്റെ ഭാഗമായാണ് ഭൂമിയിലും ബഹിരാകാശത്തും പ്രത്യേക സജ്ജീകരണങ്ങളൊരുക്കി പച്ചക്കറികള്‍ കൃഷി ചെയ്തത്.
സസ്യങ്ങള്‍ക്ക് വെളിച്ചം ഉറപ്പുവരുത്താനായി എല്‍ ഇ ഡി ലൈറ്റ് സജ്ജീകരണം ഉറപ്പുവരുത്തിയാണ് പരീക്ഷണം നടത്തിയത്. മണ്ണുപയോഗിക്കാതെ മറ്റ് പദാര്‍ഥങ്ങള്‍ പ്രയോജനപ്പെടുത്തി നിലമൊരുക്കിയാണ് തക്കാളിയടക്കമുള്ള സസ്യങ്ങളെ പരിപാലിച്ചത്. കഴിഞ്ഞ ജൂണ്‍ മുതലാണ് ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്.
മെയ് അവസാനം മുതല്‍ ചൈനീസ് നിലയത്തിലുണ്ടായിരുന്ന മിഷന്‍ കമാന്‍ഡര്‍ ജിങ് ഹെയിപെങ്, ഗുയി ഹെയിചാവോ, ഷു യാങ്‌സു എന്നിവരാണ് പച്ചക്കറി കൃഷിക്കു നേതൃത്വം നല്‍കിയിരുന്നത്. ആറ് മാസത്തെ വാസത്തിന് ശേഷം മൂന്ന് ചൈനീസ് ബഹിരാകാശ സഞ്ചാരികളും ഒക്ടോബര്‍ 31 ന് ഭൂമിയിലേക്ക് മടങ്ങിയിരുന്നു. അതിനു മുന്നോടിയായി മൂന്ന് പേരടങ്ങുന്ന സംഘം ടിയാന്‍ഗോങ് സ്റ്റേഷന്റെ നിയന്ത്രണം ഏറ്റെടുത്തിരുന്നു.
ദീര്‍ഘകാലം ബഹിരാകാശത്ത് കഴിയേണ്ടി വരുമ്പോഴും ചാന്ദ്ര, ചൊവ്വ ദൗത്യങ്ങള്‍ക്കും ഈ കൃഷിരീതി പ്രയോജനപ്പെടുത്താന്‍ കഴിയുമെന്ന് ചൈനയിലെ ആസ്‌ട്രോനട്ട് റിസര്‍ച്ച് ആന്‍ഡ് ട്രെയിനിംഗ് സെന്ററിലെ ഗവേഷകനായ യാങ് റെന്‍സെ പറഞ്ഞു. ഭൂമിയില്‍ നിന്നു കൊണ്ടുവരുന്നതിനെ മാത്രം ആശ്രയിക്കാതെ ബഹിരാകാശത്തും സ്വന്തം നിലയില്‍ ഉപജീവനം കണ്ടെത്താനുള്ള കഴിവ് വികസിപ്പിച്ചെടുക്കുകയാണ് ഇത്തരം പരീക്ഷണങ്ങളുടെ ലക്ഷ്യം.
2030 ഓടെ മനുഷ്യനെ ചന്ദ്രനിലിറക്കാനുള്ള ശ്രമത്തിലാണ് ചൈന. അടുത്ത ദശകത്തില്‍ ഇന്റര്‍നാഷണല്‍ ലൂണാര്‍ റിസര്‍ച്ച് സ്റ്റേഷന്‍ എന്ന പേരില്‍ ഒരു ഗവേഷണ കേന്ദ്രത്തിന്റെ നിര്‍മ്മാണത്തിന് അടിത്തറയിടാനും ചൈന പദ്ധതിയിടുന്നുണ്ട്. ചന്ദ്രനില്‍ മനുഷ്യന്റെ സ്ഥിരവാസത്തിന്റെ സാധ്യതകള്‍ പരിശോധിക്കുകയാണ് ലക്ഷ്യം.
അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ 2025ല്‍ ചന്ദ്രനില്‍ വീണ്ടും മനുഷ്യനെ ഇറക്കുമെന്നു പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ചൈനയും ഇതിനായുള്ള പരിശ്രമങ്ങള്‍ക്ക് വേഗം കൂട്ടിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.